സാമൂഹിക വികസനത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണ്. സാമൂഹിക നിക്ഷേപത്തിലൂന്നിയ മാനുഷിക വികസനം നടപ്പിലാക്കിയ കേരളം അതിന്റെ പിറവി മുതൽ ഇന്നുവരെ സുസ്ഥിരമായ വികസനമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് പ്രഥമ പരിഗണന നൽകിയ കേരളം, ഇന്ത്യയിലെ പ്രഥമ സമ്പൂർണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നിൽ ദീർഘ നാളത്തെ കഠിനാധ്വാനവും ആസൂത്രണവുമുണ്ട്. ആരോഗ്യ രംഗത്ത് കേരളം അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശംസ നേടിയിട്ടുള്ളതാണ്. കുറഞ്ഞ ശിശു-മാതൃ മരണ നിരക്ക്, ഉയർന്ന ആയുർദൈർഘ്യം, സ്ത്രീ പുരുഷ അനുപാതം തുടങ്ങിയ ആരോഗ്യ സൂചികകളിലെല്ലാം കേരളം ദേശീയ തലത്തിൽ ഒന്നാമതാണ്.
അന്തസ്സ്, സാമൂഹ്യ സാമ്പത്തിക നീതി, തുല്യമായ ധനവിനിയോഗം, പൊതു ഉത്തരവാദിത്വങ്ങള്‍ എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് സാമൂഹിക സാമ്പത്തിക ഉന്നമനത്തിലേക്ക് നീങ്ങുന്നതിൽ സര്‍ക്കാര്‍ പ്രധാന പങ്ക് വഹിക്കുന്നു. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിന്റെയും സാമൂഹിക ക്ഷേമത്തിന്റെയും ഒരു പ്രധാന ചുവടാണിത്. സാമൂഹിക ക്ഷേമ നടപടികൾ എല്ലാവർക്കും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പിന്തുണ നൽകുക എന്നത് മാത്രമല്ല, വിവിധ വകുപ്പുകൾ മുഖേന നടപ്പിലാക്കുന്ന വിശാലവും വൈവിധ്യപൂർണ്ണവുമായ സർക്കാർ പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. ഇവ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും, പ്രത്യേകിച്ച് ദരിദ്രരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ളവയുമാണ്. കൂടാതെ ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, പട്ടിക ജാതിക്കാർ, മുതിർന്ന പൗരന്മാർ, ട്രാൻസ്ജൻഡേഴ്സ്, കുടിയേറ്റ തൊഴിലാളികൾ തുടങ്ങി സമൂഹത്തിൽ അരികുവത്ക്കരിക്കപ്പെട്ട മുഴുവൻ വിഭാഗങ്ങളെയും ഉൾകൊണ്ടുകൊണ്ടുള്ള സാമൂഹിക വികസനമാണ് കേരളം നടത്തുന്നത്. ഇതിനായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നത്.
സാമൂഹ്യക്ഷേമം എന്നത് സംസ്ഥാന സർക്കാരിന്റെ അടിസ്ഥാന പ്രതിബദ്ധതയാണ്. സാമൂഹിക സുരക്ഷയും, ക്ഷേമ പരിപാടികളും നടപ്പിലാക്കുന്നതിന് നേതൃത്വം വഹിക്കുന്നത് സാമൂഹിക നീതി വകുപ്പും വനിതാ ശിശു വികസന വകുപ്പും, ഈ വകുപ്പുകൾക്ക് കീഴിലുള്ള ഏജൻസികളും ചേർന്നാണ്. കേരളത്തിലെ സാമൂഹ്യക്ഷേമ പരിപാടികളെ സ്ഥാപന പരിചരണമെന്നും സാമൂഹിക സഹായ പദ്ധതികള്‍ എന്നും രണ്ടായി തരം തിരിക്കാവുന്നതാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 30-05-2024
ലേഖനം നമ്പർ: 716