പരമ്പരാഗത മത്സ്യബന്ധനത്തിന്റെയും മത്സ്യകൃഷിയുടെയും വർഷമായി 2022, ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ഭാഗമായി മത്സ്യമേഖലയുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി മത്സ്യത്തൊഴിലാളികൾക്കും, മത്സ്യകർഷകർക്കും, പൊതുജനങ്ങൾക്കും വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവർ മുഖേന നടപ്പിലാക്കുന്ന പ്രധാനപദ്ധതികളും സേവനങ്ങളും പരിചയപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള പൊതുവേദിയെന്ന നിലയിൽ മത്സ്യോത്സവം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ആരംഭിച്ചു. ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ  ഭാഗമായി സംഘടിപ്പിക്കുന്ന മേള നവംബർ 18 മുതൽ 21വരെ നടക്കും.

50000 ചതുരശ്രഅടി വിസ്തീർണത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സംസ്ഥാനത്തിന്റെ അകത്തും പുറത്തുമുള്ള വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, ഏജൻസികൾ മുതലായവയുടെ പങ്കാളിത്തം ഉൾക്കൊള്ളിച്ചുകൊണ്ട് അവരുടെ പ്രധാന പ്രവർത്തനങ്ങൾ, നേട്ടങ്ങൾ എന്നിവ മേളയിൽ പ്രദർശിപ്പിക്കും. 

CMFRI , NFDB, CIFT, CIFNET, KUFOS, KSDMA, KCZMA, തുടങ്ങി വിവിധ കേന്ദ്ര/സംസ്ഥാന സ്ഥാപനങ്ങളുടെ നൂറിൽപ്പരം സ്റ്റാളുകൾ  സജ്ജീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കായുള്ള ശിൽപ്പശാല, വനിതകളുടെ സംരംഭകത്വ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള മത്സ്യതൊഴിലാളിവനിത സംഗമം, മത്സ്യകർഷകരുടെ അനുഭവങ്ങളും പ്രശങ്ങളും ചർച്ച  ചെയ്യുന്നതിനുള്ള സംവാദാത്മക സെഷനുകൾ, സ്‌കൂൾ വിദ്യാർഥികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും പരിസ്ഥിതി ബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട് കുട്ടികൾക്കായി കിഡ്‌സ് ഗാല, മറ്റു കലാപരിപാടികൾ, വൈവിധ്യമാർന്ന മത്സ്യവിഭവങ്ങൾ ഉൾപ്പെടുന്ന ഭക്ഷ്യമേള എന്നിവ  മത്സ്യോത്സവം 2022-ന്റെ പ്രധാന ആകർഷണങ്ങളാണ്. 

മൽസ്യത്തൊഴിലാളികളുടെ ആശങ്കകളും അഭിപ്രായവും നൂതന ആശയങ്ങളും അവതരിപ്പിക്കുന്നതിന് പ്രത്യക ചർച്ചാവേദിയും മേളയിലുണ്ടാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-11-2022

sitelisthead