ഇരവാലന്‍

അമ്പും വില്ലും ഉപയോഗിക്കുന്ന വേട്ടക്കാര്‍ എന്നര്‍ത്ഥത്തില്‍ പണ്ടുകാലത്ത് വില്ലുവേടന്‍ എന്നറിയപ്പെട്ടിരുന്നവരാണ് ഇരവാലന്‍ സമൂഹം. ആദ്യകാല ദ്രാവിഡ ഭാഷയനുസരിച്ച് 'ഇരവാന്‍' എന്നത് കാര്‍ഷിക സേവകരുമായി ബന്ധപ്പെട്ടതാണ്. സമുദായത്തിനുള്ളില്‍ അവര്‍ തമിഴിന്റെ പ്രാകൃത ഭാഷയാണ് സംസാരിക്കുന്നതെങ്കിലും മറ്റുള്ളവരോട് മലയാളം സംസാരിക്കാന്‍ കഴിയും.

സമുദായത്തിന്റെ തലവന്‍ 'തലൈവാന്‍' എന്നറിയപ്പെടുന്നു. എന്നാല്‍ കാലക്രമേണ തലവന്റെ പ്രസക്തി നഷ്ടമാകുകയും അതിന്റെ ഫലമായി 'പൂജാരി' (പുരോഹിതന്‍) കര്‍മങ്ങള്‍ നിര്‍വഹിക്കാനും തുടങ്ങി. പ്രദേശത്തെ ഭൂവുടമകളുമായി ബന്ധപ്പെട്ട ഭൂരഹിതരായ കര്‍ഷക തൊഴിലാളികളാണ് ഇരവാലന്മാര്‍. വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിനായി ഉണങ്ങിയ നിലങ്ങള്‍ ഉഴുതുമറിക്കുന്നതില്‍ വിദഗ്ധരാണ് ഇവര്‍.

ഇരവാലന്‍ സമുദായത്തില്‍പ്പെട്ട 1255 കുടുംബങ്ങളെയാണ് സര്‍വേയില്‍ കണ്ടെത്തിയത്. സമുദായത്തില്‍ 2210 പുരുഷന്മാരും 2208 സ്ത്രീകളുമുണ്ട്, അവരുടെ ജനസംഖ്യ 4418 ആണെന്ന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ കൂടുതലായതിനാല്‍ ലിംഗാനുപാതം 1000 : 999 ആണ്. ഇത് സംസ്ഥാന ശരാശരിയായ 1000 : 1031 നേക്കാള്‍ വളരെ താഴെയാണ്. കുടുംബത്തിന്റെ വലിപ്പം 3.52 ആണ്.

പാലക്കാട് ജില്ലയിലെ 7 ഗ്രാമപഞ്ചായത്തുകളിലായി ഇരവാലന്‍ സമുദായത്തിലെ 1254 കുടുംബങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. 7 ഗ്രാമപഞ്ചായത്തുകളിലെ ആകെ ജനസംഖ്യ 4412 ആണ്. ഭൂരിപക്ഷവും മുതലമട (2159), പെരുമാട്ടി (1497), കൊഴിഞ്ഞാമ്പാറ (465) ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. മറ്റുള്ളവര്‍ പട്ടഞ്ചേരി, നല്ലേപ്പിള്ളി, എരുത്തിയാമ്പതി, എലവഞ്ചേരി ഗ്രാമപഞ്ചായത്തുകളിലായും ജീവിക്കുന്നു. ഏതാണ്ട് 49 ശതമാനം ഇരവാലന്‍ കുടുംബങ്ങളും മുതലമട ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഇരവാലന്‍ സമുദായത്തിലെ ആറ് അംഗങ്ങളുള്ള ഒരു കുടുംബത്തെ കോട്ടയം ജില്ലയിലെ മേലുകാവ് ഗ്രാമപഞ്ചായത്തിലും കണ്ടെത്തിയിട്ടുണ്ട്.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1353

sitelisthead