അതിക്രമങ്ങളെ അതിജീവിച്ച സ്ത്രീകൾക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കി ആത്മവിശ്വാസത്തോടെ ജീവിതം പുനർനിർമിക്കാനും സ്വയംപര്യാപ്തത കൈവരിക്കാനും ലക്ഷ്യമിട്ട് വനിതാ ശിശുവികസന വകുപ്പ് 'SPEAK UP TO STAND UP' പദ്ധതി നടപ്പാക്കുന്നു. ഗാർഹികാതിക്രമം നേരിടുന്ന സ്ത്രീകൾക്ക് അടിയന്തര സംരക്ഷണം ഉറപ്പാക്കുന്നതിനപ്പുറം, ദീർഘകാല പുനരധിവാസം, സാമൂഹിക പിന്തുണ, വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവയിലേക്കുള്ള പിന്തുണ ശക്തിപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതിജീവിതരുടെ പുനരധിവാസവും സാമ്പത്തിക സ്വാശ്രയത്വവും ഉറപ്പാക്കുന്ന പദ്ധതിയിലൂടെ അവർക്ക് പുതിയ ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കാനും സ്വയംപര്യാപ്തതയിലേക്ക് ഉയരാനും പദ്ധതി സഹായകരമാകും. കേരള പോലീസ് ആവിഷ്‌കരിച്ച 'SPEAK UP' പദ്ധതിയുടെ തുടർച്ചയായി വനിതാ ശിശുവികസന വകുപ്പ്, സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ, കേരള വനിതാ കമ്മിഷൻ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

അതിജീവിതരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സമഗ്ര പുനരധിവാസവും ശാക്തീകരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി വ്യക്തിഗത അതിജീവിത പുനരധിവാസ-ശാക്തീകരണ മാതൃക (Individual Survivor Rehabilitation and Empowerment Model - ISREM) നടപ്പാക്കും. പദ്ധതിയുടെ പിന്തുണ സ്വീകരിക്കാൻ താൽപര്യമുള്ള ഓരോ അതിജീവിതയുടെയും ആവശ്യങ്ങൾ, മുൻഗണനകൾ, താൽപര്യങ്ങൾ, കഴിവുകൾ എന്നിവ വിലയിരുത്തി അവരുടെ പൂർണമായ അറിവോടെയും സമ്മതത്തോടെയും വ്യക്തിഗത അതിജീവിത പുനരധിവാസ പദ്ധതി (Individual Survivor Rehabilitation Plan - ISRP) തയ്യാറാക്കും. ഇതിന്റെ ഭാഗമായി സുരക്ഷിത താമസം, കൗൺസിലിങ്, മാനസിക-സാമൂഹിക പിന്തുണ, സൗജന്യ നിയമസഹായം, തുടർവിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ, നൈപുണ്യ പരിശീലനം, തൊഴിൽ, ഉപജീവന മാർഗങ്ങൾ എന്നിവ ഉറപ്പാക്കും. വനിതാ വികസന കോർപ്പറേഷന്റെ സ്വയംതൊഴിൽ പദ്ധതികളും കുടുംബശ്രീ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി സംരംഭങ്ങൾ ആരംഭിക്കുന്നതിനും സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കുന്നതിനും പിന്തുണ നൽകും. വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാർ, 181 മിത്ര ഹെൽപ്പ് ലൈൻ, സഖി വൺ സ്റ്റോപ്പ് സെന്ററുകൾ എന്നിവയുടെ ഏകോപനത്തിലൂടെ അടിയന്തര സംരക്ഷണം മുതൽ തുടർപുനരധിവാസം വരെയുള്ള സേവനങ്ങൾ ലഭ്യമാക്കും.

പദ്ധതിയുടെ പ്രധാന സമീപനങ്ങൾ

അവബോധത്തിൽ നിന്ന് ഉത്തരവാദിത്തത്തിലേക്ക് (Awareness to Accountability), സംരക്ഷണത്തിൽ നിന്ന് പുനരധിവാസത്തിലേക്ക് (Protection to Rehabilitation),ആശ്രിതത്വത്തിൽ നിന്ന് സ്വയംപര്യാപ്തതയിലേക്ക് (Dependency to Self-Reliance) എന്നിങ്ങനെയുള്ള സമീപനങ്ങളാണ് പദ്ധതിയുടെ അടിസ്ഥാനം. അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ഓരോ സ്ത്രീക്കും സുരക്ഷിതത്വവും അന്തസ്സും സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന സമഗ്രവും തുടർച്ചയായതുമായ സ്ഥാപനതല പിന്തുണ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. അതിജീവിതർക്ക് അതിക്രമങ്ങളുടെ ആഘാതത്തിൽ നിന്ന് മുക്തി നേടി ആത്മവിശ്വാസത്തോടെ ജീവിതം പുനർനിർമിക്കാനും സാമ്പത്തികമായും സാമൂഹികമായും സ്വയംപര്യാപ്തത കൈവരിക്കാനും ആവശ്യമായ പിന്തുണയും അവസരങ്ങളും ഉറപ്പാക്കുന്നു.

വനിതാ ശിശുവികസന വകുപ്പിൻ്റെ പ്രധാന സേവനങ്ങൾ

വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാർ (WPOs), 181 മിത്ര ഹെൽപ്പ്ലെെൻ, സഖി വൺ സ്റ്റോപ്പ് സെൻ്ററുകൾ (OSC) എന്നിവയുടെ ഏകോപനത്തിലൂടെ അതിജീവിതർക്ക് താഴെ പറയുന്ന സേവനങ്ങൾ ഉറപ്പാക്കുന്നു: 

അടിയന്തര സംരക്ഷണവും ഏകോപനവും: 181 വനിതാ ഹെൽപ്പ്ലൈൻ, സഖി വൺ സ്റ്റോപ്പ് സെന്ററുകൾ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ അതിജീവിതർക്ക് സുരക്ഷിതമായ ഇടപെടലുകളും തുടർ സേവനങ്ങളിലേക്കുള്ള ഏകോപിത റഫറൽ സംവിധാനവും ഉറപ്പാക്കുന്നു.

സുരക്ഷിത താമസസൗകര്യം (Shelter): അതിജീവിതർക്കും അവരുടെ കുട്ടികൾക്കും സുരക്ഷിതവും അന്തസ്സുറ്റതുമായ താമസസൗകര്യങ്ങൾ (ഷെൽട്ടർ ഹോമുകൾ /വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ) ലഭ്യമാക്കുന്നതിനുള്ള പിന്തുണ.

വിദഗ്‌ധ കൗൺസിലിംഗും മാനസിക-സാമൂഹിക പിന്തുണയും (Professional Counseling): അതിജീവിതർ നേരിടുന്ന മാനസിക സംഘർഷങ്ങളെ നേരിടുന്നതിനും അവരുടെ ആത്മവിശ്വാസം ശാസ്ത്രീയമായി വീണ്ടെടുക്കുന്നതിനുമായി സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും സേവനം ഉറപ്പുവരുത്തും.

സൗജന്യ നിയമസഹായം (Legal Aid): വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാർ, സഖി വൺ സ്റ്റോപ്പ് സെൻ്ററുകൾ, ജില്ലാ നിയമസേവന അതോറിറ്റി (DLSA) എന്നിവയുടെ സഹകരണത്തോടെ നിയമപ്രകാരമുള്ള സംരക്ഷണത്തിനും ഗാർഹികാതിക്രമ ഉത്തരവുകൾക്കും മറ്റ് നിയമനടപടികൾക്കുമുള്ള സൗജന്യ നിയമസഹായം.

വിദ്യാഭ്യാസവും നൈപുണ്യ വികസനവും (Education & Skilling): പാതിവഴിയിൽ മുടങ്ങിപ്പോയ വിദ്യാഭ്യാസം തുടരാൻ ആഗ്രഹിക്കുന്ന അതിജീവിതർക്ക് അതിനുള്ള സാഹചര്യമൊരുക്കുകയും, KSWDC-യുടെ റീച്ച് (REACH) ഫിനിഷിംഗ് സ്കൂൾ ഉൾപ്പെടെയുള്ള നൈപുണ്യ വികസന സ്ഥാപനങ്ങൾ വഴി തൊഴിലധിഷ്ഠിത പരിശീലനം നൽകുകയും ചെയ്യുന്നു.

ഉപജീവന-സംരംഭകത്വ പിന്തുണ: പരിശീലനം പൂർത്തിയാക്കുന്നവർക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്തുന്നതിനും, സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുന്നതിനായി KSWDC-യുടെ സ്വയംതൊഴിൽ, നൈപുണ്യ വികസന പദ്ധതികളും കുടുംബശ്രീ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമുള്ള പിന്തുണ.

കേരളത്തിലെ തിരഞ്ഞെടുത്ത ജില്ലകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും. തുടർന്ന് പുരോഗതി നിരീക്ഷിച്ച്, വിലയിരുത്തി സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിക്കും. അതിജീവിതർക്ക് ആവശ്യമായ സേവനങ്ങൾ ഏകോപിതമായി ലഭ്യമാക്കുന്നതിനും ജീവിതം പുനർനിർമിക്കുന്നതിനും, സ്വന്തം ഭാവിയെക്കുറിച്ച് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുന്നതിനുമുള്ള, സുസ്ഥിരമായ ഒരു സ്ഥാപനതല പിന്തുണാ സംവിധാനം രൂപപ്പെടുത്തുകയാണ് 'SPEAK UP TO STAND UP' പദ്ധതി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-26 10:28:26

ലേഖനം നമ്പർ: 2151

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo