ഐ.ടി. അധിഷ്ഠിത തൊഴിലവസരങ്ങളും വികസനവും രാജ്യം ചിന്തിച്ചു തുടങ്ങുമ്പോഴേ അത് പ്രാവർത്തികമാക്കാനുള്ള നടപടികൾ ആരംഭിച്ച സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം ഒരുപോലെ ലഭ്യമാകുവാൻ വിവിധ തരത്തിലുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നത്. 

ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇൻഡ്യ (ഐ.എ.എം.എ.ഐ.)യുടെ 'ഇന്ത്യ ഇന്റർനെറ്റ് 2019' റിപ്പോർട്ട് അനുസരിച്ച് ഇന്റർനെറ്റ് പെനിട്രേഷനിൽ (54%) രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നിരക്കാണ് കേരളത്തിൽ. 69% പെനിട്രേഷനുമായി ദില്ലി എൻ.സി.ആർ. ഒന്നാം സ്ഥാനത്താണ്. കേരളം, തമിഴ്നാട്, ദില്ലി എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്തെ സമൂഹ്യ സാമ്പത്തിക വികസനം മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായി ഐ.ടി. മേഖലയിൽ പ്രത്യക്ഷ പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കേരളത്തെ മികച്ച മുൻനിര ഐ.ടി. കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ 1995-ൽ രാജ്യത്ത് ആദ്യമായി തിരുവനന്തപുരത്ത് ആദ്യ ഐ.ടി. പാർക്കിന് തുടക്കം കുറിച്ചു. സംസ്ഥാനത്തിന്റെ അനവധിയായ ആവശ്യങ്ങൾക്ക് വരും കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിയ്ക്കാൻ 1998-ൽ ഐ.ടി. നയം പ്രഖ്യാപിയ്ക്കുകയും സംസ്ഥാനത്ത് ഐ.ടി.യ്ക്ക് മാത്രമായി ഒരു വകുപ്പ് രൂപീകരിയ്ക്കുകയും തുടർന്ന് 1999-ൽ സംസ്ഥാന ഐ.ടി. മിഷൻ രൂപീകരിയ്ക്കുകയും ചെയ്തു. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷൻ (കെ.എസ്.ഐ.റ്റി.എം.), കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി, ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക്, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.എസ്.ഐ.റ്റി.ഐ.എൽ), ഇന്റർനാഷണൽ സെന്റർഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ (ഐ.സി.ഫോസ്), കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം.), സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) എന്നിവയാണ് സംസ്ഥാനത്ത് വിവര സാങ്കേതിക പദ്ധതികൾ നടപ്പാക്കുന്ന, വിവരസാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രധാന ഏജൻസികൾ.

കേരള സ്റ്റാർട്ട് അപ്പ് മിഷൻ വിവിധ സാങ്കേതിക മേഖലകൾക്കായി സമർപ്പിത സൗകര്യങ്ങളോടെ കൊച്ചിയിൽ 1.80 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിശാലമായ സമുച്ചയമായ ഇന്റഗ്രേറ്റഡ് സ്റ്റാർട്ട് അപ്പ് കോംപ്ലക്സ് 2019 ജനുവരിയിൽ ആരംഭിച്ചു. പൊതുജനങ്ങൾക്ക് വേഗതയുള്ളതും സൗജന്യമായതുമായ ഇന്റർനെറ്റ് സേവനം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലും ഓഫിസ് സമുച്ചയങ്ങളിലും, 222 മത്സ്യബന്ധന ഗ്രാമങ്ങളിലും പൊതു വൈഫൈ സേവനം നൽകി വരുന്നുണ്ട്.

ഇ-ഓഫീസ്

ഓഫീസ് നടപടി ക്രമങ്ങൾ ഇലക്ട്രോണിക് ആയി നടപ്പാക്കുന്നതിലൂടെ ഡിജിറ്റൽ വിനിമയത്തിന്റെ ഗുണഫലങ്ങൾ ഉപയോഗിച്ചു കൊണ്ട് സർക്കാർ ഓഫീസുകൾ പേപ്പർ രഹിത ഓഫീസുകളായി പരിവർത്തനം ചെയ്യുകയും ആശയവിനിമയം വഴി വേഗത്തിൽ തീരുമാനമെടുക്കുന്നതുമാണ് ഇ-ഓഫീസ് ലക്ഷ്യമിടുന്നത്. സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകളിലും 66 ഡയറക്ടറേറ്റുകളിലും/ കമ്മീഷണറേറ്റകളിലും/ മറ്റു ഗവൺമെൻറ് ഓഫീസുകളിലും/ എല്ലാ കളക്ടറേറ്റുകളിലും/ 17 സബ്കളക്ടറേറ്റുകളിലും/ ആർ ഡി ഒ ഓഫീസുകളിലുമായി ഇ-ഓഫീസ് നടപ്പാക്കി കഴിഞ്ഞു. വരും വർഷങ്ങളിൽ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും തുടങ്ങി താഴെ തട്ടുവരെ ഇ-ഓഫീസ് നടപ്പാക്കുന്നതിന് സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. eoffice.kerala.gov.in

ഇ-ഡിസ്ട്രിക്റ്റ്

ദേശീയ ഇ-ഗവേണൻസ് പദ്ധതിക്ക് കീഴിലുള്ള സ്റ്റേറ്റ് മിഷൻ മോഡ് പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്. ജില്ലാതലത്തിൽ ഉയർന്ന അളവിലുള്ള സേവനങ്ങൾ എത്തിക്കുന്നതിനും അക്ഷയ വഴി ഈ സേവനങ്ങളുടെ ഓൺലൈൻ ലഭ്യത പ്രാപ്തമാക്കുന്നതിനും ബാക്ക് എൻഡ് കമ്പ്യൂട്ടറൈസേഷനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 2019-20-ൽ 83,60,940 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 76,30,945 അപേക്ഷകൾ അംഗീകരിക്കുകയും 61,026 അപേക്ഷകൾ നിരസിക്കുകയും ചെയ്തു.

നിലവിൽ സംസ്ഥാനത്തുടനീളം 25 റവന്യൂ സർട്ടിഫിക്കറ്റ് സേവനങ്ങൾ ഇ-ഡിസ്ട്രിക്റ്റ് ലൂടെ ഓൺലൈൻ ആക്കിയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയോ പൊതു പോർട്ടൽ വഴിയോ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാനും ഡിജിറ്റൽ ഒപ്പിട്ട സർട്ടിഫിക്കറ്റുകൾ നേടാനും ഈ സൗകര്യം പൗരന്മാരെ പ്രാപ്തരാക്കുന്നു. ഇ-ഡിസ്ട്രിക്ട് പോർട്ടൽ വഴി 6 കോടിയിലധികം ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. edistrict.kerala.gov.in

കേരള സ്റ്റേറ്റ് സ്പേഷ്യൽ ഡാറ്റ ഇൻഫ്രാസ്ട്രക്ചർ (കെഎസ്ഡിഐ)

പങ്കാളിത്ത പ്രക്രിയയിലൂടെ കേരളത്തിന്റെ വിശദമായ ജീവനുള്ള ഭൂപടം സൃഷ്ടിക്കുകയാണ് മാപത്തോൺ കേരളം ലക്ഷ്യമിടുന്നത്. വിവിധ സന്നദ്ധ സംഘടനകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പൊതുജന പങ്കാളിത്തത്തോടെയും കേരളത്തിലുടനീളം മാപ്പിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ചു. ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് എന്ന സോഫ്റ്റ്വെയർ (ഫോസ്), പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ജിയോപോർട്ടൽ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറുമായി (ഇക്ഫോസ്)ചേർന്ന് സംയുക്തമായി വികസിപ്പിച്ചെടുത്തു. opensdi.kerala.gov.in

അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങൾ

കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വർക്ക് (കെസ്വാൻ), സെക്രട്ടേറിയറ്റ് വൈഡ് ഏരിയ നെറ്റ് വർക്ക്(സ്വാൻ), സ്റ്റേറ്റ് ഡാറ്റ സെന്റർ, സ്റ്റേറ്റ് സർവ്വീസ് ഡെലിവറി ഗേറ്റ് വേ(എസ്എസ്ഡിജി) എന്നിവയാണ് സംസ്ഥാനത്തെ ഇ-ഗവേണൻസ് നടപ്പാക്കുന്നതിനുള്ള പ്രധാന അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങൾ.

പൊതുജനങ്ങൾക്ക് വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുകയും സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ ബില്ലുകൾ, നികുതി എന്നിവ അടക്കുവാൻ കഴിയുകയും ചെയ്യുന്ന ഒരു ഏകജാലക സംവിധാനമായ ഫ്രണ്ട്സ് ജനസേവന കേന്ദ്രം 2000-ൽ സംസ്ഥാന സർക്കാർ ആരംഭിച്ചതോടുകൂടി വിവരസാങ്കേതിക വിദ്യയുടെ പ്രയോജനങ്ങൾ നഗരങ്ങളിൽ നിന്ന് കൂടുതൽ ഗ്രാമങ്ങളിലേക്കെത്തി. ഇന്ന് ശരാശരി 1,000-1,050 ആളുകൾ ദിനംപ്രതി 14 ജില്ലകളിലെയും ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങളിൽ സന്ദർശിക്കാറുണ്ട്.

2002-ൽ വിവരസാങ്കേതികവിദ്യ ജനകീയമാക്കുകയും സർക്കാർ സംവിധാനങ്ങൾ ഓൺലൈനായി ജനങ്ങളിലെത്തിക്കുകയും കമ്പ്യൂട്ടർ സാക്ഷരത എല്ലാ പൗരന്മാർക്കും, മുഴുവൻ ഗ്രാമങ്ങളിലും എത്തിയ്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിതമായ അക്ഷയ കേന്ദ്രങ്ങൾ സംസ്ഥാനത്ത് വലിയ സാങ്കേതിക വിപ്ലവമാണ് കൊണ്ട് വന്നത്. ഇ-ഗവേർണൻസിനെക്കുറിച്ചു പൊതുജനങ്ങൾക്ക് കൂടുതൽ അറിയാനും ഐ.ടി. അധിഷ്ഠിത മേഖലകളിൽ താത്പര്യം വർധിക്കാനും അക്ഷയ പ്രോജക്ടിലൂടെ സാധിച്ചു. അക്ഷയ പദ്ധതിയുടെ ഭാഗമായി 2005-ൽ മലപ്പുറം ആദ്യ ഇ-സാക്ഷരത ജില്ലയായി പ്രഖ്യാപിച്ചു. തുടർന്ന് 2008- ജൂണിൽ സംസ്ഥാനത്തെ സമ്പൂർണ്ണ ഇ-സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.  2017-ൽ ഇന്റർനെറ്റ് അടിസ്ഥാനവകാശമായി പ്രഖ്യാപിയ്ക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. നിലവിൽ വിവിധങ്ങളായ സർക്കാർ അപേക്ഷകൾക്കും സർട്ടിഫിക്കറ്റുകൾക്കും ബില്ലുകൾ, നികുതികൾ തുടങ്ങിയ അവടയ്ക്കുന്നതിനുമെല്ലാമുള്ള ഒരു ഏകജാലക സംവിധാനമാന് അക്ഷയ. 7,816 പേർക്ക് തൊഴിൽ നൽകിക്കൊണ്ട് സംസ്ഥാനത്തുടനീളം 2,692 അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിയ്ക്കുന്നുണ്ട്.

2021-ൽ വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളും അപേക്ഷകളും ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഇ-സേവനം പോർട്ടലിനും എം-സേവനം മൊബൈൽ ആപ്പ്ളിക്കേഷനും തുടക്കം കുറിച്ചു. ഇന്ന് ഇ-സേവനം വഴി  60-ലധികം വകുപ്പുകളുടെ 835 സർക്കാർ സേവനങ്ങൾ ഓൺലൈനായി നൽകി വരുന്നു. 

ടെക്നോപാർക്ക്

1995-ൽ തിരുവനന്തപുരത്ത് സ്ഥാപിതമായ ടെക്‌നോപാർക്ക് 465 കമ്പനികളിലായി 64000 ഐ.ടി. പ്രൊഫഷണലുകൾ ജോലി ചെയ്യുന്നുണ്ട്. 662.54 ഏക്കറിലാണ് ടെക്‌നോപാർക്ക് സ്ഥിതി ചെയ്യുന്നത്. technopark.org

സൈബർ പാർക്ക്

2009-ൽ കോഴിക്കോട് സൈബർ പാർക്ക് എന്ന പേരിൽ സംസ്ഥാനത്തെ 3-മത്തെ ഐ.ടി. പാർക്ക് സ്ഥാപിതമായി. 45 ഏക്കർ കാമ്പസ്സിൽ 3 ലക്ഷം ചതുരശ്ര അടിയിൽ 52 ഐടി കമ്പിനികളിലായി 1000-ത്തിൽ അധികം പേർ ജോലി ചെയ്യുന്നുണ്ട്. cyberparkkerala.org

ഇൻഫോപാർക്ക്

2004-ൽ കൊച്ചിയിൽ സ്ഥാപിതമായ ഇൻഫോപാർക്ക് 323 ഏക്കറിലായി 9.2 മില്യൺ ചതുരശ്ര അടിയിൽ 427-ൽ അധികം കമ്പിനികളിലായി 51000-ൽ അധികം പേർ ജോലിചെയ്യുന്നുണ്ട്. infopark.in
 
കെ ഫോൺ

സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവുമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റവർക്ക് (കെ ഫോൺ). ഇതുവഴി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും 30000 ത്തിൽ അധികം ഓഫിസുകളിലും ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്. 52000 കിലോമീറ്റർ ഒപ്റ്റിക് ഫൈബർ നെറ്റ്വർക്കാണ് കെ ഫോൺ സ്ഥാപിയ്ക്കുന്നത്. kfon.kerala.gov.in

ഐ.ടി.  @ സ്‌കൂൾ

2000-ത്തിൽ വിദ്യാഭാസ രംഗത്ത് ഐ.ടി.യുടെ സാധ്യത മുന്നിൽ കണ്ട് ഐ.ടി.  @ സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. എല്ലാ സ്‌കൂളുകളിലും ഐ.ടി.  @ സ്‌കൂളിന്റെ ഇടപെടലിന്റെ ഭാഗമായി ഹൈ സ്പീഡ് ഇന്റർനെറ്റ് സംവിധാനം ഒരുക്കാനും സ്‌കൂളുകൾ ഡിജിറ്റൽ പാഠ്യപദ്ധതിയിലേയ്ക്ക് മാറ്റുവാനും സാധിച്ചട്ടുണ്ട്. മികച്ച കംപ്യൂട്ടർ ലാബുകൾ ഒരുക്കാനും സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളുടെയും സ്‌കൂളുകളുടെയും ഡാറ്റ ശേഖരിയ്ക്കുന്ന സമേതം പോർട്ടൽ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന വിജ്ഞാനകോശമായ സ്കൂൾ വിക്കി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഐ.ടി. @ സ്‌കൂൾന്റെ നേതൃത്വത്തിൽ നടക്കുന്നു. itschool.gov.in

വിക്ടേഴ്‌സ് ചാനൽ

ക്ലാസ് മുറികൾ സ്വീകരണ മുറികളിലേക്കെത്തുന്ന വിക്ടേഴ്‌സ് ചാനൽ ഐ.ടി. @ സ്‌കൂൾന്റെ നേതൃത്വത്തിൽ 2005-ൽ ആരംഭിയ്ക്കുകയും കോവിഡ് കാലത്തുൾപ്പടെ വിദ്യാർത്ഥികൾക്ക് ഫലപ്രദമാവുന്ന തരത്തിൽ ചാനൽ പ്രവർത്തനം തുടരുകയും ചെയ്യുന്നു. 
കേരളത്തിലെ 3.0 ദശലക്ഷം കൂട്ടികൾക്ക് വിവരസാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും, അതോടൊപ്പം ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നൊളജിയിലധിഷ്ഠിതമായ സഹായക പഠനം വിക്ടേഴ്‌സ് വഴി സാധ്യമാക്കുകയും ചെയ്യുന്നു. victers.kite.kerala.gov.in

കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം.)

സംരംഭകത്വ വികസനം, ഇൻകുബേഷൻ പ്രവർത്തനങ്ങൾ എന്നിവ നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസിയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം.). ടെക്നോപാർക്ക് ടെക്നോളജി ബിസിനസ്സ് ഇൻകുബേറ്റർ ആയി അറിയപ്പെട്ടിരുന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം.) ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ നോൺ അക്കാദമിക് ബിസിനസ്സ് ഇൻകുബേറ്ററാണ്. 2007 ലാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്.

കേരളത്തിലെ യുവാക്കളിലും വിദ്യാർത്ഥികളിലുമുള്ള സംരംഭകത്വ കഴിവുകൾ തിരിച്ചറിയുന്നതിനും, വികസിപ്പിക്കുന്നതിനും, കേരളത്തിന്റെ പരമ്പരാഗത മേഖലകളിൽസാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സംരംഭകത്വ വികസന ആവശ്യങ്ങൾ കൈകാര്യം ചെയ്യുക, കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സംസ്ക്കാരത്തിന് അനുയോജ്യമായ തരത്തിലുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കുക, സാങ്കേതിക ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആവശ്യമായ വിപണി കണ്ടെത്തുക, വൈജ്ഞാനിക, ഗവേഷണ വികസന സ്ഥാപനങ്ങളുമായും, വ്യവസായിക സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധം സ്ഥാപിക്കുക, ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വികസിപ്പിക്കുന്ന സാങ്കേതിക വിദ്യകൾ യഥാർത്ഥ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും വേഗത്തിൽ വാണിജ്യവൽക്കരിക്കുന്നതിനും ഒരു വേദി സൃഷ്ടിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

സംരംഭകരുടെ വളർച്ചയ്ക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ ഗവൺമെന്റ് സ്റ്റാർട്ടപ്പ് റാങ്കിംഗ് ആരംഭിച്ചു. നാസ്കോം റിപ്പോർട്ട് അനുസരിച്ച് ഗുജറാത്ത് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ കർണാടകയും കേരളവും മികച്ച പ്രകടനം കാഴ്ചവച്ചു. പ്രത്യേകിച്ചും വനിതാ സംരംഭകർക്കുള്ള സ്ഥാപന പിന്തുണയ്ക്കും സ്റ്റാർട്ടപ്പുകൾക്കായി ശക്തമായ സംരംഭ ഫണ്ടിംഗ് സംവിധാനത്തിനും കേരളം അംഗീകാരം നേടി.

കോവിഡ്-19 കാലയളവിൽ പോലും കേരളത്തിൽ സ്റ്റാർട്ടപ്പുകളുടെ എണ്ണം വർദ്ധിച്ചു. റിട്ടേൺ എമിഗ്രന്റുകളുടെ വർദ്ധനവ്, സംരംഭങ്ങളിലുള്ള യുവാക്കളുടെ താൽപര്യം, സ്റ്റാർട്ടപ്പുകൾക്കായി സർക്കാർ സൗകര്യങ്ങളുടെ നിലവാരം എന്നിവയാണ് ഇതിന് കാരണം. വിവിധ സാങ്കേതിക മേഖലകൾക്കായി പ്രത്യേക സൗകര്യങ്ങളോടെ 1.80 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള വിശാലമായ സമുച്ചയമായ കൊച്ചിയിൽ 2019 ജനുവരിയിൽ കെഎസ്യുഎം ഇന്റഗ്രേറ്റഡ് സ്റ്റാർട്ട് അപ്പ് കോംപ്ലക്സ് ആരംഭിച്ചു. 3100-ൽ അധികം പുതിയ സ്റ്റാർട്ടപ്പുകളിലായി 30000-ത്തിലധികം പേർ ജോലി ചെയ്യുന്നുണ്ട്. startupmission.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 22-05-2024

ലേഖനം നമ്പർ: 662

sitelisthead