കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന് (കിറ്റ്സ്) അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ യു.എൻ ടൂറിസത്തിന്റെ അക്കാദമിക് അംഗീകാരമായ 'ടെഡ്ക്വാൾ' അക്രഡിറ്റേഷൻ ലഭിച്ചു. കേരള സർവകലാശാല അഫിലിയേഷനോടെ കിറ്റ്‌സ് നടത്തുന്ന എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിനാണ് ഈ അംഗീകാരം. ഇന്ത്യയിൽ സർക്കാർ മേഖലയിൽ യു.എൻ. ടെഡ്ക്വാൾ സർട്ടിഫിക്കേഷൻ ലഭിക്കുന്ന ഏക സ്ഥാപനമാണ് കിറ്റ്‌സ്.

2025 ഒക്ടോബർ 27 മുതൽ 31 വരെ ഓൺലൈനായി പൂർത്തിയാക്കിയ പ്രഥമ സർട്ടിഫിക്കേഷൻ ഓഡിറ്റിന് ശേഷമാണ് ഈ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. സ്ഥാപനത്തിന്റെ സ്വയം വിലയിരുത്തൽ റിപ്പോർട്ട്, കിറ്റ്സിലെ അധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, പൊതു-സ്വകാര്യ ടൂറിസം മേഖലയിലെ പ്രമുഖർ എന്നിവരുമായുള്ള വിശദമായ ഓൺലെെൻ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര സമിതി അക്രഡിറ്റേഷൻ നൽകിയത്. 2026 മേയ് 04 മുതൽ 2027 മേയ് 04 വരെയുള്ള ഒരു വർഷത്തെ കാലയളവിലേക്കാണ് സർട്ടിഫിക്കേഷൻ അനുവദിച്ചിരിക്കുന്നത്.

ടെഡ്ക്വാൾ വിലയിരുത്തലിൽ ആകെയുള്ള 845 മാർക്കിൽ 665 മാർക്ക് നേടി 78.7 വിജയശതമാനത്തോടെയാണ് പ്രോഗ്രാം അംഗീകാരം സ്വന്തമാക്കിയത്. തൊഴിൽദാതാക്കൾ, വിദ്യാർത്ഥികൾ, പാഠ്യപദ്ധതിയും ബോധനരീതിയും, അധ്യാപകർ, മാനേജ്‌മെന്റ്, ടൂറിസത്തിനായുള്ള ആഗോള ധാർമ്മിക ചട്ടം (GCET) എന്നീ ആറ് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയായിരുന്നു മൂല്യനിർണ്ണയം.

ടൂറിസം ആൻഡ്‌ ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസ മേഖലയിലെ കിറ്റ്‌സിന്റെ പ്രശസ്തി, യോഗ്യതയുള്ള അധ്യാപകർ, ശക്തമായ പൊതു-സ്വകാര്യ പങ്കാളിത്തം, ഇന്ത്യക്കകത്തും വിദേശത്തുമായി തൊഴിൽ നൽകുന്ന ക്യാമ്പസ് പ്ലേസ്‌മെന്റ്‌, പൂർവവിദ്യാർഥികളുടെ കൂട്ടായ്മ തുടങ്ങിയവ മികച്ച നേട്ടങ്ങളായി വിലയിരുത്തപ്പെട്ടു.

കേരള സർക്കാരിന്റെ ടൂറിസം വകുപ്പ് 1988-ൽ സ്ഥാപിച്ച കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (KITTS), ട്രാവൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ മികച്ച വിദ്യാഭ്യാസവും പരിശീലനവും നൽകുന്നതിൽ പ്രതിജ്ഞാബദ്ധമായ ഒരു പ്രമുഖ സ്വയംഭരണ സ്ഥാപനമാണ്. ബിസിനസ് അഡ്മിനിസ്ട്രേഷനെ പ്രത്യേക ടൂറിസം വിദ്യാഭ്യാസവുമായി സംയോജിപ്പിച്ചുകൊണ്ട് ട്രാവൽ, ടൂറിസം, സേവന മേഖലകളിൽ മാനേജ്‌മെന്റ് കഴിവുകൾ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് 2008-ൽ ആരംഭിച്ച രണ്ട് വർഷത്തെ പൂർണ്ണസമയ ബിരുദാനന്തര ബിരുദ പ്രോഗ്രാമാണ് എംബിഎ (ട്രാവൽ & ടൂറിസം). 

കിറ്റ്സ് നൽകുന്ന ടൂറിസം വിദ്യാഭ്യാസത്തിന്റെ നിലവാരത്തിനും ഗുണമേന്മയ്ക്കുമുള്ള സുപ്രധാനമായ ഒരു അന്താരാഷ്ട്ര അംഗീകാരമാണ് യുഎൻ ടൂറിസം ടെഡ്ക്വാൾ സർട്ടിഫിക്കേഷൻ. അക്കാദമിക മികവിലേക്കും ആഗോള പങ്കാളിത്തത്തിലേക്കുമുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടർച്ചയായ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണിത്.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-05 10:59:07

ലേഖനം നമ്പർ: 2105

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo