സംസ്ഥാനത്തിന്റെ ജനസംഖ്യാ വിവരണം

2011-ലെ ഇന്ത്യയിലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3,34,06,061 ആണ്, അതായത് ഇന്ത്യൻ ജനസംഖ്യയുടെ 2.76 ശതമാനം. കേരളത്തിലെ ആകെ ജനസംഖ്യയിൽ 48 ശതമാനം പുരുഷന്മാരും 52 ശതമാനം സ്ത്രീകളുമാണ്.1.6 പുരുഷന്മാരും 1.74 കോടി സ്ത്രീകളുമുള്ള മൊത്തം ജനസംഖ്യ 3.34 കോടിയുള്ള കേരളത്തിലെ ജനസംഖ്യാ സൂചകങ്ങൾ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.ജനസംഖ്യ സൂചകങ്ങളിൽ കേരളത്തിന്റെ ഉയർന്ന സാമൂഹ്യ വികസനം പ്രതിഫലിക്കുന്നതായി കണക്കുകളിൽ നിന്നും വ്യക്തമാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 2.76% കേരളത്തിലാണ് . ലിംഗാനുപാതത്തിലും സാക്ഷരതാ നിരക്കിലും  (കേരളം 94%, ഇന്ത്യ 74.04%  സംസ്ഥാനം ഒന്നാമതാണ് ,കേരളം1084, ഇന്ത്യ  940). അഖിലേന്ത്യാ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ജനസാന്ദ്രത കൂടുതൽ ആണ്  (കേരളം 860/കി.മീ. ഇന്ത്യ 382/കി.മീ.).  ജനസംഖ്യ വളർച്ചയുടെ കാര്യത്തിൽ കേരളം പിന്നിലാണ് ഇന്ത്യയിൽ ജനസംഖ്യ വളർച്ച 17 .64 ആണ് എന്നാൽ കേരളത്തിലെ ജനസംഖ്യ വളർച്ച നിരക്ക് 4 .91  ആണ്.

ജനസംഖ്യ സൂചകങ്ങൾ 

  കേരളം  ഇന്ത്യ 
ജനസംഖ്യാ  3.34 121.08
ലിംഗാനുപാതം  1084 940
ജനസാന്ദ്രത  860/km2 382/km2
വളർച്ചാനിരക്ക്  4.91 17.64
സാക്ഷരതാ നിരക്ക്  94 74.04

 

കുട്ടികളുടെ ജനസംഖ്യ

2001-ലെ സെൻസസ് പ്രകാരം കുട്ടികളുടെ ജനസംഖ്യ 37,93,146 (11.9 ശതമാനം) ആയിരുന്നത് 2011-ല്‍ 34,72,955 (10.3 ശതമാനം) ആയിട്ടുണ്ട്. കേരളത്തിൽ കുട്ടികളുടെ (0-6 വയസ്സ്) ജനസംഖ്യ കുറഞ്ഞു വരുന്ന പ്രവണതയണ് സെന്‍സസ് ഡാറ്റ കാണിക്കുന്നത്. ദേശീയതലത്തില്‍ 2001-ല്‍ കുട്ടികളുടെ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 15.9 ശതമാനമായിരുന്നത് 2011-ല്‍ 13.5 ശതമാനമായി. 2011 ലെ സെന്‍സസ് പ്രകാരം തമിഴ്നാട് (9.5 ശതമാനം), കര്‍ണ്ണാടക (11.2 ശതമാനം), ആന്ധ്രാപ്രദേശ് (10.2 ശതമാനം) എന്നീ സംസ്ഥാനങ്ങളിലെ കുട്ടികളുടെ അനുപാതം ദേശീയ ശരാശരിയെക്കാള്‍ കുറവാണ്.

 

                                കേരളത്തിൽ കുട്ടികളുടെ ജനസംഖ്യ ശതമാനം

 

 

സാക്ഷരത

2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം (93.91 ശതമാനം). 2001-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ സാക്ഷരതാ നിരക്ക് 90 ശതമാനമായിരുന്നു. കേരള ജനതയില്‍ 96.02 ശതമാനം പുരുഷന്‍മാരും 91.98 ശതമാനം സ്ത്രീകളും സാക്ഷരരാണ്. ദേശീയ തലത്തിൽ 82.14 ശതമാനം പുരുഷന്‍മാരും 65.46 ശതമാനം സ്ത്രീകളും സാക്ഷരരാണ്. ജില്ലകളിൽ സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് 97.2 ശതമാനവുമായി കോട്ടയവും, തൊട്ടുപിന്നില്‍ 96.5 ശതമാനവുമായി പത്തനംതിട്ടയുമാണുള്ളത്. ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്ക് യഥാക്രമം വയനാട്ടിലും (89 ശതമാനം) പാലക്കാടുമാണ് (89.3 ശതമാനം). കേരളത്തിലെ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കായ വയനാട്ടിലെ 89 ശതമാനം പോലും ദേശീയ ശരാശരിയേക്കാൾ മുകളിലാണ്. 2001-ലെ സെൻസസുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ ജില്ലകളിലെയും സാക്ഷരതാ നിരക്കിൽ വര്‍ദ്ധനവ് ഉണ്ടായതായിക്കാണാവുന്നതാണ്

 

സ്ത്രീപുരുഷ അനുപാതം

ജനസംഖ്യയിലെ 1,000 പുരുഷന്മാരിൽ സ്ത്രീകളുടെ എണ്ണമാണ് സ്ത്രീപുരുഷ അനുപാതം. 2001-ലെ സെന്‍സസുമായി താരതമ്യം ചെയ്യുമ്പോള്‍ 2011-ല്‍ കേരളത്തിലെ സ്ത്രീപുരുഷാനുപാതം 26 പോയിന്റ് വര്‍ദ്ധിച്ച് 1084-ല്‍ എത്തി. 1981 മുതൽ 1991 വരെ ഇത് 1,032-ൽ നിന്ന് 1,036 ആയും 2001-ൽ 1,058 ആയും വർദ്ധിച്ചു. സ്ത്രീ പുരുഷ അനുപാതം ഒന്നിന് മുകളിൽ തുടർന്ന് പോകുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളം. 2011-ല്‍ തമിഴ്നാട്ടിൽ സ്ത്രീപുരുഷാനുപാതം 996-ഉം, കര്‍ണ്ണാടകയില്‍ 973-ഉം, ആന്ധ്രാപ്രദേശില്‍ 993-ഉം ദേശീയ തലത്തിൽ 943 -ഉം ആണ്.

കേരളത്തിലെ എല്ലാ ജില്ലകളും പോസിറ്റീവ് സ്ത്രീപുരുഷാനുപാതം കാണിക്കുന്നു എന്നതാണ് സംസ്ഥാനത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. ജില്ലകളില്‍ ഏറ്റവും ഉയര്‍ന്ന സ്ത്രീ പുരുഷാനുപാതം (1,136) കണ്ണൂരും തൊട്ടുപിന്നില്‍ പത്തനംതിട്ടയുമാണ് (1,132). ഏറ്റവും കുറവ് ഇടുക്കിയും (1,006), തൊട്ടു മുകളില്‍ എറണാകുളവുമാണ് (1,027). എല്ലാ ജില്ലകളിലും 1,000-ത്തിന് മുകളിലാണ് സ്ത്രീ-പുരുഷ അനുപാതം. 2001-ല്‍ വയനാടിലെ സ്ത്രീ പുരുഷ അനുപാതം 1,000-ല്‍ താഴെയായിരുന്നു (994). സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ലയായ ഇടുക്കിയും (1,006) ഏറ്റവും ഉയര്‍ന്ന ജില്ലയായ കണ്ണൂരും (1,136) തമ്മില്‍ 130 പോയിന്റിന്റെ അന്തരമാണുള്ളത്.

കുട്ടികളിലെ ആണ്‍-പെണ്‍ അനുപാതം (0-6 വയസ്)

കേരളത്തിൽ കുട്ടികളിലെ ആൺ- പെൺ അനുപാതം (1,000 ആൺകുട്ടികളിൽ പെൺകുട്ടികളുടെ എണ്ണം) 2011- ലെ സെൻസസ് പ്രകാരം 964 ആണ്. 2001 - ലെ സെൻസസ് പ്രകാരം ഇത് 960 ആയിരുന്നു. നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ കുട്ടികളിലെ ആണ്‍-പെണ്‍ അനുപാതം തമിഴ്നാട്ടിൽ 943-ഉം, കര്‍ണ്ണാടകയില്‍ 948-ഉം ആന്ധ്രാപ്രദേശില്‍ 939-ഉം ദേശീയ ശരാശരി 919 ഉം ആണ്. ജില്ലകളിൽ ആൺ- പെൺ അനുപാതത്തിൽ ഏറ്റവും മുന്നില്‍ നിൽക്കുന്നത് പത്തനംതിട്ടയാണ് (976). തൊട്ടുപിന്നിലായി കൊല്ലം (973), കണ്ണൂര്‍ (971) എന്നീ ജില്ലകളാണ്. തൃശ്ശൂരിലാണ് ഏറ്റവും കുറഞ്ഞ അനുപാതം (950). ഏറ്റവും കുറഞ്ഞതും കൂടിയതും തമ്മില്‍ 26 പോയിന്റ് അന്തരമാണുള്ളത്. ഏറ്റവും ഉയര്‍ന്ന ദശാബ്ദ വർദ്ധനവ് കൊല്ലത്തും (13) തൊട്ടുപിന്നിൽ കോഴിക്കോടുമാണ് (10). മറ്റെല്ലാ ജില്ലകളുടെയും ദശാബ്ദമാറ്റം പത്തിൽ താഴെയാണ്.തൃശൂര്‍ (-)8, ഇടുക്കി (-)5, ആലപ്പുഴ (-)5 എന്നീ ജില്ലകളില്‍ കുട്ടികളിലെ ആണ്‍-പെണ്‍ അനുപാതത്തില്‍ ദശാബ്ദ വളര്‍ച്ച പൂജ്യത്തിനും താഴെയാണ്.

പ്രായവിഭാഗ അനുപാതം

കഴിഞ്ഞ അമ്പത് വർഷത്തിനിടയിലെ കേരളത്തിലെ ജനസംഖ്യാപരമായ മാറ്റം ശ്രദ്ധേയമാണ്. 0-14 പ്രായ വിഭാഗത്തിലുള്ള ജനസംഖ്യ 1961-ല്‍ 43 ശതമാനമായിരുന്നത് 2011-ല്‍ 23.4 ശതമാനമായി കുറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യതയും, ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചതും കാരണം 60 വയസ്സിനു മുകളിലുള്ളവരുടെ അനുപാതം, 1961-ൽ 5 ശതമാനം ആയിരുന്നത് 2011-ൽ 12.7 ശതമാനം ആയി വർദ്ധിച്ചു. ദേശീയ തലത്തിൽ, ജനസംഖ്യയുടെ 29.5 ശതമാനം 0-14 വയസ്സിനിടയിലും 62.5 ശതമാനവും 15-59 വിഭാഗത്തിലും 8 ശതമാനം 60 വയസ്സിന് മുകളിലുള്ളവരുമാണ്.ഈ പ്രവണത തുടരുകയാണെങ്കിൽ, 0-14 വയസ്സിനിടയിലുള്ള ജനസംഖ്യയുടെ അനുപാതം കുറഞ്ഞുവരുന്നതിനാൽ, തൊഴിൽ ചെയ്യുന്ന പ്രായ വിഭാഗത്തിലേക്കുള്ള ജനസംഖ്യയുടെ (15-59) കൂട്ടിച്ചേർക്കൽ സമീപഭാവിയിൽ കുറയും. അതുപോലെ 60 വയസ്സിനു മുകളിലുള്ളവരുടെ വർദ്ധിച്ചുവരുന്ന അനുപാതം സർക്കാരിന് ഉയർന്ന സാമൂഹിക സുരക്ഷാ ബാധ്യതകൾ ഉണ്ടാക്കും.

പ്രായവിഭാഗ വിതരണം (ശതമാനം), കേരളം 1961-2011

 

 

പ്രായവിഭാഗം - ജില്ലാതല അനുപാതം

2011 ലെ സെൻസസ് പ്രകാരം വിവിധ പ്രായക്കാർക്കിടയിലുള്ള ജനസംഖ്യയുടെ ജില്ല തിരിച്ചുള്ള കണക്കുകൾ പട്ടിക 1.2.1-ൽ കൊടുത്തിരിക്കുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 63.9 ശതമാനം തൊഴില്‍ സേനയുള്‍ക്കൊള്ളുന്ന 15-59 പ്രായ വിഭാഗത്തിലും, 23.4 ശതമാനം 0-14 പ്രായ വിഭാഗത്തിലും 12.7 ശതമാനം 60 വയസ്സിന് മുകളില്‍ പ്രായമുള്ള വിഭാഗത്തിലും ഉൾപ്പെടുന്നവരുമാണ്. ജില്ലകളുടെ കാര്യമെടുത്താല്‍ തൊഴില്‍ സേനയുള്‍ക്കൊള്ളുന്ന (15-59) വിഭാഗത്തില്‍ ഏറ്റവും ഉയർന്ന ശതമാനം ഇടുക്കി (66 ശതമാനം) ജില്ലയിലാണ്, ഏറ്റവും കുറവ് മലപ്പുറം (61.4 ശതമാനം) ജില്ലയിലുമാണ്. വയോജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന (60 ഉം അതിന് മുകളിലും) പ്രായ വിഭാഗത്തില്‍ ഉയര്‍ന്ന ശതമാനം പത്തനം തിട്ട (17.9 ശതമാനം) ജില്ലയും, ഏറ്റവും കുറവ് മലപ്പുറം (8.4 ശതമാനം) ജില്ലയിലുമാണ്. അതേ സമയം 0-14 പ്രായ വിഭാഗത്തില്‍ ഉൾപ്പെടുന്നവർ ഏറ്റവും കൂടുതല്‍ മലപ്പുറം (30.2 ശതമാനം) ജില്ലയിലും ഏറ്റവും കുറവ് പത്തനം തിട്ട (19.4 ശതമാനം) ജില്ലയിലുമാണ്.

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 03-06-2022

ലേഖനം നമ്പർ: 567

sitelisthead