കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മാർച്ച് 4-ന് താപനില 3°c മുതൽ 5°c വരെ ഉയരാൻ സാധ്യതയുണ്ടന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. താപനില 36°c മുതൽ 39°c വരെ ആയേക്കാമെന്നതിനാൽ ജാഗ്രത പാലിക്കണം. 

ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി നൽകുന്ന ജാഗ്രത നിർദേശം

രാവിലെ 11 മുതൽ 3 വരെയുളള സമയത്ത് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കുക. നിർജലീകരണം തടയാൻ പരമാവധി വെള്ളം കുടിക്കുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. 

അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.

നിർമാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ,വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക. 11 മണി മുതൽ 3 മണി വരെ പുറത്തിറങ്ങുന്നവർ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.

അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.

വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ രാവിലെ 11 മുതൽ ഉച്ചക്ക് 3 വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.

ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രക്കിടയിൽ വിശ്രമിക്കാനുള്ള അവസരം നൽകണം.

കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-03-2023

sitelisthead