പൂക്കളും വിഷവിമുക്ത പച്ചക്കറികളും കൃഷിയിറക്കി ഓണവിപണിയിൽ സജീവ സാന്നിധ്യമാകാനൊരുങ്ങി കുടുംബശ്രീ. ഓണവിപണിയിൽ പൂക്കളെത്തിക്കുന്നതിനായി 'നിറപ്പൊലിമ 2024', വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിനായുള്ള 'ഓണക്കനി 2024' പദ്ധതികൾക്ക് തുടക്കമായി. കുടുംബശ്രീയുടെ കീഴിലുള്ള കർഷക വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് 'നിറപ്പൊലിമ' 'ഓണക്കനി' പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.
നിറപ്പൊലിമ
ഓണക്കാലത്ത് ഏറെ ആവശ്യക്കാരുള്ള ജമന്തി, മുല്ലപ്പൂ, ചെണ്ടുമല്ലി, വാടാമുല്ല എന്നിവ സംസ്ഥാനത്ത് കുറഞ്ഞത് ആയിരം ഏക്കറിലെങ്കിലും കൃഷി ചെയ്യുന്നതിനാണ് 'നിറപ്പൊലിമ'യിലൂടെ ലക്ഷ്യമിടുന്നത്. കർഷകർക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ കൃഷി വകുപ്പിന്റെ സാങ്കേതിക സഹായമടക്കമുളള പിന്തുണ കുടുംബശ്രീ മുഖേന ലഭ്യമാക്കും. പരമാവധി വിപണന മാർഗങ്ങളും സജ്ജമാക്കും. നിലവിൽ 3350 കർഷക സംഘങ്ങൾ 1250 ഏക്കറിൽ പൂ കൃഷിയിൽ സജീവമാണ്. ഇവർക്ക് മെച്ചപ്പെട്ട ആദായം ലഭിക്കുന്നതിനാൽ വരുംവർഷങ്ങളിൽ ഈ മേഖലയിലേക്ക് കൂടുതൽ കർഷകരെ ആകർഷിക്കാനും പൂ കൃഷി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുമാണ് കുടുംബശ്രീ ഉദ്ദേശിക്കുന്നത്.
ഓണക്കനി
വിഷമുക്ത പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തിക്കുന്നത് ലക്ഷ്യമിട്ടാണ് 'ഓണക്കനി- 2024' തീവ്ര കാർഷിക പദ്ധതി നടപ്പാക്കുന്നത്. ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതും പ്രധാന ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി ഈ വർഷം 2500 ഹെക്ടർ സ്ഥലത്ത് പയർ, പാവൽ, വെണ്ടയ്ക്ക, പടവലം, നേന്ത്രക്കായ, ചീര, ചേന, തക്കാളി, വഴുതന, മുരിങ്ങ, മാങ്ങ, മുളക് എന്നിവ കൃഷി ചെയ്യും. കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനായി ഇടനിലക്കാരെ ഒഴിവാക്കി കർഷകർ മുഖേന കാർഷികോൽപ്പന്നങ്ങൾ പൊതുവിപണിയിലേക്ക് നേരിട്ട് എത്തിക്കും. നിലവിൽ കുടുംബശ്രീയുടെ കീഴിൽ 11298 കർഷക സംഘങ്ങൾ 2000 ഹെക്ടറിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്. തീവ്ര കാർഷിക പദ്ധതിയിലൂടെ ഈ വർഷം 20,000 പേർക്കും പൂക്കൃഷിയിലൂടെ ഓണം സീസണിൽ 5,000 പേർക്കും ഉൾപ്പെടെ സംസ്ഥാനമൊട്ടാകെ ആകെ 25,000 കർഷക വനിതകൾക്ക് മികച്ച ഉപജീവനമാർഗമൊരുക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.
മെച്ചപ്പെട്ട ഉൽപാദനത്തിനും ഉൽപന്നങ്ങൾക്ക് വിപണിലഭ്യത ഉറപ്പു വരുത്തുന്നതിനും കുടുംബശ്രീയുടെ പിന്തുണ ലഭിക്കും. ഓണം, ക്രിസ്മസ്, വിഷു, റംസാൻ തുടങ്ങിയ വിശേഷാവസരങ്ങൾ കൂടാതെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എല്ലാ വിപണന മേളകളിലും കാർഷികോൽപന്നങ്ങൾ എത്തിച്ചു വിപണനം നടത്താനുള്ള അവസരവുമൊരുക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-07-23 17:57:02
ലേഖനം നമ്പർ: 1457