പാർശ്വവത്കൃത മേഖലകളിൽ താമസിക്കുന്നവരുടെ അവകാശ സംരക്ഷണം ഉറപ്പാക്കുക, ജനാധിപത്യ സാഹോദര്യ ബോധം ഊട്ടിയുറപ്പാക്കുക കടമകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, സാമൂഹ്യ അസമത്വം ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സാക്ഷരത മിഷൻ നടപ്പാക്കുന്ന സാമൂഹ്യ വിദ്യാഭ്യാസ പദ്ധതിയാണ് പൗരധ്വനി.

ശാസ്ത്രബോധം, സ്വതന്ത്രചിന്ത, ജനാധിപത്യബോധം, മതനിരപേക്ഷ ഭരണഘടന കാഴ്ചപ്പാടുകൾ തുടങ്ങിയ മൂല്യങ്ങൾ വ്യക്തികളിലെത്തിച്ച് സ്വതന്ത്ര പൗരന്മാരെ രൂപപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തുല്ല്യത പരീക്ഷ പാസായവരെ കേന്ദ്രീകരിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

സാഹിത്യ അക്കാദമി, ചലച്ചിത്ര അക്കാദമി, ഫോക്ലോർ അക്കാദമി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് ആദിവാസി ഊരുകൾ, തീരദേശ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് വിവിധ പരിപാടികൾ നടത്തും. കൈപ്പുസ്തകം തയാറാക്കി കുടുംബശ്രീ, ഗ്രന്ഥശാല കൂട്ടായ്മകളുടെ സഹകരണത്തോടെ വിപുലമായ പ്രചരണവും നടത്തും.


ആദ്യഘട്ടത്തിൽ ആദിവാസി, തീരദേശ മേഖലകളെയാണ് ലക്ഷ്യമിടുന്നത്. ആദിവാസി മേഖലകളായ അട്ടപ്പാടി, നിലമ്പൂർ, അമ്പൂരി, തിരുനെല്ലി എന്നിവിടങ്ങളിലും തീരദേശ മേഖലകളുള്ള കൊല്ലം, എറണാകുളം, ആലപ്പുഴ, കാസറഗോഡ് ജില്ലകളിലും ആദ്യഘട്ടം പദ്ധതി നടപ്പാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-30 18:09:10

ലേഖനം നമ്പർ: 1073

sitelisthead