ഭിന്നശേഷി സമൂഹത്തിന്റെ സർഗാവിഷ്‌കാരങ്ങൾക്ക് പൊതുവേദിയൊരുക്കി അവരെ മുഖ്യധാരയിലേക്ക് ഉയർത്താനും തുല്യനീതി ഉറപ്പാക്കാനുമായി  യൂണിയൻ സാമൂഹിക നീതി ശാക്തീകരണ വകുപ്പും-സംസ്ഥാന സാമൂഹ്യനീതി വകുപ്പുകളും ചേർന്നൊരുക്കുന്ന ആദ്യ ദേശീയ ഭിന്നശേഷി കലോത്സവം സമ്മോഹൻ 25, 26 തീയതികളിൽ തിരുവനന്തപുരത്ത്. ഭിന്നശേഷി ജനതയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ സമൂലമായ മാറ്റം വരുത്താനും, സഹതാപത്തിനു പകരം അവരെ ചേർത്തുപിടിക്കാനും സമൂഹത്തെ പ്രേരിപ്പിക്കുകയുമാണ് കലോത്സവം ലക്ഷ്യമിടുന്നത്. 12 സംസ്ഥാനങ്ങളിൽ നിന്നായി 1,700 ഓളം ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും കലോത്സവത്തിൽ പങ്കെടുക്കും. കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്കിലെ ഡിഫറന്റ് ആർട്ട് സെന്ററിൽ ഒരേ സമയം 5 വേദികളിലായാണ് കലോത്സവം. കലോത്സവത്തിൽ രാജ്യത്ത് ഭിന്നശേഷിക്കാർക്കായുള്ള 9 ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളും ഭാഗഭാക്കാകും. 

കലോത്സവത്തിന് മാറ്റുകൂട്ടാൻ കർണാടക, ഒഡീഷ, ഗുജറാത്ത് എന്നിവിടങ്ങളിലെ, ഭിന്നശേഷി മേഖലയിലെ വിശിഷ്ട വ്യക്തികളുടെ കലാപ്രകടനങ്ങളും മെഗാ പരിപാടികളും അരങ്ങേറും. വീൽ ചെയർ ഡാൻസ്, ഒഡീസി സംഘനൃത്തം, ഗുജറാത്തി നൃത്തം, ഡാൻഡിയ നൃത്തം എന്നിവ മേളയുടെ മുഖ്യ ആകർഷണങ്ങളാകും. 

ഭിന്നശേഷി സമൂഹത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ പരിചയപ്പെടുത്തലും, ഭിന്നശേഷി പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ എന്നിവയും ഉണ്ടാവും. ഭിന്നശേഷി മേഖലയിലെ വിദഗ്ദ്ധരുടെ സേവനവും പങ്കാളിത്തവും മേളയിലുണ്ടാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-02-2023

sitelisthead