ഭൂരഹിതരായ മുഴുവൻ ആളുകളെയും ഭൂമിയുടെ അവകാശികളാക്കാൻ റവന്യൂ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യക ദൗത്യമാണ് പട്ടയ മിഷൻ.
നിയോജക മണ്ഡലാടിസ്ഥാനത്തിൽ പട്ടയത്തിന് അർഹതയുളളതും എന്നാൽ വിവിധ കാരണങ്ങളാൽ പട്ടയം ലഭിക്കാത്തതുമായ എല്ലാ കൈവശക്കാരുടേയും പട്ടിക തയാറാക്കി അദാലത്ത് മാതൃകയിൽ സമയബന്ധിതമായി പട്ടയം നൽകുകയാണ് പട്ടയ മിഷനിലൂടെ ലക്ഷ്യമിടുന്നത്. 
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ആപ്തവാക്യത്തിലൂന്നി പ്രവർത്തിക്കുന്ന പട്ടയമിഷൻ വഴി ഭൂരഹിതരായ മുഴുവൻ ആളുകളെയും ഭൂമിയുടെ അവകാശികളാക്കും. ഒരാൾക്ക് ഒരു തണ്ടപ്പേരിനെങ്കിലും അവകാശം ലഭ്യമാക്കുക വഴി ഭൂരഹിതരില്ലാത്ത കേരളമെന്ന നേട്ടം കൈവരിക്കാനാകും.

വനഭൂമി - ആദിവാസി പട്ടയങ്ങൾക്ക് പ്രാമുഖ്യം നൽകി കൊണ്ടാണ് പട്ടയ മിഷൻ നടപ്പാക്കുന്നത്. മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിനുള്ള പദ്ധതി തയാറാക്കി വരികയാണ്. 77 താലൂക്ക് ലാൻഡ് ബോർഡുകളിലായി പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വച്ചിട്ടുള്ളതുമായി ബന്ധപ്പെട്ട് 1298 മിച്ചഭൂമി കേസുകൾ നിലവിലുണ്ട്. താലൂക്ക് ബോർഡുകളെ 4 മേഖലകളാക്കി തിരിച്ച് ഓരോന്നിന്റെയും ചെയർപേഴ്സണായി ഡെപ്യൂട്ടി കളക്ടർമാരെ നിയമിച്ചിട്ടുണ്ട്. കെട്ടിക്കിടക്കുന്ന കേസുകൾ സമയബന്ധിതമായി തീരുന്ന മുറയ്ക്ക് 23,000 ഏക്കറിലധികം ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാൻ സാധിക്കും.

ആയിരത്തി പതിനഞ്ചോളം കോളനികളിൽ താമസക്കാരായ 16,231 കുടുംബങ്ങൾക്കും പട്ടയം ലഭിക്കാനുണ്ട്. എം.എൽ.എമാരുടേയും മറ്റു ജനപ്രതിനിധികളുടേയും സഹായത്തോടെ ഇവരുടെ വിശദാംശങ്ങൾ ശേഖരിക്കും. തദ്ദേശ സ്ഥാപനങ്ങൾ ഭൂമി വാങ്ങി വീടുവച്ചു നൽകിയ കോളനികളിൽ പലതിന്റെയും ഭൂമി റവന്യു രേഖകളിൽ ഇപ്പോഴും മുൻ ഭൂവുടമയുടെ പേരിലാണ്. ഇത്തരം ഭൂമി സർക്കാരിൽ നിക്ഷിപ്തമാക്കി പട്ടയം നൽകാനുള്ള നടപടികളും പട്ടയ മിഷനിലൂടെ സ്വീകരിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 5 വർഷം കൊണ്ട്  1,77,011 പട്ടയം വിതരണം ചെയ്തപ്പോൾ ഈ സർക്കാർ 2 വർഷം കൊണ്ട് 1,21,604 പട്ടയങ്ങളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. 
 
ഓരോ പ്രദേശത്തെയും പ്രശ്നങ്ങൾ പരിഹരിച്ച് സമയബന്ധിതമായി പട്ടയം അനുവദിക്കുന്നതിന് പട്ടയം ഡാഷ് ബോർഡ് സംവിധാനം ഏർപ്പെടുത്തിയിടിട്ടുണ്ട്. പട്ടയം നൽകുന്നതിലെ പ്രശ്നങ്ങൾ ഈ പോർട്ടലിൽ രേഖപ്പെടുത്തി അവ പരിഹരിക്കുന്നതിനുളള നടപടികൾ റവന്യൂ വകുപ്പ് സ്വീകരിച്ചു വരുന്നു. ലാന്റ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിൽ ഇവ വിലയിരുത്തുന്നതിനായി പട്ടയ സെൽ രൂപീകരിച്ചിട്ടുണ്ട്. അതത് പ്രദേശത്തെ എം.എൽ.എ.മാർ, ജനപ്രതിനിധികൾ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും പട്ടയമിഷൻ പ്രവർത്തിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-22 14:48:15

ലേഖനം നമ്പർ: 1060

sitelisthead