സോളാറും കാറ്റാടിയും സംയോജിപ്പിച്ചുള്ള സംസ്ഥാനത്തെ ആദ്യ സോളാർ–വിൻഡ് മൈക്രോ ഗ്രിഡ്‌ വൈദ്യുത പദ്ധതി മുഖേന സൈലന്റ്‌വാലി ദേശീയോദ്യാനത്തിലെ താഴേതുടുക്കി ആദിവാസി ഊരിൽ വെളിച്ചമെത്തിക്കും. താഴെതുടുക്കി ആദിവാസി ഊരിലെ കുറുമ്പ വിഭാഗത്തിലെ 44 കുടുംബത്തിനും അങ്കണവാടിക്കും മുഴുവൻ സമയവും സൗജന്യ വൈദ്യുതി ലഭ്യമാക്കുന്നതാണ്‌ പദ്ധതി. ₹ ഒന്നരക്കോടി ചെലവിലാണ്‌ പദ്ധതി അനെർട്ട്‌ യാഥാർഥ്യമാക്കിയത്‌. 

ഊരിനടുത്ത്‌ കേന്ദ്രീകൃത സോളാർ–- വിൻഡ് ഹൈബ്രീഡ്‌ മൈക്രോ ഗ്രിഡ്‌ പവർ പ്ലാന്റ്‌സ്ഥാപിച്ചാണ്‌ വൈദ്യുതി എത്തിച്ചത്‌. 45 കിലോവാട്ട്‌ വൈദ്യുതി സോളാറിൽനിന്നും 5 കിലോവാട്ട്‌ കാറ്റിൽനിന്നും ഉത്പ്പാദിപ്പിക്കുന്നു. പകൽ സോളറിൽനിന്നും രാത്രി ചാർജ്‌ ചെയ്‌ത ബാറ്ററിയിൽ നിന്നുമാണ് വൈദ്യുതി എത്തിക്കുക. ഇത്‌ ഓട്ടോമാറ്റിക്‌ സംവിധാനം വഴി നിയന്ത്രിക്കും. ഓരോ വീടിനും 4 ബൾബും ചാർജിങ്‌ സോക്കറ്റും നൽകുകയും ഊരിൽ വൈദ്യുതിവേലിയും  15 വഴിവിളക്ക് സ്ഥാപിക്കുകയും  ചെയ്തു. പൊതുകേന്ദ്രത്തിൽ ടിവി സ്ഥാപിക്കുന്നതിന് പുറമെ പുറമെ സമൂഹ അടുക്കളിയിലും പദ്ധതിയിലൂടെ വെളിച്ചമെത്തിക്കുകയും ചെയ്തു.

മലമുകളിൽ 47 കുടുംബം കഴിയുന്ന മേലേതുടുക്കി, 27 കുടുംബമുള്ള ഗലസി എന്നിവിടങ്ങളിൽ 6 മാസത്തിനകം വൈദ്യുതി എത്തിക്കുന്നതിനുള്ള  തയാറെടുപ്പിലാണ് അനെർട്ട്‌.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-04-2023

sitelisthead