വീടുകളിൽ നേരിട്ടെത്തി ശുചിമുറി മാലിന്യങ്ങൾ സംസ്കരിക്കുന്ന മൊബൈൽ ഫീക്കൽ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ചാലക്കുടി നഗരസഭയിൽ പ്രവർത്തനം തുടങ്ങി. രാജ്യത്ത് ആദ്യമായാണ് ഒരു നഗരസഭ ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. മിനി ലോറിയിൽ തയ്യാറാക്കിയ പ്ലാന്റ് നേരിട്ടെത്തിച്ച് ആധുനിക സംവിധാനങ്ങളോടെ ടോയ്‌ലറ്റ് മാലിന്യങ്ങൾ ട്രീറ്റ്‌മെന്റ് ചെയ്യുന്ന പദ്ധതിയാണിത്. 50 ലക്ഷം ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരു ട്രക്കിൻ്റെ പ്ലാറ്റ്ഫോമിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റ്, സെപ്റ്റിക് ടാങ്കുകളിലെ ഉള്ളടക്കങ്ങൾ പൂർണമായും കൈകാര്യം ചെയ്യാൻ കഴിയുംവിധമാണ് പ്രവർത്തിക്കുക. മാലിന്യം സംസ്‌കരിച്ചതിന് ശേഷമുള്ള ജലം മലിനീകരണം ഇല്ലാത്തതും കൃഷിക്കും മറ്റും ഉപയോഗിക്കാവുന്നതുമാണ്. അപകടകാരികളായ അണുക്കളോ മറ്റു മാലിന്യമോ മണമോ സംസ്‌കരിച്ച ജലത്തിൽ ഉണ്ടാവില്ല. സംസ്‌കരണത്തിന് ശേഷം ബാക്കി വരുന്ന ഖരമാലിന്യം യന്ത്രസംവിധാനത്തിൽ തന്നെ ഉണക്കി ചെറിയ ബ്രിക്കറ്റുകളാക്കി മാറ്റും.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ സംസ്‌കരണ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് മൊബൈൽ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവർത്തിക്കുന്നത്. യൂണിറ്റിന്റെ ശേഷി മണിക്കൂറിൽ 6,000 ലിറ്റർ ആണ്. മുൻകൂർ ബുക്കിങ് അനുസരിച്ച് വിവിധ സ്ഥലങ്ങളിൽ പ്ലാന്റ് പ്രവർത്തിക്കും. നഗരസഭ കൗൺസിലാണ് ഇതിന്റെ യൂസർ ഫീ തീരുമാനിക്കുന്നത്. വീടുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്നതിന് ഏകദേശം 5000 രൂപയോളം ആണ് ഫീസ് നൽകേണ്ടത്. ദൂരപരിധി അനുസരിച്ച് ചാർജ്ജ് വ്യത്യാസപ്പെടും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-05 17:13:55
ലേഖനം നമ്പർ: 1326