തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്താൻ സാഹസിക ടൂറിസവുമായി കൈകോർത്ത് തീരദേശ ജില്ലകളിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജുകളുമായി ടൂറിസം വകുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലാണ് തീരദേശ-സാഹസിക ടൂറിസ പദ്ധതികൾ നടപ്പാക്കുന്നത്. കോഴിക്കോട് കണ്ണൂർ ജില്ലകളിൽ സ്ഥാപിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജ് വിനോദ സഞ്ചാരികൾ ഏറ്റെടുത്തതോടെ കാസറഗോഡ്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഈ വർഷം ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ സ്ഥാപിക്കും. 

ശക്തമായ സുരക്ഷയാണ് ഫ്ലോട്ടിംഗ് ബർഡ്‌ജിൽ ഒരുക്കിയിട്ടുള്ളത്. സുരക്ഷ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും കൂടാതെ ലൈഫ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനമുണ്ട്. പാലത്തിനെ, 700 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് ഉറപ്പിച്ചു നിർത്തി സുരക്ഷിതമാക്കിയിട്ടുണ്ട്. ഫൈബർ എച്ച് പി ഡി ഇ  നിർമിത പാലത്തിൽ 1400-ഓളം ഹൈ ഡെഫനീഷ്യന്‍ പ്ലാസ്റ്റിക് ബ്ലോക്കുകള്‍ ചേര്‍ത്തുറപ്പിച്ചു 100 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയോടും കൂടിയാണ് കടൽപരപ്പിന് മുകളിൽ യാത്ര ചെയ്യാനുതകുന്ന രീതിയിൽ സഞ്ചാരികൾക്കായി ബ്രിഡ്ജ്  സജ്ജീകരിച്ചിട്ടുള്ളത്. പാലത്തിന്റെ ഇരുഭാഗത്തും സ്റ്റീൽ  കൈവരികളോടെ നിർമിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയിൽ സൈറ്റ് സീയിങ് പ്ലാറ്റ്ഫോമും നിർമിച്ചിട്ടുണ്ട്. ഇതിൽനിന്നും കടലിന്റെ ആവാസ വ്യവസ്ഥയും തിരമാലകളുടെ പ്രതിഭാസങ്ങളും അനുഭവിച്ചറിയാം. 

കോഴിക്കോട് ബേപ്പൂര്‍ ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജിൽ രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രവേശനം. 100 രൂപ നിരക്കില്‍ 10-15 മിനിറ്റ് വരെ പാലത്തില്‍ ചെലവഴിക്കാം. 

കണ്ണൂർ ജില്ലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിൽ കടലിലേക്ക് 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാൻ ഉതകുന്നരീതിയിലാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 9 മുതൽ വൈകീട്ട് 6 വരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്.

5 വയസിൽ താഴെയുള്ളവർക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ലഹരി ഉപയോഗിച്ചവർക്കും പ്രവേശനം ഇല്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-30 17:36:59

ലേഖനം നമ്പർ: 929

sitelisthead