മന്നാൻ

തമിഴ്‌നാട്ടിലെ മധുരയിൽ നിന്നാണ് മന്നാൻ സമുദായം ഇടുക്കിയിലേക്ക് കുടിയേറിയതെന്ന് കരുതപ്പെടുന്നു. തമിഴും മലയാളവും കലർന്നതാണ് ഇവരുടെ ഭാഷ. കേരളത്തിലെ പട്ടികവർഗ സമുദായങ്ങളിൽ രാജാവിന്റെ നേതൃത്വത്തിലുള്ള ഏക സമുദായമാണ് ഇത്. ഇദ്ദേഹത്തെ 'കോഴിമല രാജ മന്നാൻ' എന്നു വിളിക്കുന്നു. ഇവരുടെ സമൂഹത്തിലെ അന്തിമ വാക്ക് കോഴിമല രാജ മന്നാന്റേതാണ്. രാജ മന്നാന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു മന്ത്രി ഉണ്ട്. ഓരോ സെറ്റിൽമെന്റിനും 'കണിക്കാരൻ' എന്നറിയപ്പെടുന്ന ഒരു തലവൻ ഉണ്ട്. പണ്ട് പൂഞ്ഞാർ രാജാവ് മന്നാൻ സമുദായത്തിന് ചില പ്രത്യേക അധികാരങ്ങൾ നൽകിയിരുന്നു. അധികാരപരിധി കൈകാര്യം ചെയ്യുന്നതിനും നികുതി പിരിക്കുന്നതിനുമുള്ള ഏജന്റുമാരായി പ്രവർത്തിക്കുന്നതും ഇക്കൂട്ടരായിരുന്നു.

നേരത്തെ നാടോടികളായ കർഷകരായിരുന്ന ഇവർ പല പല കൃഷികൾ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അവർ വിദഗ്ദ്ധരായ സ്ഥിര കർഷകർ ആയിട്ടുണ്ട്. ലഭ്യമായിടങ്ങളിൽ നിന്നുള്ള തടി ഇതര വന ഉൽപന്നങ്ങളുടെ ശേഖരണത്തിലൂടെ അവർ തങ്ങളുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. പരിസ്ഥിതി വികസന സമിതികളുടെയും വനസംരക്ഷണ സമിതികളുടെയും കീഴിലുള്ള പ്രവർത്തനങ്ങളുമായി ഇവർ ബന്ധപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസപരമായി ഇവർ വളരെ പിന്നോക്കമാണ്. അതിനാൽ ഇവരുടെ നിലനിൽപ്പിന്, മാനവവിഭവശേഷി വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

മന്നാൻ സമുദായത്തിലെ 97 ശതമാനവും (9064 പേർ) ഇടുക്കി ജില്ലയിലെ നിവാസികളാണ്. എന്നിരുന്നാലും, അവരിൽ 173 പേർ എറണാകുളം ജില്ലയിലും 103 പേർ തൃശൂർ ജില്ലയിലും 5 പേർ തിരുവനന്തപുരം ജില്ലയിലും പ്രാതിനിധ്യം ഉറപ്പിക്കുന്നു. 4588 പുരുഷന്മാരും 4757 സ്ത്രീകളും അടങ്ങുന്ന 9345 ജനസംഖ്യയുള്ള മന്നാൻ വിഭാഗത്തിൽ 2511 കുടുംബങ്ങൾ ഉണ്ട്. 1000:1037 എന്ന ലിംഗാനുപാതത്തിൽ അവരുടെ കുടുംബ വലുപ്പം 3.72 ആണ്. ഇവ രണ്ടും ജനസംഖ്യാപരമായി പോസിറ്റീവ് സൂചകങ്ങളാണ്.

ഇടുക്കി ജില്ലയിലെ 24 ഗ്രാമപഞ്ചായത്തുകളിലും തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ഓരോ ഗ്രാമപഞ്ചായത്തുകളിലുമായി മൊത്തം 27 ഗ്രാമപഞ്ചായത്തുകളിൽ മന്നാൻ സമുദായം വിന്യസിച്ചിരിക്കുന്നു. ഇടുക്കി ജില്ലയിലെ അടിമാലി ഗ്രാമപഞ്ചായത്തിലാണ് മന്നാൻ സമുദായത്തിന്റെ 33 ശതമാനം കേന്ദ്രീകരിച്ചിരിക്കുന്നത്. മാങ്കുളം, ഉടുമ്പൻചോല, വാഴത്തോപ്പ്, കാഞ്ചിയാർ, കുമളി എന്നിവയാണ് ഇടുക്കി ജില്ലയിലെ മന്നാൻ സമുദായത്തിന്റെ ഗണ്യമായ ജനസംഖ്യയുള്ള മറ്റ് ഗ്രാമപഞ്ചായത്തുകൾ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1367

sitelisthead