ആംബുലൻസ് ആശുപത്രിയിലേക്ക് തിരിക്കുമ്പോൾ തന്നെ രോ​ഗിയുടെ വിവരങ്ങൾ അത്യാഹിത വിഭാ​ഗത്തിലെത്തുന്ന ഹോസ്പിറ്റൽ പ്രീ അറൈവൽ ഇന്റിമേഷൻ സിസ്റ്റത്തിന് തുടക്കം. സംസ്ഥാനത്ത് മികച്ച ട്രോമാകെയർ സംവിധാനം ഒരുക്കുന്നത് ലക്ഷ്യമിട്ട് കനിവ് 108 ആംബുലൻസ് പദ്ധതിയുടെ  ഭാ​ഗമായാണ് സംവിധാനം ഏർപ്പെടുത്തുന്നത് . പൈലറ്റ് പ്രോജക്ടായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച സംവിധാനത്തിലൂടെ രോ​ഗിയുമായി കനിവ് 108 ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് തിരിക്കുമ്പോൾ തന്നെ വിവരം അത്യാഹിത വിഭാഗത്തിലെ സ്‌ക്രീനിൽ തെളിയും. രോഗിയുടെ പേര്, വയസ്, ഏത് തരത്തിലുള്ള അത്യാഹിതം, എവിടെ നിന്നാണ് കൊണ്ട് വരുന്നത് എന്നുൾപ്പടെയുള്ള വിവരങ്ങളും എത്ര സമയത്തിനുള്ളിൽ ആംബുലൻസ് ആശുപത്രിയിലെത്തും എന്നുള്ള വിവരങ്ങളും ഈ സ്‌ക്രീനിൽ തെളിയും.

ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കനിവ് 108 ആംബുലൻസ് സർവീസിന്റെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് ആണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.  കനിവ് 108 ആംബുലൻസ് പദ്ധതിയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ആംബുലൻസുകളിൽ സ്ഥാപിച്ചിരിക്കുന്ന ജി.പി.എസിന്റെ സഹായത്തോടെയാണ് ആംബുലൻസ് ആശുപത്രിയിൽ എത്തുന്ന സമയം കണക്കാക്കുന്നത്. ഇതിലൂടെ രോ​ഗിയെത്തുന്നതിന് മുൻപ് തന്നെ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനും ആശുപത്രിയിൽ എത്തിയ ശേഷമുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാനും കഴിയും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്നത്. ഭാവിയിൽ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലേയ്ക്കും  ഹോസ്പിറ്റൽ പ്രീ അറൈവൽ ഇന്റിമേഷൻ സിസ്റ്റം വ്യാപിപ്പിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-12 16:37:22

ലേഖനം നമ്പർ: 1337

sitelisthead