സംസ്ഥാനത്ത് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. പല വാക്സിനുകൾ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകൾ ഒഴിവാക്കാനും വാക്സിനേഷൻ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് വാക്സിനേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. 

വാക്സിനേഷൻ മാർഗനിർദേശങ്ങൾ

· ഒരു മെഡിക്കൽ ഓഫീസറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രമേ വാക്സിനേഷൻ ക്ലിനിക്കോ സെഷനോ നടത്താവൂ. വാക്സിനേഷന് മുമ്പ് എല്ലാ കുട്ടികളുടെയും ആരോഗ്യനില പരിശോധിക്കണം.
· ആ സ്ഥാപനത്തിലെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ മേൽനോട്ടം വഹിക്കണം.
· പരിശീലനം നേടിയ ജിവനക്കാരെ മാത്രമേ വാക്സിനേഷനായി നിയോഗിക്കാവൂ.
· പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കുന്നതിന് മുമ്പ് ഐസ് ലൈൻഡ് റഫ്രിജറേറ്ററിൽ നിന്ന് വാക്സിൻ പുറത്തെടുത്ത് കാരിയറിൽ വയ്ക്കുമ്പോൾ വാക്‌സിന്റെ പേര്, ബാച്ച് നമ്പർ, കാലഹരണ തീയതി, വിവിഎം, വാക്സിൻ വയൽ എന്നിവ പരിശോധിക്കണം.
· വാക്സിനേഷന് മുമ്പ് കുട്ടിയുടെ പ്രായവും വാക്സിനും പരിശോധിച്ചുറപ്പിക്കണം.
· കുത്തിവയ്പ്പിന് മുമ്പും വാക്‌സിന്റെ പേര്, ബാച്ച് നമ്പർ, കാലഹരണപ്പെടുന്ന തീയതി, വിവിഎം എന്നിവ ഉറപ്പാക്കണം.
· വാക്സിനേഷൻ എടുത്ത എല്ലാ കുട്ടികളും ഗർഭിണികളും വാക്സിനേഷൻ കഴിഞ്ഞ് 30 മിനിറ്റെങ്കിലും നിരീക്ഷണത്തിൽ കഴിയണം.
· സർക്കാർ, സ്വകാര്യ ആശുപത്രികൾ ദേശീയ ഇമ്മ്യൂണൈസേഷൻ ഷെഡ്യൂൾ പാലിക്കണം.
· അഴുക്ക് പുരണ്ട ചർമ്മമാണെങ്കിൽ കുത്തിവയ്പ്പിന് മുമ്പ് ആ ഭാഗം വൃത്തിയായി കഴുകണം.
· മുറിവുള്ള ചർമ്മ ഭാഗം ഒഴിവാക്കി അണുബാധയില്ലാത്ത സ്ഥലത്ത് കുത്തിവയ്ക്കണം.
· കുത്തിവയ്പ്പിന് ശേഷം ആ ഭാഗത്ത് തടവരുത്.
· വാക്സിനേഷനായി സിറിഞ്ചുകൾ മുൻകൂട്ടി നിറച്ച് വയ്ക്കരുത്.
· വാക്സിനേഷൻ സെഷനിൽ അണുബാധ നിയന്ത്രണ പ്രോട്ടോകോൾ കർശനമായി പാലിക്കണം.
· വാക്സിന് ശേഷം എഇഎഫ്ഐ (Adverse Event Following Immunization) കേസുണ്ടായാൽ മെഡിക്കൽ ഓഫീസർ മുഖേന ജില്ലാ ആർസിഎച്ച് ഓഫീസർക്ക് റിപ്പോർട്ട് ചെയ്യണം.
· ഈ കേസുകൾ ബന്ധപ്പെട്ട JPHN, PHN, PHNS, മെഡിക്കൽ ഓഫീസർ തുടർ നിരീക്ഷണം നടത്തണം. സിവിയർ, സീരിയസ് കേസുകൾ ജില്ലാതല എഇഎഫ്ഐ കമ്മിറ്റി പരിശോധിച്ച് സംസ്ഥാന തലത്തിൽ റിപ്പോർട്ട് ചെയ്യണം.
· ഇതുസംബന്ധിച്ച പരിശീലനം എല്ലാ വാക്സിനേറ്റർമാർക്കും സൂപ്പർവൈസർമാർക്കും മെഡിക്കൽ ഓഫീസർ ഉറപ്പാക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-02-2024

sitelisthead