10 വർഷം മുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവർക്ക് ജൂൺ 14 വരെ ഓൺലൈനായി സൗജന്യമായി പുതുക്കാൻ അവസരം. തിരിച്ചറിയൽ-മേൽവിലാസ രേഖകൾ myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ. 

ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം. ഇതുവരെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകാതിരുന്നവർക്കും നിലവിലുള്ള ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റം വന്നവർക്കും അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴി അപ്‌ഡേറ്റ് ചെയ്യാം.

നവജാതശിശുക്കൾക്കും ആധാർ എൻറോൾ ചെയ്യണം. 5 വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റിന് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും മതി. കുട്ടികളുടെ ബയോമെട്രിക്‌സ് 5 വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണം. 5-ാം വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഏഴു വയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കൂ. അല്ലാത്തപക്ഷം നിർബന്ധിത ബയോമെട്രിക് പുതുക്കലിന് 100 രൂപ ഫീസ് നൽകണം. അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ₹ 50 നൽകി ചെയ്യാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-05-2023

sitelisthead