കുറിച്ച്യന്‍, കുറിച്ചിയന്‍

കുറിച്യന്മാരെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു- വയനാട്ടിലെ 'ജാതി' കുറിച്യന്മാര്‍, 'കണ്ണൂരിലെ കുന്നം' കുറിച്യന്മാര്‍, തിരുനെല്ലിയിലെ 'അഞ്ചില്ല' കുറിച്യന്മാര്‍, പിന്നെ 1908-10 കാലഘട്ടത്തില്‍ ക്രിസ്തുമതം സ്വീകരിച്ച'പാതിരി' (പുരോഹിതന്‍) കുറിച്യന്മാര്‍. അവര്‍ വടക്കേ മലബാര്‍ മലയാളമാണ് സംസാരിക്കുന്നത്. പക്ഷേ മുതിര്‍ന്നവര്‍ ഇപ്പോഴും അവരുടെ സ്വന്തം ഭാഷയില്‍ സംസാരിക്കുന്നുണ്ട്.

കുറിച്ചിയന്‍ നേതാവായിരുന്ന തലക്കല്‍ ചന്തു 1802-നും 1805-നും ഇടയില്‍ പഴശ്ശിരാജയ്ക്കൊപ്പം അമ്പും വില്ലും ഉപയോഗിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ചരിത്രമുണ്ട്. 1812-ലെ കുറിച്ചിയ കലാപം, ബ്രിട്ടീഷുകാരുടെ നയങ്ങള്‍ക്കെതിരെ ധീരമായി പോരാടാന്‍ അവര്‍ എങ്ങനെ സംഘടിതരായിയെന്ന് കാണിച്ചു.

വയനാട്ടിലെ കുറിച്യന്മാര്‍ 'മിറ്റം' എന്നറിയപ്പെടുന്ന കൂട്ടുകുടുംബ സമ്പ്രദായമാണ് പിന്തുടരുന്നത്. അതില്‍ 30 മുതല്‍ 100 വരെ അംഗങ്ങളോ അതില്‍ക്കൂടുതലോ അടങ്ങുന്നു. ഒരു മിറ്റത്തിലെ മൂത്ത പുരുഷനെ 'പൂപ്പനെ'ന്നും ഭാര്യയെ 'പൂപ്പതി' എന്നും വിളിക്കുന്നു. അവരുടെ പ്രാദേശിക തലവനെ 'നാട് മൂപ്പന്‍' എന്ന് വിളിക്കുന്നു. അവര്‍ ഇപ്പോഴും സാമ്പ്രദായിക ആചാരങ്ങളും നിയമങ്ങളും പാലിക്കുന്നു. അതേസമയം യുവതലമുറ അണുകുടുംബങ്ങള്‍ ഉണ്ടാക്കാനുള്ള പ്രവണത കാണിക്കുന്നുണ്ട്.

കേരളത്തിലെ പട്ടികവര്‍ഗ വിഭാഗങ്ങളില്‍ ഏറ്റവും മികച്ച നെല്‍കര്‍ഷകരായാണ് കുറിച്ചിയന്‍മാരെ വിലയിരുത്തുന്നത്. അവര്‍ പലതരം നെല്ലുകള്‍ കൃഷി ചെയ്യുന്നു. റാഗി, കാപ്പി, കുരുമുളക്, അടയ്ക്ക എന്നിവയുടെ കൃഷിയും ഇവര്‍ ചെയ്തുവരുന്നു. പ്രായഭേദമന്യേ മിക്കവാറും എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളിലും സ്ത്രീകളും പുരുഷന്മാരും പങ്കെടുക്കുന്നു. ചില രോഗങ്ങള്‍ സുഖപ്പെടുത്താന്‍ വേണ്ടുന്ന ഔഷധ സസ്യങ്ങളെ തിരിച്ചറിയുന്നതില്‍ അവര്‍ക്ക് വിദഗ്ദ്ധ പരിജ്ഞാനമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വര്‍ഷം തോറും സംഘടിപ്പിക്കുന്ന പ്രസിദ്ധമായ തലക്കല്‍ ചന്തു സ്മാരക അമ്പെയ്ത്ത് മത്സരത്തിലൂടെ അമ്പുകളുടെയും വില്ലുകളുടെയും പരമ്പരാഗത ഉപയോഗം അനുസ്മരിക്കപ്പെടുന്നു.

പട്ടികവര്‍ഗ വിഭാഗങ്ങളിലെ രണ്ടാമത്തെ വലിയ സമൂഹമാണ് 8362 കുടുംബങ്ങളുള്ള കുറിച്യന്മാര്‍. 35909 ആണ് ജനസംഖ്യ. കേരളത്തിലെ പട്ടികവര്‍ഗ്ഗ ജനസംഖ്യയുടെ 8.43 ശതമാനമാണ് ഇവര്‍. അവരുടെ കുടുംബ വലുപ്പം 4.29 ആണ്, ഇത് സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണ്. മൊത്ത ജനസംഖ്യയില്‍ 18,129 പുരുഷന്മാരും 17,780 സ്ത്രീകളും ഉള്‍പ്പെടുന്നു. ലിംഗ അനുപാതം 1000 : 981 ഉം ആണ്. ലിംഗാനുപാതം സംസ്ഥാന ശരാശരിയേക്കാള്‍ വളരെ താഴെയാണ്.

വയനാട്, കണ്ണൂര്‍, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലാണ് 99.96 ശതമാനം കുറിച്യന്മാരും കേന്ദ്രീകരിച്ചിരിക്കുന്നത്. കുറിച്യന്‍ സമൂഹത്തിലെ മൊത്തം ജനസംഖ്യയുടെ 0.04 ശതമാനം മാത്രമാണ് എറണാകുളത്തുള്ളത്. 49 ഗ്രാമപഞ്ചായത്തുകളിലും 3 മുനിസിപ്പാലിറ്റികളിലുമാണ് കുറിച്യന്മാര്‍ സ്ഥിരതാമസമാക്കിയിരിക്കുന്നത്. തവിഞ്ഞാല്‍, തൊണ്ടര്‍നാട്, കോട്ടത്തറ, പനമരം, വെള്ളമുണ്ട, മാനന്തവാടി, എടവക, തിരുനെല്ലി എന്നിവയാണ് കുറിച്യരുടെ ഗണ്യമായ ജനസംഖ്യയുള്ള വയനാട് ജില്ലയിലെ 8 ഗ്രാമപഞ്ചായത്തുകള്‍. കണ്ണൂര്‍ ജില്ലയില്‍ കോളയാട്, പട്ടയം, കണിച്ചാര്‍ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലാണ് കുറിച്യന്മാരുടെ ഗണ്യമായ ജനസംഖ്യയുള്ളത്. മറ്റ് 38 ഗ്രാമപഞ്ചായത്തുകളിലും 3 മുനിസിപ്പാലിറ്റികളിലും കുറിച്ചിയന്‍ ജനസംഖ്യ വളരെ കുറവാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1359

sitelisthead