സ്കൂൾ പഠനയാത്രകൾക്ക് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ മാർ​ഗ്ഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ആരോചക ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനം പഠനയാത്രകൾക്ക് ഉപയോഗിയ്ക്കാൻ പാടില്ല. യാത്രയ്ക്ക് മുൻ‌കൂർ സമ്മതപത്രം കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും മേടിയ്ക്കണം. അനുവദനീയമായ എണ്ണം കുട്ടികളെ വാഹനങ്ങളിൽ പാടുള്ളൂ. യാത്ര തുടങ്ങും മുമ്പ് RTO ജോയിന്റ് RTO എന്നിവരെ വിവരം അറിയിക്കണം. യാത്ര പുറപ്പെടുംമുമ്പ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ വാഹനത്തെക്കുറിച്ചടക്കം വിവരങ്ങൾ അറിയിക്കണം. വാഹന രേഖകൾ യാത്ര പുറപ്പെടും മുമ്പ് സ്കൂൾ അധികൃതർ പരിശോധിച്ച് ഉറപ്പാക്കണം. അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1: 15 ആകണം. രാത്രി 10-നും രാവിലെ 5-നും ഇടയിൽ യാത്ര പാടില്ല.

സ്കൂളുകളിൽ വിദ്യാർത്ഥി കൺവീനറും അദ്ധ്യാപക പ്രതിനിധിയും PTA പ്രതിനിധിയും ഉൾപ്പെട്ട ടൂർ കമ്മിറ്റി രൂപവത്കരിക്കണം. യാത്രകൾ സ്കൂൾ മേലധികാരിയുടെ പൂർണ നിയന്ത്രണത്തിലാകണം. യാത്രാവിവരം ഉപജില്ല-വിദ്യഭ്യാസ ജില്ല-DDE, അടക്കം അധികൃതർക്ക് സമർപ്പിക്കണം. യാത്രയിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ചേരണം.

ഒരു അക്കാദമിക വർഷം പരമാവധി 3 ദിവസമേ പഠനയാത്ര പാടുള്ളൂ. സ്കൂൾ പ്രവൃത്തിദിനമല്ലാത്ത ദിവസവും ഇതിൽ ഉൾപ്പെടുത്തണം. എല്ലാ വിഭാഗത്തിലും പെട്ട കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്നവിധം സ്ഥലങ്ങൾ നിശ്ചയിക്കണം. വിദ്യാർത്ഥികളിൽ നിന്നും അമിതതുക ഈടാക്കരുത്. വിദ്യാഭ്യാസ പ്രാധാന്യമുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും യാത്രയ്ക്ക് തെരഞ്ഞെടുക്കണം. ജലയാത്രകൾ, വനയാത്രകൾ, വന്യമൃഗ സങ്കേതകൾ എന്നിവടങ്ങളിൽ സന്ദർശിക്കുമ്പോൾ മുൻകൂർ അനുമതി നേടണം.

കേരള ടൂറിസം വകുപ്പ് അംഗീകാരം  നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ. അദ്ധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാർത്ഥങ്ങൾ ഉപയോഗിയ്ക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. സ്വകാര്യത ലംഘിക്കുന്ന തരത്തിൽ ചിത്ര-വിഡിയോകൾ പകർത്താനോ പങ്കുവെക്കാനോ പാടില്ല. യാത്ര കഴിഞ്ഞ് റിപ്പോർട്ട് വിദ്യാഭ്യാസ അധികൃതർക്ക് നൽകണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-10-2022

sitelisthead