നഗര ജനസംഖ്യ 

കേരളത്തിന്റെ വിവിധ മേഖലകളിൽ കാലാനുസൃതമായുണ്ടായ വികസന പ്രവർത്തങ്ങൾ അതിവേഗ നഗരവത്കരണത്തിനു കാരണമായി. ഇരുപതാം നൂറ്റാണ്ടിലെ ആദ്യ സെൻസസിൽ (1901-ൽ) സംസ്ഥാന ജനസംഖ്യ 6.4 ദശലക്ഷം ആയിരുന്നു. ഇതിൽ 5.9 ദശലക്ഷം അതായത് 92.9 ശതമാനം ഗ്രാമീണ മേഖലയിലായിരുന്നു ജീവിച്ചിരുന്നത്. നഗര ജനസംഖ്യ അഞ്ച് ലക്ഷം മാത്രമായിരുന്നു. ഇത് സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 10 ശതമാനത്തിൽ താഴെയായിരുന്നു. നൂറു വർഷത്തിനിടയിൽ മൊത്തം ജനസംഖ്യയിൽ ഗ്രാമീണ ജനതയുടെ അനുപാതം കുറയുകയും 2001-ൽ അത് 74 ശതമാനം ആയിത്തീരുകയും ചെയ്തു. 2011 ലെ സെൻസസിൽ ഗ്രാമീണ, നഗര പ്രദേശങ്ങൾക്കിടയിൽ സംസ്ഥാന ജനസംഖ്യ ഏകദേശം തുല്യമായി വിഭജിക്കപ്പെട്ട അവസ്ഥയിലാവുകയും ചെയ്തു. നിലവിൽ സംസ്ഥാനത്തിന്റെ നഗര ജനസംഖ്യ 159 ദശലക്ഷം ആണ്. ഇത് ആകെ ജനസംഖ്യയിൽ 47.7 ശതമാനമാണ്. അതേ സമയം ഗ്രാമീണ ജനസംഖ്യ 174 ദശലക്ഷം (52.3 ശതമാനം) വുമാണ്. നഗര ജനസംഖ്യയുടെ ദശാബ്ദ വളർച്ചാ നിരക്ക് 2011-ൽ 92.72 ശതമാനമാണ്. രാജ്യത്തെ ഏറ്റവും കൂടുതൽ നഗരവത്കരിക്കപ്പെട്ട സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനമാണ് കേരളത്തിന്. മാത്രവുമല്ല, ദ്രുതഗതിയിൽ നഗരവത്കൃതമാവുന്ന സംസ്ഥാനവും കൂടിയാണ് കേരളം. നഗര ജനസംഖ്യയുടെ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല എറണാകുളമാണ് (68.1 ശതമാനം).

നഗരങ്ങൾ 

2011-ൽ സെൻസസ്  പ്രകാരം നഗരങ്ങളുടെ എണ്ണത്തിൽ  വൻ വർദ്ധനയുണ്ടായി . ഒരു സെൻസസ്സ് ടൗൺ എന്നത് നിയമപരമായി നഗരമായി പ്രഖ്യാപിക്കപ്പെടാത്തതും ജനസംഖ്യ 5,000-ൽ അധികവും ജനസാന്ദ്രത ചുരുങ്ങിയത് ചതുരശ്ര കിലോമീറ്ററിന് 400 വ്യക്തികളും; കാർഷിക മേഖലയ്ക്ക് പുറത്ത് ചുരുങ്ങിയത് 75 ശതമാനം ജനങ്ങൾ  തൊഴിലെടുക്കുന്ന നഗര സ്വഭാവത്തിലെത്തപ്പെട്ടതുമായ പ്രദേശമാണ്. 2011 സെൻസസ് അനുസരിച്ച്, കേരളത്തിൽ 461 സെൻസസ് നഗരങ്ങളും, 59 സ്റ്റാറ്റ്യൂട്ടറി നഗരങ്ങളുമുണ്ട്. 2001 സെൻസസ് കണക്കുകൾ പ്രകാരം ഇവ യഥാക്രമം 99 ഉം 60 ഉം ആയിരുന്നു. ഇതിൽ നിന്നും സെൻസസ് നഗരങ്ങളുടെ എണ്ണത്തിൽ 366 ശതമാനം വളർച്ചയുണ്ടായതായി കാണാം.

സെൻസസ് നഗരങ്ങളുടെ ഈ വർഗ്ഗീകരണം ഗ്രാമീണ ജനസംഖ്യാ വളർച്ച നെഗറ്റീവിലേക്ക് എത്തിക്കുകയുണ്ടായി. 2001, 2011 സെൻസസുകളിൽ നഗര ജനസംഖ്യയുടെ ദശാബ്ദ ജനസംഖ്യാ വളർച്ചാ നിരക്ക് 3.90 ശതമാനമാണ്. ഇത് സംസ്ഥാന ശരാശരിയായ 4.86 ശതമാനം വളർച്ചാ നിരക്കിനേക്കാൾ കുറവുമാണ്. നഗരങ്ങളിലെ ജനസംഖ്യാ വളർച്ചയുടെ ആധാരം നഗരങ്ങളിലേക്കുള്ള കുടിയേറ്റമല്ലെന്നാണ് ഇത് കാണിക്കുന്നത്. സംസ്ഥാനത്ത് നഗര ജനസംഖ്യാ വളർച്ച മുഖ്യമായും സെൻസസ് ടൗണുകളുടെ വർദ്ധനവ് മൂലമാണെന്ന് കാണാം. അത് സംസ്ഥാനത്തെ നഗരവത്കരണത്തിലേക്ക് നയിക്കുകയുണ്ടായി.

പട്ടണങ്ങൾ 

135 പട്ടണങ്ങളുള്ള തൃശൂർ ജില്ലയിലാണ് ഏറ്റവുമധികം പട്ടണങ്ങൾ ഉള്ളത്. ഇത് സംസ്ഥാനത്തെ ആകെ പട്ടണങ്ങളുടെ 25 ശതമാനത്തിലധികമാണ്. ഏകദേശം 60 ശതമാനം പട്ടണങ്ങളും തൃശൂർ, കണ്ണൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. 8 ജില്ലകളിൽ നാഗരിക ജനസംഖ്യ ദശലക്ഷം കടന്നിട്ടുണ്ട്. ഇതിൽ എറണാകുളമാണ് (68.1 ശതമാനം) മുന്നിൽ, തുടർന്ന് തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളും. സംസ്ഥാനത്തെ ആകെ നഗരജനസംഖ്യയുടെ 50 ശതമാനത്തോളം മേൽ നാലു ജില്ലകളിലാണ് വസിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളിൽ ഓരോ സ്റ്റാറ്റ്യൂട്ടറി ടൗണുകളൊഴികെ 2011 സെൻസസിൽ പുതിയതായി പട്ടണങ്ങളൊന്നും രൂപീകൃതമായിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കുറവ് നഗരവാസികളുള്ള ജില്ല വയനാടാണ് (3.8 ശതമാനം). 2001-2011 കാലയളവിൽ നഗര ജനസംഖ്യാ വളർച്ചയുടെ കണക്കെടുത്താൽ ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും നഗര ജനസംഖ്യയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. മലപ്പുറം ജില്ല നഗര ജനസംഖ്യാ വളർച്ചയിൽ ഗണ്യമായ വർദ്ധനവാണ് കാണിക്കുന്നത്, പിന്നിലായി കൊല്ലം, തൃശൂർ, കാസർഗോഡ് എന്നിവയാണ്. വയനാട്ടിലാണ് ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക്. സംസ്ഥാനത്തെ ആകെ ജനസംഖ്യയിൽ മലപ്പുറം, പാലക്കാട് എന്നീ രണ്ട് ജില്ലകളിലാണ് ഗ്രാമീണ ജനസംഖ്യയുടെ 25 ശതമാനത്തോളം വസിക്കുന്നത്. കാസർഗോഡ്, കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ ഗ്രാമീണ ജനസംഖ്യ നഗര ജനസംഖ്യയേക്കാൾ കൂടുതലുള്ളതായും കാണാം. ഇടുക്കിയിലും വയനാട്ടിലും ആകെ ജനസംഖ്യയുടെ 95 ശതമാനത്തിലധികവും ഗ്രാമീണ ജനസംഖ്യയാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 02-06-2022

ലേഖനം നമ്പർ: 569

sitelisthead