ലഹരിക്കെതിരെ നവംബർ 1-ന് വൈകിട്ട് 3 മണിക്ക് സംസ്ഥാനവ്യാപകമായി ലഹരി വിരുദ്ധ ശൃംഖല തീർക്കും. വിദ്യാർഥികളും രക്ഷിതാക്കളും ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും ഗ്രന്ഥശാലകളും വ്യാപാരികളും പൊതുജനങ്ങളുമെല്ലാം ശൃംഖലയിൽ കണ്ണിചേരും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തന്നെ ശൃംഖലയ്ക്കായി കേന്ദ്രീകരിക്കും. ട്രയലിന് ശേഷം കൃത്യം 3 മണിക്ക് തന്നെ ശൃംഖല തീർക്കും. ശേഷം എല്ലാവരും മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുക്കും. ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചിടുന്ന പരിപാടിയും നടക്കും.

വാർഡുകളിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രങ്ങളിലായിരിക്കും പരിപാടി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കലാകായിക താരങ്ങളും ഉൾപ്പെടെയുള്ളവർ ഓരോ പരിപാടിയിലും പങ്കെടുക്കും. ഒക്ടോബർ 6-ന് തുടക്കംകുറിച്ച ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ആദ്യഘട്ട പ്രചാരണത്തിന് ലഹരി വിരുദ്ധ ശൃംഖലയോടെ സമാപനമാകും.

ലഹരി വിരുദ്ധ ശൃംഖലയിൽ ചൊല്ലാനുള്ള പ്രതിജ്ഞ

മാനവരാശിയെ തകർക്കുന്ന മാരക വിപത്താണ് മയക്കുമരുന്ന് എന്ന യാഥാർഥ്യം ഞാൻ തിരിച്ചറിയുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണമായും നശിപ്പിക്കുമെന്നും ഞാൻ മനസിലാക്കുന്നു. ഞാനും എന്റെ സമൂഹവും ലഹരിയിൽ വീഴാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാൻ നടത്തും. 'ജീവിതമാണ് ലഹരി' എന്ന ആശയം എന്റെ ജീവിതത്തിൽ പകർത്തുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവിതത്തിൽ ഈ ആശയം പകർത്തുന്നതിന് ഞാൻ പ്രയത്‌നിക്കുകയും ചെയ്യും. ലഹരിമുക്തനവകേരളം പടുത്തുയർത്തുവാൻ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്നും ഞാൻ ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-10-2022

sitelisthead