ഖര-ദ്രവ മാലിന്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തി കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങൾക്ക് ഊന്നൽ നൽകാൻ തദ്ദേശസ്വയംഭരണ വകുപ്പ് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 4 മുതൽ 6 വരെ  എറണാകുളം മറൈൻ ഡ്രൈവിൽ ജെക്‌സ് (ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീസ് (GEx Kerala 23) കോൺക്ലേവ് സംഘടിപ്പിക്കുന്നു.

സംരംഭക സമ്മേളനം, ഇന്നവേറ്റേഴ്‌സ് ഫോറം, ടെക്‌നിക്കൽ സെഷനുകളിൽ പങ്കെടുക്കുന്നതിന് https://gex.suchitwamission.org. ഒരു ദിവസത്തേക്ക് 250 ₹ രജിസ്‌ട്രേഷൻ ഫീസ്, വിദ്യാർഥികൾക്ക് 100 ₹. എൻവയോൺമെന്റെൽ എൻജിനീയറിങ്, എൻവയോൺമെന്റെൽ സയൻസ് വിദ്യാർഥികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട  സർക്കാർ ഏജൻസികളിലെയും നിശ്ചയിക്കപ്പെട്ട പ്രതിനിധികൾക്കും പ്രവേശനം സൗജന്യം. രജിസ്‌ട്രേഷൻ ജനുവരി 30ന് അവസാനിക്കും.

ഇന്ത്യക്കകത്തും, വിദേശത്തുമുള്ള  ഈ മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളും, യന്ത്രോപകരണങ്ങളും, ആശയങ്ങളും അവതരിപ്പിക്കുന്നതിനും, മാലിന്യ സംസ്‌കരണ  സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിച്ച് പൊതു അവബോധം വളർത്തുന്നതിനും അവസരമൊരുക്കുന്ന കോൺക്ലേവിൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ചുരുങ്ങിയത് 10 പ്രതിനിധികളെയെങ്കിലും കോൺക്ലേവിൽ പങ്കെടുപ്പിക്കണം.

ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്, അമൃത് പദ്ധതി, ഇംപാക്ട് കേരള ലിമിറ്റഡ്, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവയുടെ പങ്കാളിത്തം എക്‌സ്‌പോയിലുണ്ടാകും. വലിയ തോതിൽ മാലിന്യം ഉത്പ്പാദിപ്പിക്കുന്ന ഓഡിറ്റോറിയങ്ങൾ, ഷോപ്പിങ് മാളുകൾ, വ്യവസായങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ, കെട്ടിട നിർമാണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾക്കും  വ്യവസായ സംരഭകർക്കും, സ്റ്റാർട്ട് അപ്പ് സ്ഥാപനങ്ങൾക്കും  കോൺക്ലേവിൽ പങ്കെടുക്കുന്നതിന് അവസരമുണ്ട്.

അന്താരാഷ്ട്ര സാങ്കേതിക വിദ്യകൾ, യന്ത്രസംവിധാനങ്ങൾ, സ്വദേശത്തും വിദേശത്തും അംഗീകാരം ലഭിച്ച മികച്ച മാതൃകകൾ, നൂതന ആശയങ്ങൾ എന്നിവ  പരിചയപ്പെടുത്തുന്ന നൂറോളം സ്റ്റാളുകൾ ഒരുക്കും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലൂന്നിയുള്ള സെമിനാറുകൾ, വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പാനൽ ചർച്ചകൾ, സംരഭക സമ്മേളനങ്ങൾ, ഓപ്പൺ ഫോറങ്ങൾ, ടെക്‌നിക്കൽ സെഷനുകൾ, ഹാക്കത്തോൺ, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവയുമുണ്ടാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-01-2023

sitelisthead