നവകേരളം കര്‍മപദ്ധതി ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് 87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി നിര്‍മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയായി പ്രവർത്തനസജ്ജമായി. കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചും ഘട്ടം ഘട്ടമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. ഇതോടെ സംസ്ഥാനത്താകെ 750 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്.

രാവിലെ 9 മുതൽ വെെകിട്ട് 6 വരെയുള്ള ഒപി സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രത്യേകത. ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികൾ, ഒ.പി. രജിസ്‌ട്രേഷൻ കൗണ്ടറുകൾ, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗികളുടെ സ്വകാര്യത ഉറപ്പ് വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികള്‍, ഇന്‍ജക്ഷൻ റൂം, ഡ്രസിംഗ് റൂം, ഒബ്‌സര്‍വേഷൻ റൂം, നഴ്‌സസ് സ്റ്റേഷൻ, ഫാര്‍മസി, ലാബ്, ലാബ് വെയിറ്റിംഗ് ഏരിയ, കാത്തിരിപ്പ് മുറികളില്‍ ബോധവത്ക്കരണത്തിനായി ടെലിവിഷന്‍, എയര്‍പോര്‍ട്ട് ചെയർ, ദിശാബോര്‍ഡുകൾ, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികള്‍ എന്നിവ ഉറപ്പാക്കുന്നു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന/സ്ത്രീ/ഭിന്നശേഷി സൗഹൃദമായാണ് നിര്‍മിക്കുന്നത്.

ആരോഗ്യ മേഖലയിൽ10,000 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി 5416 ജനകീയാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും, നഗര പ്രദേശങ്ങളില്‍ 356 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങൾ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. ആര്‍ദ്രം മിഷന്റെ ഭാഗമായി 913 ആശുപത്രികളിൽ നിര്‍മാണം പൂര്‍ത്തിയാക്കുകയും, 90 ആശുപത്രികളില്‍ നിര്‍മാണം പുരോഗമിക്കുകയും ചെയ്യുന്നു. 14 ജില്ലാ, ജനറല്‍ ആശുപത്രികളിലും 26 താലൂക്ക് ആശുപത്രികളിലും ഒപി വിഭാഗം നവീകരിച്ചു. 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ ശാക്തീകരിക്കുകയും ചെയ്തു. 

ആരോഗ്യ മേഖലയിലെ വലിയ വികസനത്തിന്റെ ഫലമായി 290 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ 9 ജില്ലാ ആശുപത്രികള്‍, 8 താലൂക്ക് ആശുപത്രികൾ, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 172 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 40 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-05-18 12:24:11

ലേഖനം നമ്പർ: 1939

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo