ഡിമെൻഷ്യ സൗഹൃദ കേരളം സാക്ഷാത്കരിക്കുന്നതിനായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി സാമൂഹ്യനീതിവകുപ്പ് നടപ്പാക്കുന്ന ഓർമ്മത്തോണി പദ്ധതിക്ക് തുടക്കം.  വയോജനങ്ങളുടെ ജീവിത സ്വാസ്ത്യം ഉറപ്പുനൽകുക അവരുടെ സമ്പൂർണമായ സുരക്ഷയും സംരക്ഷണവും സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ജനസംഖ്യയുടെ 12.6 ശതമാനം വരുന്ന വയോജനങ്ങളിൽ നിന്നും ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിത‌രെ കണ്ടെത്തി അനുയോജ്യമായ സേവനങ്ങൾ ലഭ്യമാക്കും.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, ആരോഗ്യ സർവകലാശാല തുടങ്ങിയവയുടെ സഹകരണത്തോടെയാണ്  പദ്ധതി നടപ്പിലാക്കുന്നത്. 

ഓർമ്മ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വിവിധ അവസ്ഥകളിൽ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യാം എന്നത് സംബന്ധിച്ച് വയോജനങ്ങൾക്കും അവരെ പരിചരിക്കുന്നവർക്കും ശാസ്ത്രീയമായ അവബോധം നൽകുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മെമ്മറി ക്ലിനിക്കുകൾ സംഘടിപ്പിക്കുക, മെമ്മറി ക്ലിനിക്കുകളുടെ സഹായത്തോടെ വയോജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തി ഡിമെൻഷ്യ പോലുള്ള അവസ്ഥകൾ കണ്ടെത്തുക, ഈ അവസ്ഥയെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുക, മരുന്നുകളും ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും പരിചരണം ലഭ്യമാക്കുക തുടങ്ങിയവയാണ് ഓർമ്മത്തോണി പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

വയോമിത്രം യൂണിറ്റുകൾ പ്രവർത്തിക്കുന്ന 91 നഗരസഭാ പ്രദേശങ്ങളിലാണ് പ്രാരംഭഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക.ഡിമെൻഷ്യ ബാധിതരായ വയോജനങ്ങൾക്ക് പകൽവീടുകൾ നടത്തുന്നതിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും തൃശൂർ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിനും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നൽകും. ഈ പകൽവീടുകൾ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും. ഡിമെൻഷ്യ പോലുള്ള അവസ്ഥകൾ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിനും ഇതുമൂലമുണ്ടാകുന്ന പ്രയാസങ്ങൾ പരമാവധി കുറയ്ക്കുന്നതിനും ഓർമ്മത്തോണി പദ്ധതിയി സഹായകമാകും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-15 18:02:05

ലേഖനം നമ്പർ: 1310

sitelisthead