കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2026-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 15 വരെ നീട്ടി. 2023, 2024, 2025 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
കഥ/നോവൽ, കവിത, നാടകം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), വിവർത്തനം/പുനരാഖ്യാനം, ജീവചരിത്രം/ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പ്രൊഡക്ഷൻ എന്നിങ്ങനെ 10 വിഭാഗങ്ങളിലാണ് പുരസ്‌കാരം നൽകുന്നത്. മുൻവർഷങ്ങളിൽ ഒരു വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികൾ അതേ വിഭാഗത്തിൽ വീണ്ടും പരിഗണിക്കില്ല. എന്നാൽ മറ്റ് വിഭാഗങ്ങളിലേക്ക് കൃതികൾ അയയ്ക്കാം. എഴുത്തുകാർക്കും പ്രസാധകർക്കും പുസ്തകങ്ങൾ അയയ്ക്കാവുന്നതാണ്. പരിഷ്‌കരിച്ച പതിപ്പുകൾ പരിഗണിക്കില്ല.
പുസ്തകത്തിന്റെ നാല് പ്രതികൾ വീതം ഡിസംബർ 15-നകം ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം – 34 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക്: 8547971483.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-11-2026