മൃ​ഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കർമ്മസേന രൂപീകരിച്ച് മൃ​ഗസംരക്ഷണ വകുപ്പ്. സേവനങ്ങൾ ക്ഷീരകർഷകരുടെ വീട്ടുപടിക്കലെത്തിക്കുന്നതിനും വിജ്ഞാന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് കുടുംബശ്രീയുമായി ചേർന്ന്  എ-ഹെൽപ്പ് (അക്രഡിറ്റഡ് ഏജന്റ ഫോർ ഹെൽത്ത് ആൻഡ് എക്‌സ്റ്റൻഷൻ ഓഫ് ലൈവ്‌ സ്റ്റോക്ക് പ്രൊഡക്ഷൻ) എന്ന പേരിൽ കർമ്മസേന രൂപീകരിച്ചത്. കർഷകർക്ക് വകുപ്പുമായി കൂടുതൽ അടുത്തബന്ധം സ്ഥാപിക്കുവാനും സേവനങ്ങൾ ഉറപ്പാക്കുന്നതിനും പദ്ധതി വഴിയൊരുക്കും. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 

സംസ്ഥാനത്തെ സ്വയം സഹായ സംഘങ്ങളിൽ നിന്നും തെരഞ്ഞെടുത്ത വനിതകൾ എ-ഹെൽപ്പർമാരായി പ്രവർത്തിക്കും. സംസ്ഥാനത്തൊട്ടാകെ 2000 എ-ഹെൽപ്പർമാരെ വില്ലേജ് തലത്തിൽ നിയമിക്കും. ഇവർക്ക് മൃഗാരോഗ്യ സംരക്ഷണം, കന്നുകാലികളുടെ രോഗപ്രതിരോധം, തീറ്റ പരിപാലനം,  ശുദ്ധമായ പാലുൽപ്പാദനം, പുൽകൃഷി, പ്രഥമ ശുശ്രൂഷ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ, കന്നുകാലികളെ ഇൻഷുർ ചെയ്യുന്നതിനും, ബാങ്കുകളിൽ നിന്നും ലോൺ ലഭ്യമാക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കൽ, രോഗപ്രതിരോധ കുത്തിവയ്പ്പിനു വേണ്ട സഹായം നൽകൽ, വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ എന്നിവയിൽ പരിശീലനം നൽകും. രോഗപ്രതിരോധ ചികിത്സാമാർഗങ്ങളും വിജ്ഞാന വ്യാപന പ്രവർത്തനങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള കർമ്മസേനയായി എ-ഹെൽപ്പർമാർ പ്രവർത്തിക്കും. മൊബൈൽ വെറ്റിനറി സംവിധാനം, 24 മണിക്കൂർ കാൾ സെന്റർ, മൃഗസമ്പത്തിന്റെ ഏകീകൃത തിരിച്ചറിയൽ ടാഗിംഗ് സംവിധാനം തുടങ്ങിയവ എ-ഹെൽപ്പ് വഴി നടപ്പാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-15 11:36:57

ലേഖനം നമ്പർ: 1308

sitelisthead