കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) കാർഷികാധിഷ്ഠിത വ്യവസായങ്ങളെ സഹായിക്കുന്നതിനായി  പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയിൽ, 10 കോടി രൂപ വരെയുള്ള വായ്പകൾ @5% വാർഷിക പലിശയ്ക്ക് ലഭിക്കും. ബഹു. ധനമന്ത്രിയുടെ 2022-23 ബഡ്ജറ്റ് പ്രഖ്യാപന പ്രകാരമാണ് പദ്ധതി. 

കാർഷികാധിഷ്ഠിത ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകൾ, ക്ഷീര-മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, കാർഷികാധിഷ്ഠിത-സ്റ്റാർട്ടപ്പുകൾ, കാർഷികാധിഷ്ഠിത ഉൽപ്പന്നങ്ങളുടെ സംസ്കരണം/ വിപണനം/ വ്യാപാരം, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, വെയർഹൗസുകൾ, ഗോ-ഡൗണുകൾ, കോൾഡ് സ്റ്റോറേജുകൾ, കാർഷികാധിഷ്ഠിത അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തുടങ്ങിയവക്കാണ് വായ്പ. വർഷംതോറും 400 വ്യവസായ സംരംഭങ്ങളെയാണ് ഈ പദ്ധതിയിൽ ലക്ഷ്യമിടുന്നത്.

പുതിയ യൂണിറ്റുകൾ സ്ഥാപിക്കൽ, നിലവിലുള്ള യൂണിറ്റുകളുടെ നവീകരണം, യന്ത്രസാമഗ്രികൾ വാങ്ങൽ, പ്രവർത്തന മൂലധന ആവശ്യങ്ങൾ മുതലായവ ഉൾപ്പെടെ യൂണിറ്റുകളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും വായ്പ നൽകും.  

പദ്ധതി തുകയുടെ 90% വരെ വായ്പ ലഭിക്കും. കുറഞ്ഞ വായ്പ അഞ്ച് ലക്ഷം രൂപയാണ്. 10 കോടി രൂപ വരെയുള്ള വായ്പകൾക്ക് 3% പലിശ ഇളവ് സംസ്ഥാന സർക്കാറും 2% ഇളവ് കെഎഫ് സി യും വഹിക്കും. അങ്ങനെ സംരംഭകർ 5% മാത്രം പലിശ അടച്ചാൽ മതി. രണ്ട് വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ പരമാവധി തിരിച്ചടവ് കാലയളവ് 10 വർഷമായിരിക്കും. 

സംസ്ഥാനത്തെ ഏകദേശം 40 ശതമാനത്തോളം ചെറുകിട ഇടത്തരം വ്യവസായങ്ങളും കാർഷികാധിഷ്ഠിതമായതിനാൽ  മിക്ക സംരഭർക്കും ഈ പദ്ധതി പ്രയോജനപ്പെടുമെന്നു കെഎഫ്സി ചെയർമാനും മാനേജിങ് ഡിറ്റക്ടറുമായ സഞ്ജയ് കൗൾ ഐഎഎസ്  പറഞ്ഞു  

നിലവിൽ വായ്പകളിൽ കെഎഫ് സി പ്രോസസിംഗ് ഫീസിൽ 50% ഇളവും  പ്രഖ്യാപിച്ചിട്ടുണ്ട്. കെഎഫ് സി യുടെ വെബ്‌സൈറ്റിയിൽ ഓൺലൈൻ ആയാണ് വായ്പക്ക് അപേക്ഷിക്കേണ്ടത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-07-2022

sitelisthead