കേരള സ്റ്റാർട്ടപ്പ് മിഷന്റെ അഞ്ചാമത് സ്റ്റാർട്ടപ്പ് ഉച്ചകോടിയായ ‘ഹഡിൽ ഗ്ലോബൽ’ 16 മുതൽ 18 വരെ തിരുവനന്തപുരത്തു നടക്കും. റൊബോട്ടിക്‌സ്, നിർമിതബുദ്ധി, മെഷീൻ ലേണിങ്‌, ഐ.ഒ.ടി., ഇ-ഗവേണൻസ്, ഫിൻടെക് തുടങ്ങിയ മേഖലകളിൽ നിന്നുള്ള അത്യാധുനിക ഉത്പന്നങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. ഹഡിൽ ഗ്ലോബലിന്റെ ഭാഗമായി നടക്കുന്ന എക്‌സ്‌പോയിൽ നൂറിലധികം പുതിയ കമ്പനികളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കും. നിക്ഷേപ അവസരങ്ങൾക്കായി വിദഗ്‌ധരുമായി സംവദിക്കാനും അവസരമുണ്ടാകും. ചെറുധാന്യങ്ങൾ, പഴങ്ങൾ എന്നിവയിൽ നിന്ന് നിർമിച്ച മൂല്യവർധിത ഉത്പന്നങ്ങൾ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും.


ലീഡർഷിപ്പ് ടോക്‌സ്, ടെക് ടോക്‌സ്, അന്താരാഷ്ട്ര എംബസികൾ, വ്യവസായ വിദഗ്‌ധർ, നിക്ഷേപകർ, വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റുകൾ എന്നിവരുമായുള്ള പാനൽ ചർച്ചകളുണ്ടാകും. പരിപാടിയിൽ അയ്യായിരത്തിൽ അധികം സ്റ്റാർട്ടപ്പുകൾ, 400 എച്ച്.എൻ.ഐ.കൾ, 300 മെന്റർമാർ, 200 കോർപ്പറേറ്റുകൾ, 150 നിക്ഷേപകർ, പ്രഭാഷകർ തുടങ്ങിയവർ പങ്കെടുക്കും. സ്റ്റാർട്ടപ് ഇന്ത്യ, ഹെഡ്സ്റ്റാർട്ട്, ടൈ കേരള, ജി ടെക്, സ്റ്റാർട്ടപ്പ് മിഡിൽ ഈസ്റ്റ്, ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-11-2023

sitelisthead