ആമുഖം 

സമൂഹത്തിൽ നിലനിൽക്കുന്ന അതി ദാരിദ്ര്യം തുടച്ചുനീക്കാൻ സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികൾ കേരളത്തിൽ നടപ്പാക്കി വരികയാണ്. ആശ്രയ, അഗതി രഹിത കേരളം, വിശപ്പ് രഹിത കേരളം തുടങ്ങി അതിദാരിദ്ര്യം ഇല്ലാതാക്കാൻ സർക്കാർ നേരെത്തെ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് അതിദാരിദ്ര്യ നിർമാർജ്ജന യജഞം കേരളത്തിൽ ആരംഭിച്ചത്. 2021 ജൂലൈ മുതല്‍ 2022 ജനുവരി വരെ നീണ്ടു നിന്ന ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയത്. 

കണക്കുകൾ - ഇന്ത്യൻ പശ്ചാലത്തിൽ

നീതി ആയോഗിന്റെ പ്രഥമ ബഹുമുഖ ദാരിദ്ര്യ സൂചക (എംപിഐ) റിപ്പോർട്ട് (2021) പ്രകാരം, ഇന്ത്യയിലെ ഏറ്റവും കുറവ് ദാരിദ്ര്യമുളള സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. കേരളത്തിന് (0.71 ശതമാനം) പിന്നിലായി, ഗോവ (3.76 ശതമാനം), സിക്കിം (3.82 ശതമാനം), തമിഴ് നാട് (4.89 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് ഉളളത്. കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക് (0.19 ശതമാനം), മാതൃ ആരോഗ്യം (1.73 ശതമാനം), സ്കൂൾ വിദ്യാഭ്യാസം (1.78 ശതമാനം), സ്കൂൾ ഹാജർ നില (0.3 ശതമാനം), ശുചിത്വം (1.86 ശതമാനം) തുടങ്ങി ദാരിദ്ര്യത്തിന്റെ ഒട്ടുമിക്ക മാനദണ്ഡങ്ങളിലും കേരളം കുറഞ്ഞ ശതമാനമാണ് രേഖപ്പെടുത്തിയിട്ടുളളത്. പോഷകാഹാരം, പാചക ഇന്ധനം, ശുചിത്വം, കുടിവെളളം, വൈദ്യുതി, ഭവനം, ആസ്തികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നീ മാനദണ്ഡങ്ങളിൽ വളരെക്കുറച്ച് കുടുംബങ്ങൾ മാത്രമേ പുറത്ത് നിൽക്കുന്നതെന്നും കാണാവുന്നതാണ്. ജില്ലകളിൽ പൂജ്യം ശതമാനത്തോളം ദരിദ്രരോടെ കോട്ടയം മുന്നിൽ നിൽക്കുന്നു. 3.48% ഉളള വയനാടിൽ ആണ് ബഹുമുഖ ദാരിദ്ര്യത്തിന്റെ ഏറ്റവും ഉയർന്ന ശതമാനം കാണിക്കുന്നത്. ദരിദ്രരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായുളള സംസ്ഥാനത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എംപിഐ സൂചികയിൽ നിന്നും പ്രകടമാണ്.

ആരാണ് അതിദരിദ്രർ?

സാമൂഹിക സാമ്പത്തിക ദുർബലത അഥവാ ദാരിദ്ര്യം എന്നത് നിരന്തരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. പൊതുവിൽ ഉള്ള ശേഷികളുടെ അഭാവമാണ് ദാരിദ്ര്യം. എന്നാൽ ഏറ്റവും തീവ്രമായി അത്തരം അവസ്ഥകളെ അഭിമുഖീകരിക്കുന്നവരാണ് അതിദരിദ്രർ. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാലു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്.

ദരിദ്രരെ പൊതുവെ മൂന്നായി തരാം തിരിക്കാം:

അതിദരിദ്രർ 

അതിജീവനത്തിന് ആവിശ്യമായ അടിസ്ഥാന ആവശ്യങ്ങൾ (ഭകഷണം, സുരക്ഷിതമായ താമസം, ആരോഗ്യം, അടിസ്ഥാന വരുമാനം) നേടിയെടുക്കാൻ ആകാത്തവരാണ് അതിദരിദ്രർ. 

ദരിദ്രർ 

അടിസ്ഥാന ആവിശ്യങ്ങളിൽ പലതും നേടിയെടുക്കുന്നതിന് ഇടയ്ക്കിടയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നവർ. ഇവർക്ക് പല അടിസ്ഥാന ആവശ്യങ്ങളും മിക്കപ്പോഴും ലഭ്യമാകുന്നില്ല. 

ദാരിദ്ര്യത്തിന്റെ വക്കിൽ ഉള്ളവർ 

ഇവർക്ക് മിക്കപ്പോഴും അടിസ്ഥാന ആവശ്യങ്ങൾ നേടാൻ ആവുന്നുണ്ടെങ്കിലും പലപ്പോഴും അതിന് കഴിയാതെ പോകുന്നു. 

അതിദാരിദ്ര്യം - വിവിധ മാനദണ്ഡങ്ങൾ 

അടിസ്ഥാന സൗകര്യങ്ങളും, അവകാശങ്ങളും നിറവേറ്റാൻ കഴിയാത്ത ബാഹ്യ സഹായം ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കേണ്ടത്. ഈ വിഭാഗത്തിലുള്ളവരെ സംബന്ധിച്ച് സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശക്തമായ പിന്തുണയില്ലാതെ മുന്നോട്ട് പോകാൻ സാധിക്കില്ല. എന്നാൽ ദരിദ്രരെ സംബന്ധിച്ച് അവരുടെ തൊഴിൽ ശേഷിയും വരുമാനവും വെച്ച് ചുരുങ്ങിയ അളവിലെങ്കിലും മുന്നോട്ട് പോകാൻ സാധിക്കും. അവരെ സഹായിക്കാൻ സർക്കാരിന്റെ പല പദ്ധതികൾക്കും സാധിച്ചിട്ടുണ്ട്. റേഷൻ സംവിധാനങ്ങളും, തൊഴിലുറപ്പു പദ്ധതിയും, ലൈഫ് മിഷൻ പോലുള്ള പദ്ധതികളും ഇതിനു ഉദാഹരണമാണ്. ഈ അടിസ്ഥാന സഹായങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയിൽ നിൽക്കുന്ന അതിദാരിദ്ര്യ വിഭാഗത്തെയാണ് കണ്ടെത്തേണ്ടത്.

അതിദാരിദ്ര്യ നിർമാർജ്ജന യജ്ഞം  

2021 ൽ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ എടുത്ത തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടപ്പാക്കുക എന്നത്. അതിനായി അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ദാരിദ്ര്യവും അതിദാരിദ്ര്യവും തമ്മിൽ വ്യത്യാസമുണ്ട്. നേരെത്തെ ഭക്ഷണത്തെയും അതിൽ നിന്നും കിട്ടുന്ന ഊർജ്ജത്തെയും മാനദണ്ഡമായെടുത്താണ് ദാരിദ്ര്യം കണക്കാക്കിയിരുന്നത്. ആഹാരലഭ്യത എന്ന ഒറ്റ മാനദണ്ഡത്തിൽ നിന്നും മാറി, പാർപ്പിടം, വസ്ത്രം, വിദ്യാഭാസം, ആരോഗ്യം, സേവനലഭ്യത, അടിസ്ഥാന സൗകര്യങ്ങളും, വരുമാനവും, സാമൂഹികക്ഷേമ പരിപാടികളുടെ ലഭ്യത തുടങ്ങിയവ പിന്നീട് കൂട്ടിച്ചേർക്കപെട്ടു. 

അതിദാരിദ്ര്യം തുടച്ചുനീക്കുക എന്ന യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അതിദാരിദ്ര്യ സർവ്വേക്ക് തുടക്കമിടുകയുണ്ടായി. ഭക്ഷണം, വരുമാനം, ആരോഗ്യം, പാർപ്പിടം എന്നീ 4 ഘടകങ്ങളിലെ ഇല്ലായ്മയെ അടിസ്ഥാനമാക്കിയായിരുന്നു അതിദാരിദ്ര നിർണ്ണയ പ്രക്രിയ. നിലവിൽ 1.57 ലക്ഷം ഗുണഭോക്താക്കളാണ് ഈ പദ്ധതിയിൽ ഉള്ളത്.

കണക്കുകൾ - കേരള പശ്ചാത്തലത്തിൽ 

ബഹുതലത്തിലുളള സർവ്വേ പ്രക്രീയയ്ക്ക് ശേഷം സംസ്ഥാനത്ത് 64006 കുടുംബങ്ങളെ (1,03,099 വ്യക്തികൾ) അതിദാരിദ്രരായി കണ്ടെത്തുകയുണ്ടായി. വാർഡുകൾ/ഡിവിഷനുകളിൽ നിന്നും പങ്കാളിത്ത നാമനിർദ്ദേശ പ്രക്രിയ വഴി കണ്ടെത്തിയ 1,18,309 കുടുംബങ്ങളിൽ നിന്നും പ്രാദേശിക സർക്കാർ തലത്തിലെ സബ്കമ്മറ്റികൾ പരിശോധിച്ച് 87,158 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയുണ്ടായി. പ്രസ്തുത വിവരങ്ങൾ MIS-ൽ രേഖപ്പെടുത്തുകയും 87,158 കുടുംബങ്ങളെ ഇതിനായി രൂപകൽപ്പന ചെയ്തിട്ടുളള മൊബൈൽ അപ്പിന്റെ സഹായത്തോടെ ഇന്റർവ്യു ചെയ്യുകയും 20 ശതമാനം സാമ്പിളുകൾ സൂപ്പർ ചെക്കിംഗിന് വിധേയമാക്കുകയും അതിൽനിന്നും 73,747 കുടുംബങ്ങളുടെ മുൻഗണന പട്ടിക തയ്യാറാക്കുകയും ചെയ്യുകയുണ്ടായി. ഈ മുൻഗണന പട്ടിക, ഗ്രാമസഭകൾ പരിശോധിക്കുകയും അർഹതയില്ലാത്ത കുടുംബങ്ങളെ ഒഴിവാക്കി 64006 കുടുംബങ്ങളുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കുകയാണ് ചെയ്തത്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് പ്രകാരം ₹ 158.10 (30/10/2023 പ്രാകാരം) ഇല്ലാത്തവരെ അതിദരിദ്രരായി കണക്കാക്കുന്നു. എന്നാൽ കേരളം മുന്നോട്ട് വെക്കുന്ന മാനദണ്ഡം വരുമാനമായി ബന്ധപ്പെട്ട മാത്രമല്ല, മറിച്ച് മനുഷ്യനായി ജീവിക്കാൻ വിഘാതം സൃഷ്ടിക്കുന്ന എല്ലാ തടസ്സങ്ങളെയും സാമൂഹ്യ സുരക്ഷ കവചം ഒരുക്കുക എന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ്. അതിദരിദ്രരുടെ ലിസ്റ്റിൽ 1735 പേർക്ക് സ്വന്തമായി ഭക്ഷണം ഉണ്ടാകാനുള്ള സൗകര്യമില്ല, 1622 പേർ മാരകരോഗത്തിന്റെ പിടിയിലാണ്. കൂടാതെ ലിസ്റ്റിലുള്ള 68 % പേരും ഒറ്റപ്പെട്ട് താമസിക്കുന്നവരാണ്. അതി ദരിദ്രരിൽ 12763 SC വിഭാഗക്കാരും 3201 ST വിഭാഗക്കാരും, 2737 തീരദേശവാസികളുമാണ്. ഒരു വരുമാാനവും ഇല്ലാത്തവർ, ആരോഗ്യം ഭീഷണിയായി നിൽക്കുന്നവർ, രണ്ടു നേരം ഭക്ഷണം കഴിക്കാൻ കഴിയാത്തവർ, റേഷൻ കിട്ടുന്നുവെങ്കിലും പാകം ചെയ്തു കഴിക്കാൻ കഴിയാത്തവർ, ഇവരെല്ലാമാണ് അതിദരിദ്രരുടെ പട്ടികയിലിടം പിടിച്ചട്ടുള്ളത്.

അതിദാരിദ്ര സർവ്വേ വഴി കണ്ടെത്തിയ 64006 കുടുംബങ്ങളിൽ 75 % പൊതുവിഭാഗത്തിലും, 20 % പട്ടികജാതി വിഭാഗത്തിലും, 5 % പട്ടികവർഗ്ഗ വിഭാഗത്തിലും ഉൾപ്പെടുന്നവരാണ്. ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു എന്നറിയാത്ത വളരെ ചെറിയ ശതമാനം കുടുംബങ്ങളും ഇതിൽ ഉൾപ്പടുന്നുണ്ട്.

സർവ്വേ പ്രകാരം 81 % അതിദരിദ്രർ ഗ്രാമ പഞ്ചായത്തുകളിലും, 15 % മുൻസിപ്പാലിറ്റികളിലും, 4 % കോർപ്പറേഷനുകളിലും വസിക്കുന്നു. ദാരിദ്ര്യത്തിന്റെ ഗ്രാമ മേഖലകളിലെ കേന്ദ്രീകരണത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ജില്ല തിരിച്ച് വിശകലനം ചെയ്യുമ്പോൾ 8553 ദാരിദ്ര്യ കുടുംബങ്ങളുളള മലപ്പുറം ജില്ലയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് (13.4 ശതമാനം). തൊട്ടുപിന്നാലെ തിരുവനന്തപുരം ജില്ലയാണ് (11.4 ശതമാനം). സംസ്ഥാനത്ത് ഏറ്റവും കുറവ് ദരിദ്രർ വസിക്കുന്നത് കോട്ടയം ജില്ലയിലാണ് (1071 കുടുംബങ്ങൾ).

ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം എന്നീ 4 ഇല്ലായ്മ ഘടകങ്ങളെ ആസ്പദമാക്കിയാണ് അതിദരിദ്രരെ കണ്ടെത്തുക എന്ന പ്രക്രിയ പൂർത്തീകരിച്ചത്. സർവ്വേയിലൂടെ കണ്ടെത്തിയ 35 % കുടുംബങ്ങൾ വരുമാനത്തിന്റെ അഭാവവും 24 % കുടുംബങ്ങൾക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും 21 ശതമാനത്തിന് ഭക്ഷണത്തിന്റെ അഭാവവും 15 % കുടുംബങ്ങൾക്ക് പാർപ്പിടത്തിന്റെ അഭാവവും ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

പദ്ധതിയുടെ പ്രയോജനങ്ങൾ 

പദ്ധതിയുടെ ഭാഗമായി 2553 കുടുംബങ്ങള്‍ക്ക് റേഷൻ കാര്‍ഡ്, 3125 പേര്‍ക്ക് ആധാര്‍ കാര്‍ഡ്, 887 പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ, 1281 പേര്‍ക്ക് ആരോഗ്യ ഇൻഷുറൻസ്, 1174 പേര്‍ക്ക് തൊഴിലുറപ്പ് കാര്‍ഡ്, 193 പേര്‍ക്ക് ഭിന്നശേഷി തിരിച്ചറിയൽ കാര്‍ഡ് തുടങ്ങിയവയും പുതുതായി ലഭ്യമാക്കാൻ കഴിഞ്ഞു. 11,340 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നിര്‍മ്മിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 22054 പേര്‍ക്ക് ഇതിനകം ആശുപത്രി സേവനങ്ങള്‍ ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഭക്ഷണവും അല്ലാത്തവര്‍ക്ക് ഭക്ഷ്യകിറ്റും ലഭ്യമാക്കിയിട്ടുണ്ട്. റേഷനും ആരോഗ്യപരിരക്ഷയും വാതില്‍പ്പടിയിൽ ലഭ്യമാക്കാനും പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലാദ്യമായി അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നടന്നുനീങ്ങുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 10-05-2024

ലേഖനം നമ്പർ: 1212

sitelisthead