നിർമിതബുദ്ധി അധിഷ്ഠിത ആപ്ലിക്കേഷനുകളിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ കഴിയുന്ന എ.ഐ. പ്രൊസസർ വികസിപ്പിച്ച് കേരള ഡിജിറ്റൽ സർവകലാശാല. ‘കൈരളി’ എന്ന പേരിലാണ് രണ്ട് ശ്രേണിയിലുള്ള പ്രൊസസറുകൾ നിർമിച്ചത്. കാർഷികം, വ്യോമയാനം, മൊബൈൽ സാങ്കേതികത, ആരോഗ്യം, ഡ്രോണുകൾ, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ഈ പ്രൊസസറുകൾ ഉപയോഗപ്രദമാകും. ഡ്രോണുകളിൽ ഉൾപ്പെടെ വിവിധ ആപ്ലിക്കേഷനുകളിൽ ഇത് ഉപയോഗിച്ച് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പൂർണമായും വിവരച്ചോർച്ച തടയുന്ന തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും പ്രൊസസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വർക്ക് ലോഡുകളുടെ വേഗതയേറിയതും കാര്യക്ഷമവുമായ കമ്പ്യൂട്ടിംഗ് നൽകുന്നത് ലക്ഷ്യമിട്ടാണ് കൈരളി എ.ഐ ചിപ്പ് നിർമിച്ചിരിക്കുന്നത്. സാധാരണയായുള്ള ജനറൽ പർപ്പസ് പ്രോസസ്സറുകളേക്കാൾ കൂടിയ വേഗതയിലും ഉയർന്ന കാര്യക്ഷമതയിലും ഡാറ്റ പാറ്റേൺ മനസിലാക്കാനും ക്രിപ്‌റ്റോഗ്രാഫിക് ഹാർഡ്‌വെയർ ഉപയോഗിച്ച് ഡാറ്റ എൻക്രിപ്റ്റ് ചെയ്യാനും ഈ ചിപ്പുകൾക്ക് സാധിക്കും. 

വേഗമേറിയതും കൃത്യവുമായ ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാനും, കൃഷി, വിളവ് വർദ്ധിപ്പിക്കുന്നതിനുള്ള പ്രവചനങ്ങൾ നടത്തുന്നതിനും, ട്രാഫിക്, നഗര മാനേജ്മെൻ്റ് സംവിധാനങ്ങൾ കൃത്യമായി നടപ്പിലാക്കാനും സ്വാഭാവിക ഭാഷാ വിശകലനം ചെയ്യുന്നതിനും കൈരളി എ.ഐ ചിപ്പുകൾ പ്രയോജനപ്പെടുത്താം. നിരവധി വ്യവസായങ്ങളെ സ്കെയിൽ അപ്പ് ചെയ്യുന്നതിനും കൂടുതൽ ഗുണമേന്മയുള്ള ഉൽപ്പന്ന നിർമ്മാണം സാധ്യമാക്കുന്നതിനും ഈ ചിപ്പുകൾ ഉപയോഗിക്കുന്നതിലൂടെ സാധ്യമാകും.  ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ്ബാകാനൊരുങ്ങുന്ന കേരളത്തിൻ്റെ ശ്രമങ്ങൾക്ക് പുതിയ ഊർജം പകരുന്നതാണ് ഈ നേട്ടം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-28 13:03:33

ലേഖനം നമ്പർ: 1322

sitelisthead