കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയ്ക്ക് (ഐ.ഡി.എസ്.എഫ്.എഫ്.കെ)  26 .8 .2022 തിരുവനന്തപുരത്ത് തിരശ്ശീലയുയർന്നു.  ഓഗസ്റ്റ് 31 വരെ നീളുന്ന മേളയുടെ വേദി കൈരളി, ശ്രീ, നിള തിയേറ്ററുകളാണ്.

44 രാജ്യങ്ങളിൽ നിന്നുള്ള 261 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 1200 ലേറെ പ്രതിനിധികളും ചലച്ചിത്രപ്രവർത്തകരായ 250 ഓളം അതിഥികളും പങ്കെടുക്കുന്നു. ലോംഗ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, കാമ്പസ് ഫിലിംസ് എന്നിവയാണ് മേളയിലെ മത്സര വിഭാഗങ്ങൾ. മത്സര വിഭാഗത്തിൽ 69 ചിത്രങ്ങളാണുള്ളത്. മത്സരേതര വിഭാഗത്തിൽ മലയാളത്തിൽ നിന്നും ഇതര ഭാഷകളിൽ നിന്നുമുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിഭാഗത്തിൽ 56 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. ബെസ്റ്റ് ഓഫ് ദി വേൾഡ് വിഭാഗത്തിൽ വിവിധ അന്താരാഷ്ട്ര മേളകളിൽ അംഗീകാരങ്ങൾ നേടിയ 19 സിനിമകൾ പ്രദർശിപ്പിക്കും. ഇന്ത്യൻ വനിതാ സംവിധായകർ ഐ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമകളുടെ പാക്കേജ് ആയ ഐ-ടേയ്ൽസ് ആണ് മറ്റൊരു ആകർഷണം.  ആർ.പി അമുദൻ ക്യൂറേറ്റ് ചെയ്ത എൻഡേഞ്ചേഡ് ബട്ട് റെസീല്യന്റ് എന്ന പാക്കേജ്, ഫെർണാണ്ടോ സൊളാനസിന്റെ അവസാന ചിത്രം, തർക്കോവ്‌സ്‌കിയെക്കുറിച്ച് മകൻ സംവിധാനം ചെയ്ത ഡോകുമെന്ററി എന്നിവ മേളയുടെ മാറ്റ് കൂട്ടും.

മികച്ച ലോംഗ് ഡോക്യുമെന്ററിക്ക് രണ്ട് ലക്ഷം രൂപയും ഷോർട്ട് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. മികച്ച ഹ്രസ്വചിത്രത്തിന് രണ്ട് ലക്ഷം രൂപ ലഭിക്കും. കേരളത്തിൽ നിർമിച്ച മികച്ച ക്യാമ്പസ് ചിത്രത്തിന് അര ലക്ഷമാണ് സമ്മാനം.മേളയുടെ രജിസ്‌ട്രേഷൻ ഓൺലൈൻ ആയും നേരിട്ടും നടത്താം. ഡെലിഗേറ്റ് പാസിന് 400 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ്.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-08-2022

sitelisthead