കുടിയ, മേലക്കുടി

കുടിയ മേലക്കുടി സമുദായങ്ങള്‍ കാസര്‍ഗോഡ് ജില്ലയിലും ദക്ഷിണ കര്‍ണാടകയിലും മാത്രമാണ് കാണപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ കുടിയ എന്നും ഉയര്‍ന്ന പ്രദേശക്കാരെ മേലക്കുടി എന്നും വിളിക്കുന്നു. അവര്‍ തുളു ഭാഷ സംസാരിക്കുന്നു. മുതിര്‍ന്നവരുടെ ഒരു ജാതി സഭ അവര്‍ക്കിടയില്‍ നിലനിന്നിരുന്നു. ജാതി നിയമങ്ങളുടെ ലംഘനത്തില്‍ ഇടപെടുന്ന അവരുടെ തലവനെ 'ഗുരികാര' അല്ലെങ്കില്‍ 'മലെമുടിയ' എന്നുവിളിക്കുന്നു. മതപരമായ ചടങ്ങുകള്‍ 'പുരോഹിത്' (പുരോഹിതന്‍) നിര്‍വഹിക്കുന്നു.

പരമ്പരാഗതമായി, അവര്‍ വേട്ടക്കാരായിരുന്നു. എന്നാല്‍ കാലക്രമേണ അവര്‍ കര്‍ഷകരായി മാറി. പന്നി, കോഴി, കന്നുകാലി വളര്‍ത്തല്‍, കാര്‍ഷികവൃത്തി എന്നിവയിലൂടെയാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. അതുപോലെ അവര്‍ കൊട്ടകളും ഉണ്ടാക്കുന്നു. 911 ജനസംഖ്യയുള്ള ഒരു സമൂഹം എന്ന നിലയില്‍ അവരുടെ വികസന പദ്ധതികള്‍ കുടുംബ കേന്ദ്രീകൃതമാകേണ്ടതാണ്. എന്നാല്‍ വിദൂര പ്രദേശങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് അവരുടെ മൊത്തത്തിലുള്ള വികസനത്തിന് മതിയായ അടിസ്ഥാന സൗകര്യമില്ല.

കാസര്‍ഗോഡ് ജില്ലയില്‍ മാത്രമാണ് കുടിയ സമുദായത്തെ കാണുന്നത്. ആകെ 195 കുടുംബങ്ങളുണ്ട്. മൊത്തം ജനസംഖ്യയില്‍ 458 പുരുഷന്മാരും 453 സ്ത്രീകളും ഉള്‍പ്പെടുന്നു. കുടിയ സമുദായത്തിന്റെ കുടുംബ വലുപ്പം 4.67 ആണ്. ലിംഗാനുപാതം 1000 : 989 ഉം ആണ്. കുടിയ സമുദായം 7 ഗ്രാമപഞ്ചായത്തുകളിലായി വിന്യസിച്ചിട്ടുണ്ട്. പൈവേലിക (366), പുത്തിഗെ (198), പനത്തടി (168), എണ്‍മകജെ (89), വോര്‍ക്കാടി (64), മീഞ്ച (13), ബേലൂര്‍ (13) എന്നിവയാണവ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1358

sitelisthead