വയോജന സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനും വയോജനങ്ങളുടെ മാനസികാരോ​ഗ്യം ഉറപ്പുവരുത്തുന്നതും ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പിലാക്കുന്ന   'മധുരം' പദ്ധതിയ്ക്ക് തുടക്കം.  പദ്ധതിയുടെ ഭാ​ഗമായി  കുടുംബശ്രീയുടെ കീഴിലുള്ള വയോജന അയൽക്കൂട്ടങ്ങളിലെ അംഗങ്ങളെയും ഓരോ പ്രദേശങ്ങളിലെ വയോജനങ്ങളെയും ഉൾപ്പെടുത്തി 'മധുരം-ഓർമകളിലെ ചിരിക്കൂട്ട്' എന്ന പേരിൽ വയോജന സംഗമങ്ങളും,  വയോജനങ്ങൾക്കായി വിനോദയാത്ര, മെഡിക്കൽ ക്യാമ്പ്, ആരോഗ്യ ബോധവൽക്കരണ ക്യാമ്പ്, നാടകം, സംഘഗാനം, പാചക മത്സരം, ഫലവൃക്ഷത്തൈ നടീൽ തുടങ്ങി വിവിധ പ്രവർത്തനങ്ങളും നടപ്പിലാക്കും.

വയോജനങ്ങൾക്ക് ഒത്തു ചേരാനും പരസ്പരം സ്‌നേഹവും സൗഹൃദവും ഓർമകളും പങ്കു വയ്ക്കാനും ആഹ്‌ളാദിക്കാനും വേദിയൊരുക്കുക എന്നതാണ് വയോജന സംഗമത്തിന്റെ ലക്ഷ്യം. സംസ്ഥാനത്ത് 50 കേന്ദ്രങ്ങളിൽ  മധുരം പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലെ  സംഗമം നടന്നു. ഓരോ ജില്ലയിലും ക്‌ളസ്റ്ററുകൾ തിരിച്ച് രാവിലെ 10.30 മുതൽ വൈകുന്നേരം 4.30 വരെയാണ് സംഗമം.  

ഓരോ ജില്ലകളിലും കുടുംബശ്രീ സിഡിഎസ് അംഗങ്ങളുടെ നേതൃത്വത്തിലാണ് വയോജനങ്ങളെ കണ്ടെത്തുന്നത്. ഏകാന്തത,വിരസത എന്നിവ നേരിടുന്ന പൗരന്മാരെ കണ്ടെത്തി മധുരം പദ്ധതിയുടെ ഭാഗമാക്കുകയും വയോജന സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്യും. സാമൂഹികമായി ഒറ്റപ്പെട്ട വയോജനങ്ങളുടെ നൈപുണ്യ വികസനത്തിനുള്ള അവസരങ്ങൾ ഉറപ്പാക്കും,  സാമൂഹിക സുരക്ഷയും സഹായവും നൽകി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക അവരെ സജീവവും ഉൽപ്പാദനക്ഷമവുമായി നിലനിർത്തുക എന്നിവയും പദ്ധതി ഉറപ്പാക്കും. മുതിർന്ന പൗരൻമാരുടെ അനുഭവങ്ങളും അറിവുകളും  മുതൽക്കൂട്ടാക്കി വയോജന സംരംഭങ്ങളും പദ്ധതിയിലുടെ തുടർ വർഷങ്ങളിൽ ആരംഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-06 15:59:37

ലേഖനം നമ്പർ: 1330

sitelisthead