മയക്കുമരുന്നിനെതിരെ 2-ാംഘട്ട പ്രചാരണത്തിന്‌ തുടക്കമായി. നവംബർ 14 മുതൽ ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ്‌ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്‌. എക്സൈസ്‌ വകുപ്പും വിമുക്തി മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും 5 മുതൽ 12-ാം ക്ലാസ്‌ വരെയുള്ള കുട്ടികൾക്കായി മലയാളം, ഇംഗ്ലീഷ്‌, കന്നഡ, തമിഴ്‌, ഹിന്ദി ഭാഷകളിലായി 'തെളിവാനം വരയ്ക്കുന്നവർ' ബോധവത്കരണ പുസ്തകം തയാറാക്കിയിട്ടുണ്ട്. വിവിധ ആദിവാസി ഭാഷകളിലും പുസ്തകം തയാറാക്കും. പുസ്തക വിതരണത്തിലൂടെ 65 ലക്ഷം കുടുംബങ്ങളിലേക്ക്‌ ലഹരി വിരുദ്ധ സന്ദേശം എത്തിക്കും. നവംബർ 15-ന് സംസ്ഥാനത്തെ എല്ലാ ക്ലാസിലും ലഹരിവിരുദ്ധ ക്ലാസ്‌ സഭകൾ ചേരും. ഇതിനായി ഒരു പിരിയഡ്‌ ഉപയോഗിക്കും. 

ആദ്യഘട്ട ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കിയ കാര്യങ്ങൾ, രണ്ടാം ഘട്ട ക്യാമ്പയിന്റെ വിവരങ്ങൾ, വിദ്യാർഥികളുടെ അനുഭവങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യും. സ്കൂൾ പാർലമന്റ്‌/കോളേജ്‌ യൂണിയൻ ഈ പ്രവർത്തനത്തിന്‌ നേതൃത്വം നൽകും. സ്കൂൾ/കോളേജ്‌ തലത്തിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ച സംഘടിപ്പിക്കും. ലഹരി മുക്ത ക്യാമ്പസിനായുള്ള മാസ്റ്റർ പ്ലാനിന്റെ തുടക്കമായി ഈ പരിപാടി മാറും. 

പ്രചാരണത്തിനൊപ്പം എക്സൈസും പൊലീസും ശക്തമായ എൻഫോഴ്സ്‌മെന്റ്‌ നടപടികൾ തുടരും. ലോകകപ്പ്‌ ഫുട്ബോൾ ആവേശത്തെയും മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാക്കാനായി സർക്കാർ ആവിഷ്കരിച്ച ഗോൾ ചലഞ്ചിന്‌ 16/11/2022-ന് തുടക്കമാകും. 2 കോടി ഗോളടിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ‌എല്ലാ വിദ്യാലയങ്ങളിലും, പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും, തദ്ദേശ സ്വയംഭരണ വാർഡുകളിലും, കുടുംബശ്രീ യൂണിറ്റുകളിലും, പൊതുസ്ഥലങ്ങളിലും ഗോൾ ചലഞ്ച്‌ നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-11-2022

sitelisthead