വൈജ്ഞാനികമേഖലയെ പരിപോഷിപ്പിക്കുന്നതിനു കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ എൻ. വി. കൃഷ്ണവാര്യർ സ്മാരക വൈജ്ഞാനിക പുരസ്കാരം, കെ. എം. ജോർജ് സ്മാരക ഗവേഷണ പുരസ്കാരം, എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരം എന്നിവക്ക് അപേക്ഷിക്കാം. ഒരു ലക്ഷം രൂപയാണ് ഓരോ വിഭാഗത്തിനും നൽകുന്ന അവാർഡ്‌.

2022 ജനുവരി-ഡിസംബർ മാസത്തിനിടയിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളായിരിക്കണം വൈജ്ഞാനിക അവാർഡിനും വിവർത്തന അവാർഡിനും സമർപ്പിക്കേണ്ടത്. ശാസ്ത്രസാങ്കേതിക വിഭാഗം, ഭാഷാ-സാഹിത്യ പഠനങ്ങൾ, സാമൂഹികശാസ്ത്രം, കല/സംസ്കാരപഠനങ്ങൾ എന്നീ മേഖലകളിൽനിന്നുള്ള ഗ്രന്ഥങ്ങളായിരിക്കും ഈ 2 വിഭാഗങ്ങളിലും അവാർഡിനായി പരിഗണിക്കുക. ഇംഗ്ലീഷ് ഭാഷയിൽനിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് വിവർത്തന പുരസ്കാരത്തിന് പരിഗണിക്കുക. 

2022 ജനുവരിയ്ക്കും ഡിസംബറിനുമിടയിൽ ഏതെങ്കിലും ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് അവാർഡ്‌ ചെയ്യപ്പെട്ട ഡോക്ടറൽ/പോസ്റ്റ് ഡോക്ടറൽ പ്രബന്ധങ്ങളുടെ മലയാള വിവർത്തനമായിരിക്കണം ഗവേഷണ പുരസ്കാരത്തിനുള്ള സമർപ്പണങ്ങൾ. മറ്റുഭാഷകളിൽ സമർപ്പിക്ക പ്പെട്ട പ്രബന്ധങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വേണം സമർപ്പിക്കാൻ. ഗവേഷണപ്രബന്ധങ്ങൾ അംഗീകരിച്ചുവെന്നുള്ള സർവകലാശാലകളുടെ സാക്ഷ്യപത്രംകൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിവിധ സർവകലാശാലകളിൽ നടക്കുന്ന ജ്ഞാനോത്പാദനത്തെ മലയാള ഭാഷയിലേക്ക് എത്തിക്കാനുള്ള ഒരു ഉപാധിയായിക്കൂടിയാണ് പുരസ്കാരം.

അപേക്ഷകൾ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ 2023 ഫെബ്രുവരി 20 വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം. വൈജ്ഞാനിക പുരസ്കാരത്തിനും വിവർത്തന പുരസ്കാരത്തിനും സമർപ്പിക്കുന്ന പുസ്തകങ്ങളുടെ 4 കോപ്പി അയക്കണം. ഗവേഷണ പ്രബന്ധങ്ങളുടെ 4 വീതം പകർപ്പുകളാണ് അയക്കേണ്ടത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-02-2023

sitelisthead