കുറുമര്‍, മുളളുകുറുമന്‍, മല കുറുമന്‍

മുള്ളു കുറുമന്‍, മുല്ല കുറുമന്‍, മല കുറുമന്‍ എന്നിവയെല്ലാം മുല്ല കുറുമന്‍ എന്ന നരവംശ സമുദായത്തെ സൂചിപ്പിക്കുന്നു. പ്രധാനമായും വയനാട് ജില്ലയിലും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ സമീപ പ്രദേശങ്ങളിലുമായാണ് ഇവര്‍ വിന്യസിച്ചിരിക്കുന്നത്. വയനാട്ടിലെ തദ്ദേശവാസികളും ആദ്യം ഭരിച്ചിരുന്ന വേദരാജാക്കന്മാരുടെ പിന്‍ഗാമികളുമാണ് ഇവരെന്ന് വിശ്വസിക്കപ്പെടുന്നു. പഴയ തലമുറ അവരുടേതായ ഭാഷ സംസാരിക്കുന്നു. എന്നാല്‍ പുതിയ തലമുറ മലയാളത്തിലേക്ക് മാറിയിട്ടുണ്ട്.

മുല്ല കുറുമന്‍മാര്‍ വസിക്കുന്ന പ്രദേശങ്ങള്‍ അറിയപ്പെടുന്നത് 'കുടി' എന്നാണ്. ഓരോ പ്രദേശങ്ങള്‍ക്കും പരമ്പരാഗത സാമൂഹിക ഘടനയെ നിയന്ത്രിക്കുന്ന 'പൊരുന്നവന്‍' ഉണ്ടായിരിക്കും. അദ്ദേഹത്തെ 'പൊരാതവനും' മറ്റുള്ള ആളുകളും സഹായിക്കുന്നു. അടുത്തടുത്തുള്ള ഒരു കൂട്ടം സെറ്റില്‍മെന്റുകള്‍ നിയന്ത്രിക്കുന്നത് ഒരൊറ്റ തലവനും എല്ലാറ്റിനുമുപരിയായി 'നാടുകര്‍ണവന്‍' എന്ന ഒരു പ്രധാന തലവനും ഉണ്ടായിരിക്കും. അവരുടെ പരമ്പരാഗത രാഷ്ട്രീയ ഘടന വളരെ ശക്തമായിരുന്നു. അവര്‍ക്ക് ഉറപ്പുള്ള കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നുവെന്ന് തെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

മുല്ല കുറുമന്മാര്‍ സ്ഥിരതാമസമാക്കിയ കര്‍ഷകരാണ്. പ്രധാന വിള നെല്ലും പ്രധാന ഭക്ഷണം അരിയുമാണ്. അവര്‍ കന്നുകാലികളെ വളര്‍ത്തുകയും ചെയ്യുന്നു. അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായ വേട്ടയാടലിലും അവര്‍ വിദഗ്ധരായിരുന്നു. കുറുമര്‍ സമുദായം 6 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. എന്നിരുന്നാലും, അവരുടെ ജനസംഖ്യയുടെ 98.18 ശതമാനവും വയനാട് ജില്ലയിലാണ്. കുറുമര്‍ സമുദായത്തില്‍പ്പെട്ട 5252 കുടുംബങ്ങളുണ്ട്. ജനസംഖ്യയില്‍ 10625 പുരുഷന്മാരും 10750 സ്ത്രീകളും ഉള്‍പ്പെടുന്നു. ആകെ ജനസംഖ്യ 21375 ഉം ആണ്. സംസ്ഥാനത്തെ ആകെ പട്ടികവര്‍ഗ വിഭാഗത്തിന്റെ 5.01 ശതമാനമാണ് ഇവര്‍. കുടുംബത്തിന്റെ വലുപ്പം 4.06 ഉം ലിംഗാനുപാതം 1000 : 1012 ഉം ആണ്.

32 ഗ്രാമപഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റികളിലുമായി കുറുമര്‍ സമുദായം വിഭജിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ വയനാട്ടിലെ 8 ഗ്രാമപഞ്ചായത്തുകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു- മീനങ്ങാടി (4010), നൂല്‍പ്പുഴ (3765), നെന്മേനി (2741), പൂതാടി (2639), അമ്പലവയല്‍ (1494), പുല്‍പ്പള്ളി (1345), കണിയാമ്പറ്റ (1196), സുല്‍ത്താന്‍ബത്തേരി (1494).

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1360

sitelisthead