കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. യുവകലാകാരന്‍മാരെ തെരഞ്ഞെടുത്ത് രണ്ട് വര്‍ഷത്തേക്ക് ഫെലോഷിപ്പ് നല്‍കി ത്രിതല പഞ്ചായത്തുകളില്‍ കലാപരിശീലനം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ക്ലാസിക്കല്‍ കലകള്‍, അഭിനയ കല, ലളിതകല, ഫോക് ലോര്‍ കലകള്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് ഫെലോഷിപ്പ് നല്‍കുക. എന്നാല്‍ ഈ വിഭാഗങ്ങളില്‍ നിന്നായി 34 ഇനങ്ങള്‍ക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സംസ്ഥാനത്തെ അംഗീകൃത കലാലയങ്ങളില്‍ നിന്നും കലാ വിഷയങ്ങളില്‍ നിശ്ചിത യോഗ്യത നേടിയവര്‍, ഫോക് ലോര്‍ കലാരൂപങ്ങളില്‍ പ്രാവീണ്യമുള്ളവര്‍ നിശ്ചിത പ്രായപരിധി കവിയാത്ത യുവകലാകാരന്മാര്‍ക്കാണ് ഫെലോഷിപ്പ് ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ക്ക് പ്രതിമാസം 10,000 രൂപ ഫെലോഷിപ്പ് ലഭിക്കും. ഇവരെ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും കലാപരിശീലനം നല്‍കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ വിന്യസിക്കും. ഇതിനോടകം ഫെല്ലോഷിപ്പില്‍ കലാപരിശീലനത്തിന് അവസരം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുളളവര്‍ യോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാല്‍ മാര്‍ഗമോ അപേക്ഷ നല്‍കണം. അപേക്ഷകര്‍ കൃത്യമായ ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും നല്‍കണം. ഈ വിവരങ്ങളാണ് അപേക്ഷകരുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കുക. അപേക്ഷയുടെ മാതൃകയും മറ്റ് നിര്‍ദേശങ്ങളും http://www.culturedirectorate.kerala.gov.in ല്‍ ലഭിക്കും. സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം 23 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫെലോഷിപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ച് വരെ 0471-2478193 എന്ന നമ്പറില്‍ ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-07-2022

sitelisthead