സംസ്ഥാനത്തെ ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷയും മാനസിക-സാമൂഹിക ക്ഷേമവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ‘സിദ്ധാർത്ഥൻ’ സ്റ്റുഡന്റ് വെൽഫെയർ ആപ്പ് പ്രവർത്തനസജ്ജമായി. റാഗിങ് ഉൾപ്പെടെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സമ്മർദങ്ങൾ, ലഹരി സംബന്ധമായ പ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, വ്യക്തിബന്ധങ്ങളിലെ ബുദ്ധിമുട്ടുകൾ തുടങ്ങിയവയ്ക്ക് സഹായം ലഭ്യമാക്കുന്ന സമഗ്ര വിദ്യാർത്ഥിക്ഷേമ സംവിധാനമാണ് ഈ ആപ്പ്. റാഗിങ്ങിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും, വിദ്യാർഥികൾ ഒറ്റയ്ക്കല്ല, സമൂഹം ഒപ്പമുണ്ടെന്ന ഉറപ്പുമാണ് സിദ്ധാർത്ഥൻ ആപ്പ് മുന്നോട്ട് വെയ്ക്കുന്നത്. റാഗിങ് നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പായാണ് ഈ സംവിധാനം പ്രവർത്തിക്കുക. സംസ്ഥാന സർക്കാരിനുവേണ്ടി കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലാണ് ഈ സംവിധാനത്തിന് രൂപം നൽകിയത്. കേരള ഡിജിറ്റൽ സർവകലാശാലയുടെ സാങ്കേതിക സഹകരണത്തോടെയാണ് ആപ്പ് വികസിപ്പിച്ചത്.
2024 ഫെബ്രുവരിയിൽ കേരളത്തിന് നഷ്ടമായ യുവ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ ഓർമ്മയ്ക്കായാണ് ഈ സംവിധാനത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. സമാനമായ ദുരനുഭവങ്ങൾ മറ്റൊരു വിദ്യാർത്ഥിക്കും ഉണ്ടാകാതിരിക്കുക, ഓരോ വിദ്യാർത്ഥിക്കും സുരക്ഷിതമായ ക്യാമ്പസ് അന്തരീക്ഷം ഉറപ്പാക്കുക എന്നിവയാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. വിദ്യാർഥികൾക്ക് പഠിക്കുന്ന കലാലയങ്ങളുമായി ബന്ധപ്പെട്ട് പരാതികളോ മാനസിക പ്രയാസങ്ങളോ ഉണ്ടായാൽ പേര് വെളിപ്പെടുത്താതെ തന്നെ ആപ്പിൽ സന്ദേശങ്ങൾ അയക്കാം.
റാഗിങ്, ശാരീരികവും മാനസികവുമായ പീഡനങ്ങൾ, ഭീഷണികൾ, അപമാനിക്കൽ തുടങ്ങിയവ നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്വന്തം പേരിലോ സഹപാഠികൾക്കുവേണ്ടിയോ ആപ്പിലൂടെ പരാതി നൽകാം. എഴുത്തായോ ശബ്ദസന്ദേശമായോ വിവരങ്ങൾ കൈമാറാം. പരാതിക്കാരന്റെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനുള്ള സംവിധാനവും ഇതിലുണ്ട്.
വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗവും വിതരണവും തടയുന്നതിനുള്ള തൂഫാൻ സ്ക്വാഡുകളുമായി ആപ്പിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ക്യാമ്പസുകളിൽ ലഹരി വിതരണം ശ്രദ്ധയിൽപ്പെട്ടാലോ ലഹരി ഉപയോഗിക്കാൻ സമ്മർദം നേരിടേണ്ടിവന്നാലോ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആപ്പിലൂടെ വിവരം അറിയിക്കാം. ബന്ധപ്പെട്ട സ്ഥാപനത്തിലെ തൂഫാൻ ടീമിന് പരാതി കൈമാറുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. അറിയിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. ലഹരി ഉപയോഗത്തിന്റെയോ മദ്യത്തിന്റെയോ പിടിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രത്യേക കൗൺസലിങ് സംവിധാനത്തിന്റെ സഹായം തേടാം. ലഹരി വിതരണത്തിനെതിരായ നടപടികൾക്കൊപ്പം ലഹരിയുടെ പിടിയിൽപ്പെട്ട വിദ്യാർത്ഥികളെ അതിൽ നിന്ന് മോചിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും ആപ്പ് സഹായകമാകും.
വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ക്ഷേമവും മുൻനിർത്തി കൗൺസലിങ് സേവനവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീടുവിട്ടുനിൽക്കുന്നതിന്റെ മാനസിക പ്രയാസങ്ങൾ, പഠനസമ്മർദം, മനസ്സിന്റെ തളർച്ച, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, കുടുംബപരമായ ആശങ്കകൾ, ഫീസ് ഉൾപ്പെടെയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങിയവ നേരിടുന്നവർക്ക് സ്വന്തം സ്ഥാപനത്തിലെ കൗൺസിലറുടെ സഹായം തേടാം. ബന്ധപ്പെട്ട കൗൺസലർക്ക് മാത്രമേ ഇത്തരം അപേക്ഷകൾ കാണാൻ കഴിയൂ എന്ന തരത്തിലാണ് സ്വകാര്യത ഉറപ്പാക്കിയിരിക്കുന്നത്.
വിദ്യാർത്ഥികൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിനായി ‘കണക്റ്റ്’ എന്ന സംവിധാനവും ആപ്പിലുണ്ട്. ക്ലബ്ബുകൾ, കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ, മറ്റ് ക്യാമ്പസ് പരിപാടികൾ, ദൈനംദിന സംഭാഷണങ്ങൾ എന്നിവയ്ക്കായി തയ്യാറാക്കിയ ഗ്രൂപ്പുകളിൽ മൊബൈൽ നമ്പർ പങ്കുവയ്ക്കാതെ തന്നെ വിദ്യാർത്ഥികൾക്ക് അംഗങ്ങളാകാം. ക്യാമ്പസ് കൂട്ടായ്മകളിൽ സജീവമായി പങ്കുചേരാനും ഒറ്റപ്പെടൽ ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കും. അടിയന്തര സാഹചര്യങ്ങളിൽ ക്യാമ്പസിലെ പ്രതികരണ സംഘത്തിന്റെ സഹായം ഉടൻ ലഭ്യമാക്കുന്നതിനുള്ള എസ്.ഒ.എസ് സംവിധാനവും ആപ്പിന്റെ ഭാഗമാണ്.
രക്ഷിതാക്കൾക്കും ആപ്പിലൂടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ അറിയിക്കാനും എസ്.ഒ.എസ് സന്ദേശം അയയ്ക്കാനും പരാതികളുടെയും തുടർനടപടികളുടെയും വിവരങ്ങൾ മനസ്സിലാക്കാനും കഴിയും. പരാതികളുടെ തുടർനടപടികൾ ഉറപ്പാക്കുന്നതിനായി സമയബന്ധിതമായ പരാതി പരിഹാര സംവിധാനമാണ് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
രഹസ്യ പിൻ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് തങ്ങളുടെ പരാതിയുടെ പുരോഗതി അറിയാം. ഓരോ പരാതിയും ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിൽ നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹരിക്കണം. സമയപരിധിക്കുള്ളിൽ നടപടി ഉണ്ടായില്ലെങ്കിൽ പരാതി സർവകലാശാല, ജില്ല, സംസ്ഥാന തലങ്ങളിലേക്ക് കൈമാറപ്പെടും. പരാതികളുടെ പരിശോധനയും തീരുമാനങ്ങളും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും സംവിധാനങ്ങളുമാണ് നിർവഹിക്കുന്നത്. ഒരു പരാതിയും നിശ്ശബ്ദമായി അവഗണിക്കപ്പെടാതിരിക്കാനുള്ള സംവിധാനമാണ് ഇതിലൂടെ ഉറപ്പാക്കുന്നത്.
സാങ്കേതികവിദ്യയും ഡിജിറ്റൽ സംവിധാനങ്ങളും വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രയോജനപ്പെടുത്തുന്ന ഈ പദ്ധതി സംസ്ഥാനത്തെ സർവകലാശാലകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് സഹായകരമാകും. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സാങ്കേതിക സംവിധാനങ്ങൾക്കൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തവും അനിവാര്യമാണ്. സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട സമിതികൾ, തൂഫാൻ സ്ക്വാഡുകൾ, കൗൺസലിങ് സംവിധാനങ്ങൾ എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുകയും ആപ്പിലൂടെ ലഭിക്കുന്ന ഓരോ അറിയിപ്പിനും പരാതിക്കും സമയബന്ധിതമായി മറുപടി നൽകുകയും ചെയ്യേണ്ടതുണ്ട്.
വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ ഭയമോ മടിയോ കൂടാതെ പങ്കുവയ്ക്കാനും ആവശ്യമായ സഹായം സമയബന്ധിതമായി ലഭ്യമാക്കാനും കഴിയുന്ന സുരക്ഷിതവും സൗഹൃദപരവുമായ ക്യാമ്പസ് അന്തരീക്ഷം സൃഷ്ടിക്കുകയാണ് ‘സിദ്ധാർത്ഥൻ’ ആപ്പിലൂടെ സംസ്ഥാന സർക്കാർ. സംസ്ഥാനത്തുടനീളം പൂർണ്ണമായി വ്യാപിപ്പിക്കുന്നതിന് മുൻപായി, തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നു. ഔദ്യോഗികമായ നിയമ ചട്ടക്കൂട് രൂപീകരിക്കുന്നതിനും, 'സ്റ്റേറ്റ് ആന്റി-റാഗിംഗ് കമ്മീഷൻ' (State Anti-Ragging Commission) സ്ഥാപിക്കുന്നതിനുമായി, 'സിദ്ധാർത്ഥ് ആന്റി-റാഗിംഗ് ആക്റ്റ്' (Siddharth Anti-Ragging Act) എന്ന കരട് നിയമം സർക്കാർ സജീവമായി പരിഗണിച്ചുവരുന്നു. ഒരു ആശങ്കയുമില്ലാതെ കേരളത്തിലെ ഏതൊരു ക്യാമ്പസിലേക്കും മക്കളെ അയയ്ക്കാൻ മാതാപിതാക്കൾക്ക് സർക്കാർ പകരുന്ന ധൈര്യമായി മാറുകയാണ് സിദ്ധാർത്ഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-05 10:35:26
ലേഖനം നമ്പർ: 2136