അഭ്യസ്തവിദ്യരും തൊഴിൽ പരിജ്ഞാനമുള്ളവരുമായ യുവാക്കളെ നൂതന തൊഴിൽ മേഖലകളിലേക്ക് പ്രാപ്തകരാക്കുന്നതിനു വേണ്ടി അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ്) ഏഷ്യൻ ഡവലപ്മെൻറ്റ് ബാങ്കിന്റെ സഹായത്തോടെ ആരംഭിക്കുന്ന കമ്യൂണിറ്റി സ്കിൽ പാർക്ക് പ്രവർത്തനമാരംഭിച്ചു. യുവജനങ്ങളുടെ നൈപുണ്യ വികസനത്തിലും അതുവഴി തൊഴിൽ, വ്യവസായ മേഖലകളിലും വലിയ മാറ്റമാണ് കമ്യൂണിറ്റി സ്കിൽ പാർക്കുകൾ ലക്ഷ്യമിടുന്നത്. വിഭാവനം ചെയ്ത 16 സ്കിൽ പാർക്കുകളിൽ നിർമാണം പൂർത്തിയാക്കിയ തൃശൂർ ജില്ലയിലെ ആദ്യ പാർക്കാണ് പ്രവർത്തനം തുടങ്ങിയത്.

ജില്ലയുടെ നൈപുണ്യ പരിശീലനത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായി മാറാൻ കെല്പുള്ളതാണ് 3 നിലകളിലായി, 30,013.62 ചതുരശ്ര അടി വിസ്തീർണത്തിൽ, നൂതനമായ പ്രീ-ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഒരേക്കർ കാമ്പസിൽ സജ്ജമാക്കിയ ഭിന്നശേഷി സൗഹൃദ കാമ്പസ്.  56,350 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും, മഴവെള്ളം പുനരുപയോഗിക്കാൻ ഫിൽറ്റർ സംവിധാനവും സ്കിൽ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികൾ, ലാബ്, വിദ്യാർഥികൾക്കായി ലോക്കർ സൗകര്യമുള്ള ചെയിഞ്ചിങ് മുറികൾ, മീറ്റിംഗ് റൂമുകൾ, സർവർ റൂമോടുകൂടിയ ഐടി ലാബ് തുടങ്ങിയവ പാർക്കിലുണ്ട്.

ആദ്യഘട്ടമായി, തൊഴിലധിഷ്ടിത പരിശീലന പരിപാടികളായ സർട്ടിഫൈഡ് നഴ്സിംഗ് അസിസ്റ്റന്റ്, ലോജിസ്റ്റിക് മാനേജ്മെന്റിൽ അഡ്വാൻസ് ഡിപ്ലോമ കോഴ്സുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് വർക്ക് റെഡിനസ്സ് പ്രോഗ്രാമുകൾ, അസാപ്പിന്റെ കോഴ്സുകളായ ഫിറ്റ്നസ് ട്രെയിനർ, മെഡിക്കൽ കോഡിങ് ആന്റ് ബില്ലിംഗ് എന്നിവയും നടത്തും. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു അസാപിന്റെ കോഴ്സുകളും സൗജന്യമായി സ്കിൽ പാർക്കിൽ വച്ച് നടത്തും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-27 19:22:51

ലേഖനം നമ്പർ: 915

sitelisthead