കുടിശ്ശിക ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട് കേരള വാട്ടര്‍ അതോറിറ്റി നടപ്പിലാക്കി വരുന്ന ആംനസ്റ്റി പദ്ധതി സെപ്റ്റംബര്‍ 30 വരെ നീട്ടി. എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കുമായി അവതരിപ്പിച്ചിട്ടുള്ള ആംനെസ്റ്റി പദ്ധതിപ്രകാരം തീര്‍പ്പാക്കുന്ന കണക്ഷനുകള്‍ക്ക്, കുടിശ്ശികത്തുകയുടെ 50 ശതമാനം തുക അടച്ച് കണക്ഷന്‍ നിലനിര്‍ത്താന്‍ കഴിയും. ബാക്കി തുക അടയ്ക്കാന്‍ പരമാവധി ആറു തവണകള്‍ വരെ അനുവദിക്കും. പിഴയും പിഴപ്പലിശയും പരമാവധി ഇളവു ചെയ്ത് കുടിശ്ശിക തീര്‍പ്പാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 

കൂടാതെ കുടിശ്ശികത്തുകയിന്‍മേല്‍ ഒട്ടേറെ ഇളവുകളും അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 30 വരെ, എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആംനെസ്റ്റി പ്രകാരം കുടിശ്ശികകള്‍ തീര്‍പ്പാക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ പരിഗണിക്കാനുള്ള സിറ്റിങ് സെപ്റ്റംബര്‍ 30 വരെയുള്ള എല്ലാ വ്യാഴാഴ്ചകളിലും നടക്കും. 2021 ഡിസംബര്‍ 31 നു മുന്‍പ് മുതല്‍ വാട്ടര്‍ ചാര്‍ജ് കുടിശ്ശിക നിലനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് ആംനെസ്റ്റി പദ്ധതിയില്‍ അപേക്ഷ നല്‍കാം. 

റവന്യു റിക്കവറി നടപടികള്‍ നേരിട്ടുന്ന ഉപഭോക്താക്കള്‍ അപേക്ഷിക്കുന്ന പക്ഷം ആംനെസ്റ്റി സ്‌കീമില്‍ ഉള്‍പെടുത്തുന്നതാണ്. ഈ പദ്ധതിയില്‍ തീര്‍പ്പാക്കിയ തുകയ്ക്കു പുറമെ റവന്യു വകുപ്പിന് അടയ്ക്കാനുള്ള റിക്കവറി ചാര്‍ജ് കൂടി ഉപഭോക്താക്കള്‍ അടയ്‌ക്കേണ്ടി വരും. കോടതി വ്യവഹാരങ്ങളില്‍ ഉള്‍പ്പെട്ട ഉപഭോക്താക്കളുടെ കാര്യത്തില്‍, കേസ് പിന്‍വലിക്കുകയാണെങ്കില്‍ ആംനെസ്റ്റി പദ്ധതിയില്‍ പരിഗണിക്കും.

വാട്ടര്‍ ചാര്‍ജ് കുടിശ്ശികയുടെ പേരില്‍ കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ട ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യഥാര്‍ഥ വാട്ടര്‍ ചാര്‍ജും പിഴയും പ്രതിമാസം അഞ്ചു രൂപ നിരക്കില്‍ അടച്ചാല്‍ കണക്ഷന്‍ പുനഃസ്ഥാപിച്ചു നല്‍കുന്നതാണ്. കാന്‍സര്‍, അവയവമാറ്റ ശസ്ത്രക്രിയ, ഡയാലിസിസ് നടത്തുന്നവര്‍, മാനസിക വെല്ലുവിളി നേരിട്ടന്ന കുട്ടികള്‍ എന്നിവരുള്ള കുടുംബങ്ങള്‍ക്ക് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ വാട്ടര്‍ ചാര്‍ജ് മാത്രം ഈടാക്കി കണക്ഷന്‍ പുനഃസ്ഥാപിച്ചു നല്‍കും.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-08-2022

sitelisthead