സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വിനോദവും പ്രായോഗിക അറിവും ലഭ്യമാക്കുന്നതിനായി കുറഞ്ഞ ചെലവിൽ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘വിജ്ഞാന ദർശിനി’ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ചരിത്ര, സാംസ്കാരിക, ശാസ്ത്ര, പ്രകൃതിദത്ത കേന്ദ്രങ്ങൾ സന്ദർശിച്ച് അറിവ് നേടുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്.
സാംസ്കാരിക സ്ഥാപനങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കുന്നതിലൂടെ ക്ലാസ് മുറികളിലെ പഠനത്തെ നേരിട്ടുള്ള അനുഭവങ്ങളുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർത്ഥികൾക്ക് പ്രകൃതിയെയും ശാസ്ത്രത്തെയും ചരിത്രത്തെയും അടുത്തറിയാനും പാഠപുസ്തകങ്ങളിലെ അറിവുകൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാനും ഇത്തരം യാത്രകൾ സഹായകമാകും.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കും സമീപപ്രദേശങ്ങളിലെ ആകർഷണീയ കേന്ദ്രങ്ങളിലേക്കും വിവിധ യാത്രാ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. മറ്റ് ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിനുള്ള ഇൻഡസ്ട്രിയൽ വിസിറ്റ് സൗകര്യവും ലഭ്യമാക്കും.
കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാണ് തിരുവനന്തപുരം ജില്ലയിലെ യാത്രകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികളുടെ പ്രായത്തിനും പഠനവിഷയങ്ങൾക്കും അനുയോജ്യമായ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിലൂടെ വിനോദത്തോടൊപ്പം വിജ്ഞാനവും പ്രായോഗിക പരിചയവും ഉറപ്പാക്കാൻ പദ്ധതിയിലൂടെ സാധിക്കും.
പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക കെഎസ്ആർടിസി ബസുകളാണ് ഉപയോഗിക്കുന്നത്. ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക ബസുകളിൽ ഒരേസമയം 36 വിദ്യാർഥികൾക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. കുറഞ്ഞ ചെലവിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് യാത്രകൾ ക്രമീകരിക്കാനാകും. പഠനത്തിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളും വിജ്ഞാനകേന്ദ്രങ്ങളും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്താം.
യാത്രാ പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും അതത് ജില്ലകളിലെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം നോർത്ത് – 9188619378
തിരുവനന്തപുരം സൗത്ത് – 9188938522
കൊല്ലം – 9188938523
പത്തനംതിട്ട – 9188938524
ആലപ്പുഴ – 9188938525
കോട്ടയം – 9188938526
ഇടുക്കി – 9188938527
എറണാകുളം – 9188938528
തൃശ്ശൂർ – 9188938529
പാലക്കാട് – 9188938530
മലപ്പുറം – 9188938531
കോഴിക്കോട് – 9188938532
വയനാട് – 9188938533
കണ്ണൂർ & കാസർഗോഡ് – 9188938534
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-23 11:08:34
ലേഖനം നമ്പർ: 2126