ആഭ്യന്തര വകുപ്പിന് ലഭിക്കുന്ന പരാതികളിലെ തുടർനടപടികൾ വേഗത്തിലാക്കുന്നതിനും അവ തത്സമയം നിരീക്ഷിക്കുന്നതിനുമായി രണ്ട് പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കി കേരള പൊലീസ്. പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് വേഗത്തിൽ കൈമാറുക, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ തത്സമയം നിരീക്ഷിക്കുക, നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് എച്ച്.എം. ആക്ട്സ് (HM Acts), ഹോംസ് (HOMeS) എന്നീ സംവിധാനങ്ങൾ നടപ്പാക്കുന്നത്. കേരള പൊലീസിന്റെ സി.സി.ടി.എൻ.എസ്. (CCTNS) വിഭാഗമാണ് ഇവ വികസിപ്പിച്ചത്. പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന പരാതികളുടെ കൈകാര്യം ചെയ്യലും തുടർനടപടികളുടെ നിരീക്ഷണവുമാണ് എച്ച്.എം. ആക്ട്സിന്റെ പ്രധാന പ്രവർത്തനം. സംസ്ഥാനത്തുടനീളമുള്ള കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും വിവിധ അറിയിപ്പുകളും ഏകോപിതമായി ലഭ്യമാക്കുന്നതിനുള്ള ഡാഷ്‌ബോർഡായാണ് ഹോംസ് (HOMeS) സജ്ജീകരിച്ചിരിക്കുന്നത്.

എച്ച്.എം. ആക്ട്സ് (HM Acts)

പരാതികൾ, അപേക്ഷകൾ, പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ എന്നിങ്ങനെ ആഭ്യന്തര മന്ത്രിയ്ക്ക് നേരിട്ട് ലഭിക്കുന്ന ആവശ്യങ്ങളെ കൃത്യമായി രേഖപ്പെടുത്താനും തുടർനടപടികൾക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയയ്ക്കാനും പരാതികളിന്മേൽ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കാനുമുള്ള ഡിജിറ്റൽ പെറ്റീഷൻ മാനേജ്‌മെന്റ് സിസ്റ്റമാണ് എച്ച്.എം. ആക്ട്സ് (Home Minister Acts). പരാതികളുടെ പകർപ്പുകൾ സൂക്ഷിക്കുക എന്നതിലുപരി, മുഴുവൻ തുടർനടപടികൾക്കും ആവശ്യമായ പിന്തുണ നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

ഒരു പരാതി ലഭിച്ചുകഴിഞ്ഞാൽ, അധികാരപ്പെടുത്തിയ ജീവനക്കാർ അതിലെ ആവശ്യമായ വിവരങ്ങൾ എച്ച്.എം. ആക്ട്സിൽ രേഖപ്പെടുത്തുന്നു. വിഷയത്തിന്റെ സ്വഭാവമനുസരിച്ച്, ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് പരാതികളിന്മേൽ 'ആവശ്യമായ നടപടി' (Necessary Action) എന്നോ അല്ലെങ്കിൽ 'നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകുക' (Necessary Action & Report) എന്നോ രേഖപ്പെടുത്തി കേരള പൊലീസിന്റെ കോർ പൊലീസ് ആപ്ലിക്കേഷനായ ഐകോപ്പ്സ് (iCoPS) വഴി ബന്ധപ്പെട്ട ഓഫീസിലേക്ക് പരാതി ഡിജിറ്റലായി കൈമാറും. 

പരാതി ഏത് ഉദ്യോഗസ്ഥന് കൈമാറിയെന്നും അതിൽ മറുപടി ലഭിക്കാനുണ്ടോയെന്നും എച്ച്.എം. ആക്ട്സിലൂടെ നിരീക്ഷിക്കാനാകും. പ്രത്യേക കത്തുകളോ ഫോൺ കോളുകളോ വഴി അന്വേഷിക്കാതെ തന്നെ പരാതിയുടെ പുരോഗതിയും സ്വീകരിച്ച നടപടികളും അറിയാൻ ഇതിലൂടെ സാധിക്കും. തീർപ്പാക്കാനുള്ള പരാതികൾ, ലഭിക്കാനുള്ള റിപ്പോർട്ടുകൾ എന്നിവ കണ്ടെത്തി തുടർനടപടികൾ വേഗത്തിലാക്കാനും സംവിധാനത്തിൽ സൗകര്യമുണ്ട്. ആവശ്യമായ നടപടികൾ പൂർത്തിയാകുമ്പോൾ മറുപടിയും ഫയൽ അവസാനിപ്പിച്ചതിന്റെ വിവരങ്ങളും രേഖപ്പെടുത്തും. ബാധകമായ കേസുകളിൽ ഫയൽ അവസാനിപ്പിച്ച വിവരം ഉൾപ്പെടെയുള്ള അറിയിപ്പുകൾ പരാതിക്കാർക്ക് എസ്.എം.എസ്. മുഖേന ലഭ്യമാക്കുന്നതിനുള്ള സംവിധാനവും എച്ച്.എം. ആക്ട്സിലുണ്ട്.

ഓരോ പരാതിയും കൃത്യമായി രേഖപ്പെടുത്തുക, ബന്ധപ്പെട്ട ഓഫീസിലേക്ക് കൈമാറുക, ആവശ്യമായ നടപടി പൂർത്തിയാകുന്നതുവരെ തുടർനടപടികൾ നിരീക്ഷിക്കുക എന്നിവയാണ് എച്ച്.എം. ആക്ട്സിന്റെ പ്രധാന ലക്ഷ്യങ്ങൾ. പരാതികളിൽ നൽകിയ നിർദേശങ്ങൾ, സ്വീകരിച്ച നടപടികൾ, ലഭിച്ച മറുപടികൾ എന്നിവയുടെ സമഗ്രമായ ഡിജിറ്റൽ രേഖയും ഈ സംവിധാനം ലഭ്യമാക്കും. ഇതിലൂടെ ആഭ്യന്തരമന്ത്രിയുടെ ഓഫീസും സംസ്ഥാനത്തെ വിവിധ പൊലീസ് ഓഫീസുകളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താനും പരാതികളുടെ തീർപ്പാക്കൽ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാനും സാധിക്കും.

ഹോംസ് (HOMeS)

ഹോം ഡിപ്പാർട്ട്‌മെന്റ് ഓപ്പറേഷൻസ്, മോണിറ്ററിങ് ആൻഡ് ഇ-സർവീസസ് (Home Department Operations, Monitoring & eServices) എന്നതിന്റെ ചുരുക്കപ്പേരാണ് ഹോംസ് (HOMeS). ആഭ്യന്തര വകുപ്പിനായി വികസിപ്പിച്ച തത്സമയ കുറ്റകൃത്യ നിരീക്ഷണ ഡാഷ്‌ബോർഡാണ് ഈ സംവിധാനത്തിന്റെ പ്രധാന ഘടകം. തിരഞ്ഞെടുത്ത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലളിതമായും കാലികമായും ആഭ്യന്തരമന്ത്രിക്കും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും ലഭ്യമാക്കുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

വ്യത്യസ്ത സമയങ്ങളിൽ ശേഖരിക്കുന്ന റിപ്പോർട്ടുകളെ മാത്രം ആശ്രയിക്കുന്നതിനുപകരം, ഉദ്യോഗസ്ഥർക്ക് പ്രധാനപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ ഒരു പൊതു സ്ക്രീനിൽ കാണാൻ സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ സിസ്റ്റത്തിൽ രേഖപ്പെടുത്തുന്നതിനനുസരിച്ച് കണക്കുകൾ സ്വയം അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന രീതിയിൽ ഐകോപ്പ്സിൽ (iCoPS) നിന്നാണ് ഈ വിവരങ്ങൾ ലഭ്യമാകുന്നത്.

സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ കണക്കുകൾ പ്രദർശിപ്പിക്കാനും, ജില്ലാ തലത്തിലും പോലീസ് സ്റ്റേഷൻ തലത്തിലും വിവരങ്ങൾ പരിശോധിക്കാനും ഡാഷ്‌ബോർഡ് സഹായകരമാകും. കൊലപാതകം, ഗുരുതരമായ കുറ്റകൃത്യങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ, ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയ്ക്ക് ഈ സംവിധാനം പ്രത്യേക പരിഗണന നൽകുന്നു. കാണാതായ കുട്ടികൾ ഉൾപ്പെടെയുള്ള കുറ്റകൃത്യ വിഭാഗങ്ങളുമായി ബന്ധപ്പെട്ട അലർട്ടുകൾ വഴി പ്രധാനപ്പെട്ട കേസുകൾ ശ്രദ്ധയിൽപ്പെടുത്താനും ഇതിലൂടെ സാധ്യമാണ്. പ്രധാനപ്പെട്ട വിഷയങ്ങളിലേക്ക് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധ ആകർഷിക്കാൻ ഇത്തരം അലർട്ടുകൾ സഹായിക്കും. സാധാരണ അന്വേഷണങ്ങൾക്കോ വ്യക്തിഗത കേസുകളുടെ അവലോകനത്തിനോ പകരമാവുക എന്നതല്ല, മറിച്ച് പൊതുവായ അവബോധത്തെയും നിരീക്ഷണത്തെയും പിന്തുണയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

സെൻസിറ്റീവായ പൊലീസ് വിവരങ്ങളുടെയും വ്യക്തിഗത വിവരങ്ങളുടെയും സംരക്ഷണമാണ് ഹോംസിന്റെ മറ്റൊരു പ്രധാന സവിശേഷത. കുറ്റകൃത്യത്തിന്റെ രീതിയെ അടിസ്ഥാനമാക്കി സ്ഥിതിവിവരക്കണക്കുകളും തിരഞ്ഞെടുക്കപ്പെട്ട അലർട്ടുകളും മാത്രമേ ഡാഷ്‌ബോർഡ് കാണിക്കുകയുള്ളൂ. ഒരു കേസിലെ ചുരുക്കവിവരമോ കഥയോ, ഇരകളുടെയും പ്രതികളുടെയും പേരോ വ്യക്തിപരമായ വിവരങ്ങളോ, അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളോ ഇത് പ്രദർശിപ്പിക്കില്ല. ഇങ്ങനെ ഡാഷ്‌ബോർഡിൽ രഹസ്യാത്മക കേസ് വിവരങ്ങൾ പ്രദർശിപ്പിക്കാതെ തന്നെ ആഭ്യന്തര വകുപ്പിന് പ്രധാനപ്പെട്ട വിഷയങ്ങളും പ്രവണതകളും യഥാസമയം നിരീക്ഷിക്കാൻ സാധിക്കും.

കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളിലെ മാറ്റങ്ങളും പ്രവണതകളും വിലയിരുത്തുന്നതിനും കൂടുതൽ ഭരണപരമായ ശ്രദ്ധ ആവശ്യമായ മേഖലകളും വിഭാഗങ്ങളും തിരിച്ചറിയുന്നതിനും മൊത്തത്തിലുള്ള സ്ഥിതിഗതികൾ എളുപ്പത്തിൽ അവലോകനം ചെയ്യുന്നതിനും ഈ സംവിധാനം ഉദ്യോഗസ്ഥരെ സഹായിക്കും. ഒരേ അടിസ്ഥാന വിവരങ്ങൾ വിവിധ മാനുവൽ റിപ്പോർട്ടുകളിലൂടെ ആവർത്തിച്ച് ശേഖരിക്കേണ്ട സാഹചര്യം ഒഴിവാക്കാനും വിവരശേഖരണവും അവലോകനവും കൂടുതൽ കാര്യക്ഷമമാക്കാനും ഇതിലൂടെ സാധിക്കും.   

പരാതികളുടെ സമയബന്ധിതമായ തീർപ്പാക്കലും കുറ്റകൃത്യങ്ങളുടെ തത്സമയ നിരീക്ഷണവും ഉറപ്പാക്കുന്നതിലൂടെ പൊലീസ് ഭരണനിർവഹണത്തിൽ കൂടുതൽ കാര്യക്ഷമതയും സുതാര്യതയും കൊണ്ടുവരാൻ ഈ ഡിജിറ്റൽ സംവിധാനങ്ങൾ ലക്ഷ്യമിടുന്നു. പരാതികളുടെ കൈമാറ്റം മുതൽ തുടർനടപടികളുടെ പൂർത്തീകരണം വരെയുള്ള ഓരോ ഘട്ടവും നിരീക്ഷിക്കാനുള്ള സൗകര്യവും കുറ്റകൃത്യങ്ങളുടെ പ്രവണതകൾ വിശകലനം ചെയ്ത് ആവശ്യമായ ഇടപെടലുകൾ ആസൂത്രണം ചെയ്യാനുള്ള വിവരലഭ്യതയും ഇതിലൂടെ മെച്ചപ്പെടും. സാങ്കേതികവിദ്യയുടെ സഹായത്തോടെ ആഭ്യന്തര വകുപ്പും പൊലീസ് സംവിധാനവും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനൊപ്പം വിവരാധിഷ്ഠിതമായ തീരുമാനമെടുക്കലിനും ഭരണപരമായ നിരീക്ഷണത്തിനും പുതിയ സംവിധാനങ്ങൾ പിന്തുണയേകും. പൊതുജനങ്ങളുടെ പരാതികൾക്ക് സമയബന്ധിതമായ പരിഗണനയും പൊലീസ് പ്രവർത്തനങ്ങളിൽ കൂടുതൽ ഉത്തരവാദിത്വവും ഉറപ്പാക്കുന്ന ഡിജിറ്റൽ ഭരണനിർവഹണത്തിലേക്കുള്ള ചുവടുവയ്പ്പാണിത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-06 09:18:54

ലേഖനം നമ്പർ: 2133

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo