ഇരുളര്‍, ഇരുളന്‍

ഇരുളര്‍ സമുദായം പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിലാണ് പ്രധാനമായും വ്യാപിച്ചുകിടക്കുന്നത്. തമിഴ്‌നാട്ടിലും ഇവര്‍ കാണപ്പെടുന്നു. അവര്‍ക്ക് അവരുടേതായ ഒരു ഭാഷയുണ്ട്. തമിഴിനോട് കൂടുതല്‍ അടുപ്പമുള്ള 'ഇരുള ഭാഷ'യാണത്. അവരുടെ പരമ്പരാഗത സാമൂഹിക ഘടന 'ഊരൂമൂപ്പന്‍' (മുഖ്യന്‍),'ഭണ്ഡാരി' (ട്രഷറര്‍), 'കുരുത്തല' (തലവന്റെ സഹായി), 'മണ്ണുക്കാരന്‍' (മണ്ണ് വിദഗ്ദ്ധന്‍), 'മരുന്നുകാരന്‍' (രോഗശാന്തി) എന്നിങ്ങനെ വിവിധ സ്ഥാനങ്ങളാല്‍ സമ്പന്നമാണ്. ഈ സ്ഥാനങ്ങള്‍ പാരമ്പര്യമാണ്. അനന്തരാവകാശം മകനാണ്. ഈ പരമ്പരാഗത സ്ഥാപനങ്ങള്‍ ഇരുളര്‍ സമൂഹത്തിന്റെ നിയന്ത്രണ സംവിധാനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

നേരത്തെ ഇരുളര്‍ വേട്ടക്കാരും സ്ഥിരതയില്ലാത്ത കൃഷിക്കാരുമായിരുന്നു. ഇപ്പോള്‍ അവര്‍ സ്ഥിരതാമസത്തോടെ കൃഷി ചെയ്യുന്ന വിദഗ്ധ കാര്‍ഷിക തൊഴിലാളികളായി തീര്‍ന്നു. അട്ടപ്പാടിയുടെ പ്രധാന പ്രദേശങ്ങളെല്ലാം മഴനിഴല്‍ മേഖലയാണ്. അതിനാല്‍ അവര്‍ വളര്‍ത്തുന്ന പ്രധാന വിളകള്‍ 'റാഗി', 'ചാമ', 'തിന', 'ചോളം', 'തുവര', 'കടല' മുതലായവയാണ്. കൃഷിയാവശ്യങ്ങള്‍ക്കായി അവര്‍ തങ്ങളുടെ ഗ്രാമത്തില്‍ നിന്ന് മാറി താത്കാലിക കുടിലുകള്‍ പണിത് ജീവിക്കാറുണ്ട്. ഇരുളര്‍ സമൂഹത്തിന് അവരുടെ വനത്തെക്കുറിച്ചും, കൃഷിയെക്കുറിച്ചും, വികാരങ്ങളെക്കുറിച്ചും പറയുന്ന ആകര്‍ഷകമായ പാട്ടുകളും നൃത്തങ്ങളും ഉണ്ട്.

സ്ത്രീകള്‍ക്ക് മാത്രമായിയുള്ള 'തൈകുല സംഘം', അട്ടപ്പാടി ഹില്‍സ് ഏരിയ ഡവലപ്മെന്റ് സൊസൈറ്റിയുടെ ഊരുവികസന സമിതി എന്നിവയിലൂടെ ഇരുളര്‍ വിഭാഗത്തെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള ഗോത്രവര്‍ഗക്കാരല്ലാത്തവരുടെ കടന്നുകയറ്റം ഇവരുടെ ഉപജീവനമാര്‍ഗത്തെ സാരമായി ബാധിച്ചു.

സാങ്കേതികമായി, ഇരുളര്‍ സമുദായത്തിന് പാലക്കാട്, തിരുവനന്തപുരം, ഇടുക്കി, മലപ്പുറം എന്നീ നാല് ജില്ലകളില്‍ പ്രാതിനിധ്യമുണ്ട്. 7617 കുടുംബങ്ങളാണ് ഇരുളറിലുള്ളത്. ഇതില്‍ 7614 പേര്‍ പാലക്കാട് ജില്ലയിലും ബാക്കി ഓരോന്നും മറ്റ് മൂന്ന് ജില്ലകളിലുമായിയാണ്. ഇരുളര്‍ സമുദായത്തിന്റെ കുടുംബ വലുപ്പം 3.48 ആണ്.

ഇരുളര്‍ ജനസംഖ്യ 26,525 ആണ്. കേരളത്തിലെ ഏറ്റവും വലിയ പട്ടികവര്‍ഗ്ഗ സമുദായത്തില്‍ അഞ്ചാം സ്ഥാനമാണിവര്‍ക്ക്. പട്ടികജാതിക്കാരുടെ 6.22 ശതമാനമാണ് ഇവര്‍. അട്ടപ്പാടി മേഖലയിലെ 3 ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പാലക്കാട് ജില്ലയിലെ 10 ഗ്രാമപഞ്ചായത്തുകളിലായാണ് ഇവര്‍ സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഇരുളറിന്റെ ഏകദേശം 95.20 ശതമാനം അട്ടപ്പാടിയിലെ അഗളി (9474), ഷോളയൂര്‍ (9076), പുതൂര്‍ (6703) ഗ്രാമപഞ്ചായത്തുകളിലാണ് സ്ഥിതി ചെയ്യുന്നത്. പുതുശ്ശേരി (907), മലമ്പുഴ (245) എന്നിവയാണ് ഇരുളര്‍ സമുദായത്തിന്റെ ഗണ്യമായ ജനസംഖ്യയുള്ള മറ്റ് രണ്ട് ഗ്രാമപഞ്ചായത്തുകള്‍. ഇരുളര്‍ സമുദായത്തിന്റെ ജനസംഖ്യ 13163 പുരുഷന്മാരും 13362 സ്ത്രീകളും അടങ്ങുന്നതാണ്. ലിംഗാനുപാതം 1000 : 1015 ആണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1355

sitelisthead