ഉന്നത വിദ്യാഭ്യാസരംഗം ആഗോളതലത്തിൽ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി  ഇൻ്റർനാഷണൽ ജേർണൽ ഓഫ് സയൻസ് ടെക്നോളജി ആൻ്റ്  ഇന്നൊവേഷൻസ് ( ഐ.ജെ.എസ്.ടി.ഐ.) എന്ന പേരിൽ  ഇ - ജേണൽ പുറത്തിറക്കി ഐഎച്ച്‌ആർഡി.  സുപ്രധാനമായ അന്താരാഷ്ട്ര ഗുണനിലവാര-സൂചികകളിൽ പരാമർശവും (ഇൻഡക്‌സിംഗ്), പ്രസിദ്ധീകരണ നിലവാരവുമുള്ള ഒരു ലോകോത്തര ഇ-ജേണലിനാണ് രൂപം  കൊടുത്തിരിക്കുന്നത്. ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ എന്നിവയിലെ നൂതനാശയങ്ങൾ  ജനകീയമാക്കുക എന്നത് കൂടാതെ ഉന്നത വിദ്യാഭ്യാസരംഗത്തെ ഗവേഷണങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻകൂടി ലക്ഷ്യമിട്ടാണ്‌ രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെടുന്ന ശാസ്ത്ര– സാങ്കേതിക പ്രസിദ്ധീകരണത്തിന്‌ തുടക്കമിടുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക്‌ ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിക്കാനുള്ള സമഗ്ര പ്ലാറ്റ്ഫോമായി  ഇ - ജേണൽ പ്രവർത്തിക്കും. 

 വിദ്യാർഥികൾക്കും ഗവേഷകർക്കും സൗജന്യമായി പ്രബന്ധങ്ങൾ വായിക്കാൻ ഇ– ജേർണൽ അവസരമൊരുക്കും. സൗജന്യമായി പ്രബന്ധങ്ങൾ വായിക്കാനുതകുന്ന തടസ്സരഹിത പ്രവേശനം (ഓപ്പൺ ആക്സസ്)  സംവിധാനത്തിലാവും ജേർണൽ പ്രസിദ്ധീകരിക്കുക. ഐഎച്ച്ആർഡിയിലും പുറത്തുമുള്ള വിദഗ്‌ധർ ഉൾപ്പെടുന്നതാണ്‌ ജേർണലിന്റെ എഡിറ്റോറിയൽ ബോർഡ്‌.  ഉന്നത നിലവാരമുള്ള പ്രസിദ്ധീകരണങ്ങളുടെ കുറവും പ്രസിദ്ധീകരണത്തിനെടുക്കുന്ന കാലതാമസവും ഗവേഷണങ്ങളെയും പേറ്റന്റ്‌ അടക്കമുള്ള പ്രക്രിയകളെയും ബാധിക്കുന്നുണ്ട്‌. നിലവിൽ ഇത്തരത്തിലുള്ള പ്രസിദ്ധീകരണങ്ങളിലേറെയും വിദേശരാജ്യങ്ങൾ കേന്ദ്രമാക്കിയവയാണ്‌. ഇവയുടെ വരിക്കാരാകാനും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാനും ഉണ്ടാകുന്ന  പ്രശ്‌നങ്ങൾക്ക്‌ പരിഹാരമായാണ്‌  ഐഎച്ച്ആർഡി ജേർണൽ പുറത്തിറക്കിയത്. 

കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിൻ്റെ ഒരു ആകർഷണ കേന്ദ്രമാക്കി വളർത്തുകയും, ഗവേഷണം, പ്രസിദ്ധീകരണം എന്നിവയിലൂടെ സംസ്ഥാനത്തെ ഒരു വിദ്യാഭ്യാസ-വിജ്ഞാന സമ്പദ്‌ വ്യവസ്ഥയാക്കി മാറ്റാനുമുള്ള യത്നമാണ് ഐ.എച്ച്.ആർ.ഡി നടപ്പാക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് 88 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബൃഹത്ത് ശൃംഖലയായ ഐ.എച്ച്.ആർ.ഡി.യ്ക്ക് ഇക്കാര്യത്തിൽ വളരെ സുപ്രധാനമായ സംഭാവനകൾ നൽകാൻ സാധിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-14 16:50:13

ലേഖനം നമ്പർ: 1342

sitelisthead