അരനാടന്‍

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വനങ്ങളില്‍ മാത്രമാണ് അരനാടന്‍ സമൂഹം കാണപ്പെടുന്നത്. രണ്ട് പ്രാദേശിക പദങ്ങളില്‍ നിന്നാണ് ഈ സമൂഹത്തിന്റെ പേര് ഉരുത്തിരിഞ്ഞുവന്നത്. 'ആരവം' എന്നാല്‍ പാമ്പ് എന്നും 'നാടന്‍' എന്നാല്‍ ദേശക്കാര്‍ എന്നുമാണര്‍ത്ഥം. ഇവര്‍ ചെറിയ ആദിവാസി സമൂഹങ്ങളില്‍ ഒന്നാണ്. അവരുടെ ഭാഷ മലയാളവും തമിഴും തുളുവും കലര്‍ന്നതാണ്.

അരനാടന്‍ സ്വവംശത്തില്‍ നിന്നും മാത്രം വിവാഹം ചെയ്യുന്ന സമൂഹമാണ്. 'വില്ല' (കുലം) എന്ന ഉപവിഭാഗങ്ങളുമുണ്ട്. ഇവരുടെ ജീവിത ചക്രവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തീര്‍ക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്ന ഉപവിഭാഗങ്ങളുടെ തലവനെ 'ചെമ്മക്കാരന്‍' എന്നറിയപ്പെടുന്നു. 'കല്ലടിക്കാരന്‍' വൈദികനായും രോഗശാന്തിക്കാരനായും പ്രവര്‍ത്തിക്കുന്നു.

മലപ്പുറം ജില്ലയിലെ പണ്ടത്തെ ഏറനാട് താലൂക്കിലെ നിവാസികള്‍ അരനാടന്‍മാരാണെന്ന് വിശ്വസിക്കപ്പെടുന്നു. അവര്‍ വിദഗ്ധരായ വേട്ടക്കാരും ഭക്ഷണം ശേഖരിക്കുന്നവരുമായിരുന്നു. കൃഷിയിലും പശുവളര്‍ത്തലിലും താല്‍പ്പര്യം നന്നേ കുറവാണ്. പെരുമ്പാമ്പിനെ വേട്ടയാടുകയും എണ്ണ വേര്‍തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് കുഷ്ഠരോഗത്തിനുള്ള പ്രതിവിധിയായി ഉപയോഗിക്കുന്നു. ഒപ്പം ചെറിയ വനവിഭവങ്ങളും അവര്‍ ശേഖരിക്കുന്നു. വനനശീകരണവും കര്‍ശനമായ വനനിയമങ്ങളും അവരുടെ ജീവിതരീതിയ്ക്ക് വെല്ലുവിളിയായി. അരനാടന്‍ വിഭാഗം സാമൂഹികവും സാമ്പത്തികവുമായ സ്ഥിതിയില്‍ മൊത്തത്തില്‍ വളരെ പിന്നോക്കമാണ്. 

80 കുടുംബങ്ങളുള്ള അരനാടന്‍ സമുദായത്തിലെ ജനസംഖ്യ 247 ആണ്. അതില്‍ 107 പുരുഷന്മാരും 140 സ്ത്രീകളും ഉള്‍പ്പെടുന്നു. സംസ്ഥാന ശരാശരിയേക്കാള്‍ താഴെയാണ് കുടുംബത്തിന്റെ വലിപ്പം-3.08. സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കൂടുതലാണ്. അരനാടന്‍ സമൂഹത്തിന്റെ ലിംഗ അനുപാതം 1000 : 1308 ആണ്.

മലപ്പുറത്ത്, മുത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല് (നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്), അമരമ്പലം, കരുളായി, കാളികാവ്, ചോക്കാട് (കാളികാവ് ബ്ലോക്ക് പഞ്ചായത്ത്) എന്നിങ്ങനെ 8 ഗ്രാമപഞ്ചായത്തുകളിലായി ഈ സമൂഹം വ്യാപിച്ചുകിടക്കുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-04-11 12:56:37

ലേഖനം നമ്പർ: 1352

sitelisthead