പണിയൻ

കേരളത്തിലെ പട്ടികവർഗ്ഗ വിഭാഗത്തിൽ സംഖ്യാപരമായി ഏറ്റവും കൂടുതലുള്ള പണിയൻ സമുദായം വയനാട് ജില്ലയിലാണ് പ്രധാനമായും വിന്യസിച്ചിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും ഇവർ കാണപ്പെടുന്നു. തമിഴ്നാടിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന പണിയൻ സമുദായം അവിടത്തെ ദുർബലരായ ആദിവാസി വിഭാഗമായി (പിവിടിജി) അംഗീകരിക്കപ്പെട്ടിരിക്കുന്നു. പദോൽപ്പത്തി അനുസരിച്ച് 'പണി' എന്നാൽ അധ്വാനം എന്നും 'പണിയൻ' എന്നാൽ 'ജോലി ചെയ്യുന്നവൻ' എന്നുമാണർത്ഥം. ഇവരുടെ വായ്മൊഴി അനുസരിച്ച് വയനാട്ടിലെ ബാണാസുര കൊടുമുടിക്ക് സമീപമുള്ള ഇപ്പിമലയിൽ സ്വതന്ത്രമായി താമസിച്ചിരുന്നു. ഇവർ ആദ്യ നൂറ്റാണ്ടുകളിലെ കർഷക കുടിയേറ്റക്കാരുടെ അടിമകളായിരുന്നു. തമിഴ് പദങ്ങൾ കലർന്ന മലയാളമാണ് ഇവരുടെ സംസാരഭാഷ. ഇത് 'പണിയഭാഷ' എന്ന് അറിയപ്പെടുന്നു.

ജന്മി നിയമിക്കുന്ന ഓരോ സെറ്റിൽമെന്റിന്റെയും തലവനെ 'കുട്ടൻ' എന്ന് വിളിക്കുന്നു. 'കോയ്മ' എന്ന ഒരു ഒരു പാരമ്പര്യ തലവന്റെ കീഴിലുള്ള ഒരു കൂട്ടം പരമ്പരാഗത മേഖലകളെ 'നാട്' എന്ന് വിളിക്കുന്നു. ഇദ്ദേഹത്തിന്റെ കീഴിൽ, 'ചെമ്മി' എന്ന് വിളിക്കപ്പെടുന്ന ഓരോ സെറ്റിൽമെന്റിന്റെയും യഥാർത്ഥ തലവൻ ഉണ്ടായിരിക്കും. അദ്ദേഹത്തെ 'കരയ്മ' എന്നറിയപ്പെടുന്ന സന്ദേശവാഹകർ സഹായിക്കുന്നു.

അതാത് ഭൂവുടമകളുടെ അടിമകളായി കണക്കാക്കപ്പെട്ടിരുന്ന പണിയന്മാർ, അടിമവേലയുടെ ഇരകളായിരുന്നു. മാനന്തവാടിക്കടുത്തുള്ള വള്ളിയൂർക്കാവ് ഉത്സവത്തോടനുബന്ധിച്ചാണ് അടിമവേലയ്ക്കുള്ള കരാർ ജന്മി വർഷം തോറും പുതുക്കുന്നത്. ഇതിനായി ജന്മി 'നിപ്പു പണം' എന്ന പേരിൽ മുൻകൂർ പണം നൽകുന്നു. ഏത് കഠിനമായ ശാരീരിക അദ്ധ്വാനവും ചെയ്യാൻ കഴിയുന്ന ഉറപ്പുള്ള ശരീരമാണ് പണിയന്മാരുടേത്. ഇവർ മികച്ച ഉഴവുകാരാണ്. 1976 മുതൽ കരാർ തൊഴിൽ സമ്പ്രദായം നിർത്തലാക്കിയതോടെ ഇവർ സ്വതന്ത്രരായി. എങ്കിലും ഇപ്പോഴും ഇവർ കാർഷിക തൊഴിലാളികളായും അല്ലെങ്കിൽ മറ്റേതെങ്കിലും കൈവേല തൊഴിലാളികളായും ജീവിക്കുന്നു. ജോലിക്കായി ഇവർ കൂർഗിലേക്കും കർണാടകയിലെ സമീപ സ്ഥലങ്ങളിലേക്കും മറ്റും കാലാനുസൃതമായി കുടിയേറുന്നു. സ്വാതന്ത്ര്യാനന്തര പുനരധിവാസ സമയത്ത് ഭൂരഹിതർക്ക് ഭൂമി പോലുള്ള നടപടികൾ ഏതാനും കുടുംബങ്ങളെ സഹായിച്ചപ്പോൾ അവരിൽ ഭൂരിഭാഗവും താഴ്ന്ന ജീവിതമാണ് ഇപ്പോഴും നയിക്കുന്നത്. ഇവരുടെ മനുഷ്യ മൂലധനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു സമഗ്ര വികസന പാക്കേജ് 'ഊരുകൂട്ടങ്ങ'ളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടത് ആവശ്യമാണ്.

പട്ടികവർഗ വിഭാഗത്തിലെ ഏറ്റവും വലിയ സമൂഹമാണ് പണിയന്മാർ. എന്നാൽ അവരാണ് സംസ്ഥാനത്തെ പട്ടികവർഗ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ ദരിദ്രരും പിന്നോക്കം നിൽക്കുന്നവരും. ഏകദേശം 74.49 ശതമാനം പണിയൻ ജനസംഖ്യ വയനാട് ജില്ലയിലും ബാക്കി കണ്ണൂരിലും (13.55%), മലപ്പുറത്തും (8.10%), കോഴിക്കോടുമായി (3.07%) വിന്യസിച്ചിരിക്കുന്നു. പാലക്കാട് ജില്ലയിലും പണിയൻ സമുദായത്തിന്റെ പ്രാതിനിധ്യം (0.79%) ഉണ്ട്. പണിയ സമൂഹത്തിന്റെ ഓരോ കുടുംബം വീതം തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കണ്ടെത്തിയിട്ടുണ്ട്. പണിയൻ സമുദായത്തിൽപ്പെട്ട 21605 കുടുംബങ്ങൾ ഉണ്ട്. മൊത്ത ജനസംഖ്യ 92,787 ആണ്. ഇവർ സംസ്ഥാനത്തെ പട്ടികവർഗക്കാരുടെ 21.77 ശതമാനമാണ്. ജനസംഖ്യയിൽ 45112 പുരുഷന്മാരും 47675 സ്ത്രീകളും ഉൾപ്പെടുന്നു. കുടുംബ വലുപ്പം 4.29 ആണ്. ലിംഗാനുപാതം 1000 : 1057 ഉം. ഇവ രണ്ടും ഈ സമൂഹത്തിന്റെ ജനസംഖ്യാപരമായ വളർച്ചയുടെ മികച്ച പ്രതീകങ്ങളാണ്.

സംസ്ഥാനത്തെ 82 ഗ്രാമപഞ്ചായത്തുകളിലും 3 മുനിസിപ്പാലിറ്റികളിലും പണിയൻ ജനസംഖ്യയുണ്ട്. നഗര പരിധിയിൽ, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ പണിയൻ ജനസംഖ്യ 2266 ആണ്. നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ 555 ഉം ആണ്. എന്നാൽ കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിൽ പണിയൻ ജനസംഖ്യ 16 മാത്രമാണ്. വയനാട് ജില്ലയിൽ എല്ലാ ഗ്രാമപഞ്ചായത്തുകളിലും (25) കൽപ്പറ്റ മുനിസിപ്പാലിറ്റിയിലും പണിയൻ സമുദായത്തിന്റെ പ്രാതിനിധ്യമുണ്ട്. പണിയൻ ജനസംഖ്യയുടെ ഏകദേശം 75 ശതമാനവും വയനാട് ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ പണിയൻ സമുദായം 22 ഗ്രാമപഞ്ചായത്തുകളിലും കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലും വിന്യസിച്ചിരിക്കുന്നു. കണ്ണൂരിലെ പണിയൻ ജനസംഖ്യയുടെ ഭൂരിഭാഗവും ആറളം, മുഴക്കുന്ന് ഗ്രാമപഞ്ചായത്തുകളിലായാണ്. ചാലിയാർ, ചുങ്കത്തറ, പോത്തുകല്ല് എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് മലപ്പുറം ജില്ലയിൽ പണിയൻ സമുദായത്തിന് ഗണ്യമായ ജനസംഖ്യയുള്ളത്. മലപ്പുറത്തെ മറ്റ് 11 ഗ്രാമപഞ്ചായത്തുകളിലും കോഴിക്കോട്ടിലെ 16 ഗ്രാമപഞ്ചായത്തുകളിലുമായി പണിയൻ ജനത ചിതറിക്കിടക്കുകയാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1371

sitelisthead