പേവിഷബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ തെരുവുനായകൾക്ക് സെപ്റ്റംബർ 20 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന വാക്സിനേഷൻ യജ്ഞം നടപ്പാക്കും. ഇതിനായി ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവർക്കു പ്രത്യേക വാഹനങ്ങൾ വാടകയ്ക്കെടുക്കാൻ അനുമതി നൽകും. നിലവിൽ പരിശീലനം ലഭിച്ചിട്ടുള്ള ആളുകളെ ഉപയോഗിച്ചാകും ഡ്രൈവ് ആരംഭിക്കുക. തുടർന്നു കൂടുതൽ പേർക്കു പരിശീലനം നൽകും. കോവിഡ് കാലത്ത് രൂപീകരിച്ച സന്നദ്ധ സേനാംഗങ്ങളിൽ താത്പര്യമുള്ളവർക്കും കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകാനാണു തീരുമാനം. വെറ്ററിനറി സർവകലാശാലയുമായി ചേർന്നു സെപ്റ്റംബറിൽത്തന്നെ 9 ദിവസത്തെ പരിശീലനം നൽകും. തെരുവുനായകളുടെ വാക്സിനേഷൻ പൂർത്തിയാകുന്നതോടെ കടിയേറ്റാലും അപകട സാധ്യത ഒഴിവാക്കാനാകും. വാക്സിൻ എമർജൻസി പർച്ചേസ് നടത്താനുള്ള നടപടി മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കും. ഓറൽ വാക്സിനേഷന്റെ സാധ്യതകളും തേടുന്നുണ്ട്. ഗോവ, ഛണ്ഡിഗഡ് തുടങ്ങിയിടങ്ങളിൽ ഈ രീതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

തെരുവു നായകൾക്കായി പഞ്ചായത്ത്തലത്തിൽ പ്രത്യേക ഷെൽട്ടറുകൾ ആരംഭിക്കും. തെരുവുനായ് ശല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകളിലും ആവശ്യമാണെങ്കിൽ ഷെൽട്ടറുകൾ തുറക്കും. മാലിന്യ നീക്കം യഥാസമയം നടക്കാത്തതു തെരുവുനായ ശല്യം രൂക്ഷമാകുന്നതിനു കാരണമായിട്ടുണ്ട്. മാലിന്യ നീക്കം കൃത്യസമയത്തു നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, കളക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ ഹോട്ടൽ, റസ്റ്ററന്റ്, കല്യാണ മണ്ഡപങ്ങൾ, മീറ്റ് മർച്ചന്റ്സ് തുടങ്ങിയവരുടെ യോഗം വിളിച്ചു ചേർക്കും. വിപുലമായ ജനകീയ ഇടപെടലും ഇതിന്റെ ഭാഗമായി നടപ്പാക്കും. മഴ മാറിയാലുടൻ ഇതു പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ വളർത്തുനായകൾക്കും ഒക്ടോബർ 30നകം വാക്സിനേഷനും ലൈസൻസും പൂർണമാക്കാൻ നടപടിയെടുക്കും. ആവശ്യമെങ്കിൽ പ്രത്യേക ക്യാംപ് സംഘടിപ്പിക്കും. വളർത്തുനായകൾക്കുള്ള ലൈസൻസ് അപേക്ഷ ഐ.എൽ.ജി.എം.എസ്. സിറ്റിസൺ പോർട്ടൽ മുഖേന ഓൺലൈനാക്കും. അപേക്ഷിച്ച് ഏഴു ദിവസത്തിനകം ലൈസൻസ് ലഭിക്കുന്നവിധത്തിലാകും സംവിധാനം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-09-2022

sitelisthead