വനി​തകൾക്ക് കൂടുതൽ വരുമാനം ലക്ഷ്യമിട്ടും നഗര കേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകാനുമായി​ കുടുംബശ്രീ ആവി​ഷ്കരി​ച്ച ക്വിക്ക് സെർവ് പദ്ധതിയ്ക്ക് തുടക്കം. വീട്ടുജോലി, ഗൃഹ ശുചീകരണം, പാചകം, കിടപ്പുരോഗികളുടെയും കുട്ടികളുടെയും വൃദ്ധരുടെയും പരിചരണം, പ്രസവാനന്തര ശുശ്രൂഷ എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ആധുനിക യന്ത്രസംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ഗൃഹ ശുചീകണം ഉൾപ്പെടെയുള്ള സേവനങ്ങൾ, കാർ വാഷ് എന്നിവ ഉൾപ്പെടും. 

മൂന്ന് മുതൽ എട്ട് പേർ വരെ അടങ്ങുന്ന അർബൻ സർവീസ് ടീമിനായിരിക്കും ക്വിക്ക് സെർവിന്റ നടത്തിപ്പ് ചുമതല. ഒരു നഗരസഭ പരിധിയിൽ ഒരു അർബൻ സർവീസ് ടീമായിരിക്കും ഉണ്ടാകുക. ഗ്രൂപ്പ് സംരംഭമായി രജിസ്റ്റർ ചെയ്യേണ്ടതിനാൽ കുടുംബശ്രീയുടെ നഗര സിഡിഎസിൽ അംഗങ്ങളായവർക്കോ ഓക്സ്ലിലറി ഗ്രൂപ്പ് അംഗങ്ങൾക്കോ ടീം രൂപീകരിക്കാം. ക്വിക്ക് സെർവിൽ സേവനങ്ങൾ ചെയ്യാൻ താത്പര്യമുള്ളവരെ കണ്ടെത്തി രജിസ്റ്റർ ചെയ്യിപ്പിച്ച ശേഷം അഞ്ച് ദിവസം നീണ്ട പരിശീലനം നൽകും. പരിശീലനം ലഭിച്ചവർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും നൽകും. 

നഗരസഭ സിഡിഎസ് പ്രതിനിധികളും നഗരസഭ സെക്രട്ടറി, ജില്ലാ മിഷൻ കോഓഡിനേറ്ററുടെ പ്രതിനിധി എന്നിവരുമടങ്ങുന്ന മാനേജ്‌മെന്റ് കമ്മിറ്റി ക്വിക്ക് സെർവിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തും. സേവനങ്ങൾ ആവശ്യമുള്ളവർ അതത് നഗരസഭകളിലെ അർബൻ സർവീസ് ടീമിനെ ബന്ധപ്പെട്ട് നിശ്ചിത ഫീസ് അടയ്ക്കണം. പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത ഘട്ടങ്ങളിൽ മൊബൈൽ ആപ്പ്, വെബ്‌സൈറ്റ് എന്നിവ പുറത്തിറക്കും. ഫോൺ :884 8455400,7012656760.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-14 10:43:06

ലേഖനം നമ്പർ: 1336

sitelisthead